2026 (കൊല്ലവർഷം 1201) വിഷു സംക്രമം:
2026 ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് ഇത്തവണത്തെ സംക്രമം സംഭവിക്കുന്നത്. കുംഭക്കൂറിൽ ചതയം നക്ഷത്രവും കൃഷ്ണപക്ഷ ദ്വാദശി തിഥിയും സുരഭി കരണവും ശുഭ്ര നാമ നിത്യയോഗവും ഭൂമി ഭൂതോദയവും ഒത്തുചേരുന്ന അതിവിശേഷമായ ഒരു മുഹൂർത്തത്തിലാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നത്. ഈ പുണ്യവേള ലോകഗതിയിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളുടെ സൂചനകളാണ് നൽകുന്നത്.
ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ പരിവർത്തനങ്ങളുടെ ഒരു വർഷമാണിത്. സകല സാധനങ്ങൾക്കും വില കൂടുന്ന അവസ്ഥ ഉണ്ടാവും. കോടീശ്വരൻ ദരിദ്രനും ദരിദ്രൻ കോടീശ്വരൻ ആകുന്ന അവസ്ഥ സംജാതമാകും. സാമ്പത്തിക രംഗത്ത് അപ്രതീക്ഷിതമായ കയറ്റിറക്കങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നിക്ഷേപങ്ങളിലും മറ്റും പ്രത്യേക ജാഗ്രത ആവശ്യമാണ്.
സംക്രമം ചൊവ്വാഴ്ച ദിവസമായതിനാൽ ചോര ഭയം, അഗ്നിബാധ, ഭരണാധികാരിക്ക് നാശം, ഭരണകൂടങ്ങൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ, പ്രകൃതിക്ഷോഭങ്ങൾ, ഭക്ഷ്യ ക്ഷാമം, കലഹവും ദുർ മരണവും എന്നിവയ്ക്ക് ഗ്രഹനില സാധ്യത കൽപ്പിക്കുന്നുണ്ട്. കോവിഡിന് ശേഷം ജനങ്ങളിൽ വീണ്ടും പുതിയ വൈറസ് വരാം. എന്നാൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ഭരണനേതൃത്വത്തിന് കീഴിൽ രാജ്യം വലിയ അഭിവൃദ്ധി പ്രാപിക്കുന്ന കാലമാണിത്. ജനങ്ങളിൽ വർഗീയത വർദ്ധിക്കുകയും പരസ്പരം കലഹം ഉണ്ടാവുകയും ചെയ്യും. ഭരണാധികാരികൾ പരസ്പരം യുദ്ധം പ്രഖ്യാപിച്ചേക്കുകയും ലോക നാശവും ഫലം. അയൽ രാജ്യം തമ്മിൽ വീണ്ടും പ്രശ്‌നം ഉണ്ടാവും.എന്നാൽ ശക്തനായ ഭരണാധികാരി മൂലം ഭാരതത്തിന് അഭിവൃദ്ധി സുനിശ്ചിതം.
രാഷ്ട്രീയത്തിൽ ഉള്ളവർക്ക് അപ്രതീക്ഷിത വിജയവും പരാജിതവും അനുഭവിക്കേണ്ടി വരും. ഭാരതത്തിന്റെ പ്രധാന സേവകന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. രാഷ്ട്രീയം, കല, സാഹിത്യ മേഖലയിലെ മിന്നും താരങ്ങൾ കാല യവനികയിൽ മറഞ്ഞേക്കാം. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ ചില പ്രമുഖ വ്യക്തിത്വങ്ങളുടെ വിയോഗം ഈ വർഷം മനഃക്ലേശത്തിന് കാരണമായേക്കാം. വീണ്ടും പ്രളയമോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടായേക്കാം.
നക്ഷത്രഫലങ്ങൾ പരിശോധിക്കുമ്പോൾ ഓരോ വിഭാഗത്തിനും വ്യത്യസ്തമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആദിശൂല നക്ഷത്രക്കാരായ അവിട്ടം, ചതയം, പൂരൂരുട്ടാതി ജാതകർ അനാവശ്യ ചിലവുകൾ കുറയ്ക്കാനും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാനും പ്രത്യേകം ഓർക്കണം. എന്നാൽ ഉതൃട്ടാതി മുതൽ രോഹിണി വരെയുള്ള ആദിഷഡ്ക നക്ഷത്രക്കാർക്കും, പൂയം മുതൽ അത്തം വരെയുള്ള മധ്യഷഡ്ക നക്ഷത്രക്കാർക്കും സർവ്വ കാര്യവിജയവും പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കുന്ന അനുകൂല സമയമാണ്. പദവികളും അംഗീകാരങ്ങളും തേടിയെത്തുന്ന ഈ കാലഘട്ടം ഇവർക്ക് ഐശ്വര്യപ്രദമായിരിക്കും.
മധ്യശൂല നക്ഷത്രക്കാരായ മകയിരം, തിരുവാതിര, പുണർതം ജാതകർക്ക് ബന്ധുജനങ്ങളിൽ നിന്നുള്ള വിരോധവും മനഃക്ലേശവും നേരിടാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ പ്രവർത്തിക്കേണ്ടതുണ്ട്. ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ (അന്ത്യശൂലം) വാഹനങ്ങൾ ഉപയോഗിക്കുമ്പോഴും ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത പാലിക്കണം. അതേസമയം അനിഴം മുതൽ തിരുവോണം വരെയുള്ള അന്ത്യഷഡ്ക നക്ഷത്രക്കാർക്ക് തൊഴിൽ രംഗത്തും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരപ്രാപ്തിക്കും ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രശംസയ്ക്കും ഈ കാലം വഴിയൊരുക്കും.
ഈ പ്രവചനങ്ങൾ സംക്രമ സമയത്തെ പൊതുവായ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ വ്യക്തിയുടെയും ജന്മജാതകത്തിലെ ദശാസന്ധികളും ഗോചരഫലങ്ങളും വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ കൃത്യമായ ഫലങ്ങൾ നിർണ്ണയിക്കാൻ സാധിക്കൂ. ഗ്രഹദോഷങ്ങൾ പരിഹരിക്കാനുള്ള വഴിപാടുകളും ഈശ്വരവിശ്വാസവും മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോയാൽ ഏതൊരു വെല്ലുവിളിയെയും അതിജീവിക്കാൻ നമുക്ക് സാധിക്കും. ഏവർക്കും ഐശ്വര്യപൂർണ്ണമായ ഒരു വിഷുക്കാലം ആശംസിക്കുന്നു!
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത്: ജയറാണി ഈ വി. Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)