വ്യാഴ മാറ്റം 2025
ദേവന്മാരെ അസുരന്മാരിൽ നിന്ന് രക്ഷിച്ചത് അംഗിരസ്സിന്റെ പുത്രനായ വ്യാഴ ഭഗവാന്റെ തന്ത്രങ്ങളാണ്. മനുഷ്യ ജീവിതത്തിൽ അഭിവൃദ്ധിയും ഭൗതികവും ആത്മീയവുമായ വളർച്ചയും നൽകുന്ന പ്രധാന ഗ്രഹമാണ് വ്യാഴം. തടസ്സങ്ങൾ നീക്കി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർച്ച കൈവരിക്കാൻ വ്യാഴം അനുഗ്രഹിക്കുന്നു. നവഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഈശ്വരാംശമുള്ള ഗ്രഹമായി വ്യാഴം കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ വ്യാഴത്തെ "സർവ്വേശ്വരകാരകൻ" എന്ന് വിശേഷിപ്പിക്കുന്നു, അതായത് എല്ലാ ദേവതകളെയും പ്രതിനിധീകരിക്കുന്ന ഗ്രഹം. ഭാഗ്യവും തടസ്സങ്ങൾ ഇല്ലാതാക്കുന്നതും വ്യാഴത്തിന്റെ പ്രധാന സ്വാധീനങ്ങളാണ്. വ്യാഴത്തിന്റെ അനുകൂലമായ ദൃഷ്ടി പല നല്ല ഫലങ്ങളും നൽകുന്നു, പ്രത്യേകിച്ച് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്ന വ്യക്തികൾക്ക് കീർത്തിയും ഐശ്വര്യവും സിദ്ധിക്കുന്നു.
എന്നാൽ, വ്യാഴം പ്രതികൂലമായാൽ ദോഷഫലങ്ങൾ വളരെ വലുതായിരിക്കും. ഗുരുതരമായ രോഗങ്ങൾ ഉൾപ്പെടെയുള്ള ദുരിതങ്ങൾ വരുത്താൻ വ്യാഴത്തിന് കഴിയും. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം എവിടെ സ്ഥിതി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് അവരുടെ സ്വഭാവം, വ്യക്തിത്വം, ജീവിതത്തിലെ സാധ്യതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്നവർക്ക് സമൂഹത്തിൽ പ്രശസ്തിയും ഐശ്വര്യവും നേടാൻ സാധ്യതയുണ്ട്. അതേസമയം, വ്യാഴം പ്രതികൂലമായി നിന്നാൽ ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടം, കുടുംബ കലഹങ്ങൾ തുടങ്ങിയ ദോഷങ്ങൾ ഉണ്ടാകാം. അത്തരം ജാതകമുള്ളവർ കരൾ, വൃക്ക, മേദസ്സ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾക്ക് സാധ്യതയുണ്ട്.
വ്യാഴം ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് മാറുന്നത് ചില രാശിക്കാർക്ക് ഗുണകരമാകും. കുംഭം, ഇടവം, ധനു, ചിങ്ങം, തുലാം എന്നീ രാശികളിൽ ഉള്ളവർക്ക് ഈ മാറ്റത്തിലൂടെ തൊഴിൽ വിജയം, ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ, കീർത്തി എന്നിവ പ്രതീക്ഷിക്കാം. ബുധന്റെ രാശിയിലേക്കുള്ള ഈ മാറ്റം വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് ഉന്നതി നൽകും. എന്നാൽ കലാ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അതുപോലെതന്നെ പ്രതികൂലമായ അവസ്ഥകളും നേരിടേണ്ടി വന്നേക്കാം. ഈ മാറ്റം രാജ്യത്തിനും ഗുണദോഷങ്ങൾ നൽകാൻ സാധ്യതയുണ്ട്. കേരളത്തിൽ അപ്രതീക്ഷിതമായ ആക്രമണങ്ങളോ സ്ഫോടനങ്ങളോ ഉണ്ടാകാനും രാഷ്ട്രീയ രംഗത്ത് വീണ്ടും വിവാദങ്ങൾ ഉടലെടുക്കാനും ചില സ്ഥാനചലനങ്ങൾ സംഭവിക്കാനും സാധ്യത കാണുന്നു. അതിനാൽ എല്ലാവരും ശ്രദ്ധയോടെയും ജാഗ്രതയോടെയും ഈ സമയം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വ്യാഴം മാറുന്നത് നിങ്ങളുടെ തൊഴിലിടങ്ങളിൽ മന്ദത അനുഭവപ്പെടാൻ സാധ്യതയുണ്ട്. വ്യാഴം മൂന്നാം ഭാവത്തിലേക്ക് മാറുന്നതിനാൽ അനാവശ്യമായ വാക്ക് തർക്കങ്ങളോ, നിയമപരമായ പ്രശ്നങ്ങളോ, അപമാനങ്ങളോ നേരിടേണ്ടി വന്നേക്കാം. തർക്കങ്ങൾ ഒഴിവാക്കുക, മനഃസംയമനം പാലിക്കുക എന്നത് കുറച്ചു കാലത്തേക്ക് ശീലമാക്കുക. പിതാവിന് അനുകൂലമല്ലാത്ത സമയമാണ്. കുടുംബ ബന്ധുക്കളുമായി അകൽച്ചയോ കലഹങ്ങളോ ഉണ്ടാകാം. ഉത്സാഹമില്ലായ്മ, യാത്രകളിൽ ദോഷാനുഭവങ്ങൾ, സമ്പത്തിനോ സ്വത്തിനോ നാശനഷ്ടം, മറ്റുള്ളവരിൽ നിന്നുള്ള അപമാനം, വീട് വിട്ട് നിൽക്കേണ്ട സാഹചര്യം എന്നിവയും സംഭവിക്കാം. ഏഴരശ്ശനി തുടങ്ങുന്ന കാലം കൂടിയ്കയാൽ ഇത് വെല്ലുവിളികൾ നിറഞ്ഞ ഒരു സമയമായിരിക്കാം. എന്നാൽ ഈ കാലഘട്ടത്തിൽത്തന്നെ രാഹു-കേതുക്കളുടെ രാശിമാറ്റം വരുന്നത് ശ്രദ്ധേയമാണ്. ഇത് ചിലർക്ക് ഈ വെല്ലുവിളികളെ നേരിടാനുള്ള സാമ്പത്തികമായ സഹായം നൽകിയേക്കാം. അപ്രതീക്ഷിതമായ ധനാഗമനത്തിനുള്ള സാധ്യതകളും കാണുന്നു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ ജന്മ ഗ്രഹനിലയിൽ ശനി ദുർബലമായ സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ, ഈ സമയം ഉചിതമായ ജ്യോതിഷപരമായ പരിഹാരങ്ങൾ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് ഏഴരശ്ശനിദോഷത്തിൻ്റെ കാഠിന്യം കുറയ്ക്കാനും വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും അനിവാര്യം ആണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വ്യാഴത്തിൻ്റെ രാശി മാറ്റം നിങ്ങൾക്ക് തൊഴിൽ വിജയം, സന്താന ലാഭം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ എന്നിവയ്ക്ക് സാധ്യത നൽകുന്നു. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലോ സ്ഥാനക്കയറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ വീണ്ടും ഒന്നിക്കാൻ സാധ്യതയുണ്ട്. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. എന്നാൽ ചിലർക്ക് മറ്റുള്ളവരുമായി നിയമപരമായ തർക്കങ്ങൾ ഉണ്ടാകാം. ജാതകത്തിൽ ചൊവ്വയുടെ ബലക്കുറവ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഈ സാധ്യതകളെ ശ്രദ്ധയോടെ ഉപയോഗിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വ്യാഴത്തിൻ്റെ ഈ രാശി മാറ്റം പൊതുവെ തൊഴിൽ, താമസം, സമ്പത്ത് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്ന സമയമാണ്. കൃത്യമായ പരിഹാരങ്ങൾ ചെയ്യാത്ത പക്ഷം വരുമാനത്തേക്കാൾ കൂടുതൽ ചെലവ്, സ്ഥാന നഷ്ടം, പലതരം ജോലികൾ ചെയ്യേണ്ടി വരുന്ന അവസ്ഥ, കുടുംബ ബന്ധുക്കളുമായി കലഹം, ധനനഷ്ടം, മാനഹാനി, യാത്രകൾ, ഈശ്വര വിശ്വാസക്കുറവ്, ശത്രു ഭയം എന്നിവ ഉണ്ടാകാം. മിടുക്കരായ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പോലും പരീക്ഷകളിൽ വിജയം നേരിടാൻ വളരെ പരിശ്രമിക്കേണ്ടി വന്നേക്കാം. ഈ വെല്ലുവിളികളെ മറികടക്കാൻ ശ്രദ്ധയും മുൻകരുതലുകളും സ്വീകരിക്കുക, ഈ സമയം ഉചിതമായ ജ്യോതിഷപരമായ പരിഹാരങ്ങൾ ചെയ്യുന്നത് വളരെ പ്രധാനമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
നഷ്ടസ്ഥാനത്തേക്കുള്ള വ്യാഴത്തിൻ്റെ മാറ്റം എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകളിലൂടെ നിയമപരമായ പ്രശ്നങ്ങളിൽ ചെന്ന്പെടാം. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർധിക്കുകയും അനാവശ്യമായ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യാം. ചിലർക്ക് വിദേശ വാസത്തിനുള്ള സാധ്യതകളുണ്ട്. കുടുംബപരമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാനാവില്ല. വിലപ്പെട്ട വസ്തുക്കൾ മോഷണം പോകാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
സർവ്വകാര്യങ്ങളിലും വിജയം ഉറപ്പാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പലതും ജീവിതത്തിൽ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് മോചനം, തൊഴിൽ വിജയം, ധനനേട്ടം, സ്ഥാനക്കയറ്റം, വാഹന ഭാഗ്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭൂമി ലാഭം എന്നിവയെല്ലാം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ മിക്കവാറും നടപ്പിലാകും. ഈ നല്ല സമയം പൂർണ്ണമായി പ്രയോജനപ്പെടുത്തുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കർമ്മ സ്ഥാനത്തേക്കുള്ള വ്യാഴത്തിൻ്റെ മാറ്റം തൊഴിൽ, ആരോഗ്യം, സാമ്പത്തികം എന്നീ കാര്യങ്ങളിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പലതരം ജോലികൾ ചെയ്യേണ്ടി വരികയോ, ജോലിയിൽ തൃപ്തിക്കുറവ് അനുഭവപ്പെടുകയോ, സ്ഥാനമാറ്റം സംഭവിക്കുകയോ ചെയ്യാം. എല്ലാ കാര്യങ്ങളിലും മന്ദതയോ തടസ്സങ്ങളോ ഉണ്ടാകാം. സന്താനങ്ങൾ മൂലം മോശമായ അനുഭവങ്ങളോ, സന്താന നഷ്ടമോ സംഭവിക്കാം. വളരെക്കാലമായി കുട്ടികൾക്കായി ചികിത്സിക്കുന്നവർ ജാതകത്തിലെ സന്താന ഭാഗ്യം കൂടി പരിഗണിച്ച് ചികിത്സിക്കുന്നത് ഉചിതമായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
ഭാഗ്യ സ്ഥാനത്തേക്കുള്ള വ്യാഴത്തിൻ്റെ മാറ്റം ജീവിതത്തിൽ ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും ആശ്വാസം നൽകും. പുതിയ വീട്, വാഹനം, പുത്ര ഭാഗ്യം, ധന ലാഭം, നല്ല സുഹൃത്തുക്കൾ, വിവാഹ സാധ്യത, ബിസിനസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം, ഭാഗ്യാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവയെല്ലാം ലഭിക്കും. വിശേഷപ്പെട്ട പുണ്യസ്ഥലങ്ങളോ രാജ്യങ്ങളോ സന്ദർശിക്കാൻ അവസരം ലഭിക്കും. പിതാവിൽ നിന്നോ പിതൃ തുല്യരായവരിൽ നിന്നോ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ രാഹുവിൻ്റെയോ ശനിയുടെയോ ദശാപഹാരം നടക്കുന്നവർ കൃത്യ സമയത്ത് പരിഹാരം ചെയ്തില്ലെങ്കിൽ ഈ ഗുണാനുഭവങ്ങൾ പൂർണമായും അനുഭവയോഗ്യമാകില്ല.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അഷ്ടമത്തിലെ വ്യാഴം പല തരത്തിലുള്ള രോഗങ്ങൾക്കോ മാനസിക ദുഃഖത്തിനോ കാരണമായേക്കാം. മിതത്വമില്ലാത്ത സംസാരം ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ, ചെയ്യുന്ന ജോലിക്ക് മതിയായ പ്രതിഫലം ലഭിക്കാത്ത അവസ്ഥ, ഭാര്യയുമായി അകൽച്ച, സ്ഥാന നഷ്ടം, വാഹന ഭയം എന്നിവ ഉണ്ടാകാം. അന്യ സ്ത്രീ ബന്ധം ആരോപിക്കപ്പെടുകയും അതുവഴി ധനനഷ്ടവും മാനഹാനിയും സംഭവിക്കുകയും ചെയ്യാം. അഷ്ടമത്തിലെ വ്യാഴം ആയുസ്സിനെ വരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാതകത്തിലെ വ്യാഴത്തിൻ്റെ സ്ഥാനം പരിശോധിച്ച് ഉചിതമായ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വ്യാഴത്തിൻ്റെ രാശി മാറ്റം നിങ്ങൾക്ക് അധികാര സ്ഥാനങ്ങളിലേക്കോ സർക്കാർ സംബന്ധമായ ജോലികളിലേക്കോ എത്താൻ സഹായിക്കും. വളരെക്കാലമായി നിലനിന്നിരുന്ന മാനസിക പ്രശ്നങ്ങൾക്ക് മാറ്റം വരികയും ശരീരത്തിന് ഊർജ്ജം ലഭിക്കുകയും ചെയ്യും. വിവാഹത്തിന് കാലതാമസം നേരിട്ടവർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരും. വാഹന ഭാഗ്യം, ഭാര്യയുമായി സന്തോഷം, പുത്ര ഭാഗ്യം, നല്ല ഭക്ഷണം, ആടയാഭരണങ്ങൾ, സമ്പത്ത് വർദ്ധനവ്, എല്ലായിടത്തും അംഗീകാരം എന്നിവ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരങ്ങൾ ലഭിക്കും. ഈ നല്ല സമയത്തെ പ്രയോജനപ്പെടുത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
വ്യാഴത്തിൻ്റെ രാശി മാറ്റം തൊഴിലിടങ്ങളിൽ അനാവശ്യമായ പ്രശ്നങ്ങളോ സ്ഥാന നഷ്ടമോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ തമ്മിലോ അടുത്ത സുഹൃത്തുക്കൾ തമ്മിലോ ശത്രുതയോ കലഹങ്ങളോ ഉണ്ടാകാം. കുടുംബ ജീവിതത്തിൽ മനസ്വസ്ഥത ഇല്ലാത്ത അവസ്ഥ, എന്തുണ്ടായിട്ടും അനുഭവിക്കാനുള്ള യോഗമില്ലായ്മ, കാര്യതടസ്സങ്ങൾ, ഭാര്യക്ക് രോഗദുരിതങ്ങൾ, മനസ്സിൽ ഭയം എന്നിവ ഉണ്ടാകാം. ബിസിനസ്സ് ചെയ്യുന്നവർ ജാതകത്തിലെ വ്യാഴത്തിൻ്റെ ബലം അനുസരിച്ച് ഉചിതമായ പരിഹാര കർമ്മങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഈ വെല്ലുവിളികളെ മറികടക്കാൻ ദൈവാധീനം അനിവാര്യമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
വ്യാഴത്തിൻ്റെ രാശി മാറ്റം വളരെക്കാലമായി നിലനിന്നിരുന്ന മാനസികവും സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് അറുതി വരുത്തും. സന്താനങ്ങൾ മൂലം നല്ല അനുഭവങ്ങൾ ഉണ്ടാകും. സർക്കാർ ജോലി ലഭിക്കാനോ സർക്കാർ മുഖേന ഗുണാനുഭവങ്ങൾ ഉണ്ടാകാനോ സാധ്യതയുണ്ട്. വ്യാപാര-ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു കുതിച്ചുചാട്ടത്തിൻ്റെ കാലഘട്ടം കൂടിയായിരിക്കും. വാഹന ഭാഗ്യം, പുതിയ വീട് അല്ലെങ്കിൽ വീട് പുതുക്കിപ്പണിയാനുള്ള അവസരം, വിദ്യാഭ്യാസത്തിൽ ഉന്നതി, വിവാഹ സാധ്യത, മനസന്തോഷം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, കീർത്തി, പുത്ര ഭാഗ്യം എന്നിവയെല്ലാം അനുഭവത്തിൽ വരും. ഈ നല്ല സമയം നിങ്ങൾക്കായി കാത്തിരിക്കുന്നു.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വ്യാഴത്തിൻ്റെ രാശി മാറ്റം വ്യാഴത്തിൻ്റെ കാഠിന്യം നേരിയ തോതിൽ കുറയ്ക്കുമെങ്കിലും ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം, കുടുംബത്തിൽ സ്വസ്ഥതക്കുറവ്, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, വാഹന ഭയം എന്നിവ ഉണ്ടാക്കാം. തൊഴിലിടങ്ങളിൽ സ്ഥാന നഷ്ടമോ ആരോപണങ്ങളോ നേരിടേണ്ടി വരാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാം. ജീവിത പങ്കാളിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സർക്കാർ സംബന്ധമായ നടപടികളോ നിയമപരമായ പ്രശ്നങ്ങളോ നേരിടേണ്ടി വരാം.