മഹാശനിമാറ്റം 2025
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഏഴര ശനിയുടെ തുടക്കകാലമായതിനാൽ വളരെയധികം ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണ്. സാമ്പത്തികമായും മാനസികമായും നഷ്ടങ്ങളും വെല്ലുവിളികളും ഒക്കെ നേരിടേണ്ടി വരും. ഇതു മുൻകൂട്ടി കണ്ടു പരിഹാരങ്ങൾ ചെയ്തവർ ഭയക്കേണ്ടതില്ല. അന്യദേശവാസം, ശത്രുഭയം, സ്ഥാനഭ്രംശം എന്നിവ നേരിടേണ്ടി വരും. ബന്ധു ജനങ്ങളുമായി അഭിപ്രായവ്യത്യാസം, അനാവശ്യ ദേഷ്യം, ആലോചനയില്ലാത്ത പ്രവർത്തികൾ മൂലം ദോഷം, മനോദുഃഖം, ശരീര ശോഷണം എന്നിവ ഉണ്ടാകും. അമിതമായ ആഡംബര പ്രിയം വരവിനെക്കാൾ ചെലവ് വരുത്തും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. ശനിയുടെ ദശാപഹാരങ്ങൾ നടക്കുന്നവർക്ക് ജാതകപരിശോധന നടത്തി ഉചിതമായ പരിഹാരങ്ങൾ ചെയേണ്ടുന്നത് അനിവാര്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഇടവം രാശിക്കാർക്ക് കർമ്മസ്ഥാനത്ത് ഉണ്ടായിരുന്ന കണ്ടകശനി മാറുന്നത് ആശ്വാസകരമാണ്. എന്നാൽ സത്യം, ധർമ്മം, ദയ, നീതി എന്നിവ നടപ്പാക്കുന്ന ശനി ഭഗവാൻ കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ചെയ്തുകൂട്ടിയ പുണ്യ പാപഫലങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന കാലമാണ്. മറ്റുള്ളവരെ മനസ്സാ വാചാ കർമണ ഉപദ്രവിക്കാത്തവർക്ക് ശനി ഭഗവാൻ ലാഭസ്ഥാനത്ത് വരുന്നത് വളരെയധികം ഗുണം ചെയ്യും. എന്നാൽ അപ്രകാരം അല്ലാത്തവർ ഒന്ന് ജാഗ്രത പാലിക്കുക. തൊഴിൽ വിജയം, ധനനേട്ടം, കീർത്തി, സൽഭാര്യ-സന്താനയോഗം, അധികാര പ്രാപ്തിയുള്ള തൊഴിൽ ലഭിക്കുക എന്നിവ അനുഭവത്തിൽ വരും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കർമ്മ സ്ഥാനത്ത് കണ്ടകശനി വരുന്ന സമയമാണ്. അടുത്ത രണ്ടര വർഷം ജോലി സംബന്ധമായും ബിസിനസ് സംബന്ധമായും വളരെയധികം ജാഗ്രത പാലിക്കേണ്ടതാകുന്നു. വ്യാപാരനഷ്ടം, ബിസിനസിൽ ശോഭിക്കാതിരിക്കുക, ഭാര്യ-ഭാതൃ ഐക്യത കുറവ്, വിവാഹ തടസ്സം, വിദേശ വാസം, രോഗങ്ങൾ അലട്ടുക ഒക്കെ ഈ കാലയളവിൽ ഉണ്ടാകും. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, രക്തദോഷങ്ങൾ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക. വിദ്യാർത്ഥികളിൽ വിദ്യയിൽ തടസ്സം നേരിടേണ്ട സാഹചര്യമുണ്ടാകും. പൊതുവിൽ സ്ത്രീകൾ മൂലം മാനഹാനി ധനനഷ്ടം എന്നിവയ്ക്ക് സാധ്യത. ജാതകഗണനം നടത്തി ഉചിതമായ പരിഹാരക്രിയകൾ ചെയുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കിടക രാശിക്കാർക്ക് അഷ്ടമത്തിൽ ശനിയുടെ കാഠിന്യം കുറയുകയും ശനിഭഗവാൻ ഭാഗ്യസ്ഥാനത്തേക്ക് വരികയും ചെയ്യും. അപ്രതീക്ഷിതമായ ധന നേട്ടം വന്നുചേരും. എന്നാൽ കുടുംബപരമായും ആരോഗ്യപരമായും ചില വെല്ലുവിളികൾ അനുഭവിക്കേണ്ടിയും വരും. പിതാവിന് പിതൃതുല്യരായവർക്കോ രോഗങ്ങൾ, ദുരിതങ്ങൾ, മനസ്സുഖം കുറവ് എന്നിവ അനുഭവപ്പെടും. യാത്രക്ലേശം, സന്താനക്ലേശം, ഭക്ഷണസുഖക്കുറവ്, ഈശ്വരവിശ്വാസക്കുറവ് എന്നിവ അനുഭവത്തിൽ വരും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾക്ക് സാധ്യത. ഹൃദയസംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
കണ്ടകശനി മാറുമെങ്കിലും അഷ്ടമത്തിലെ ശനി ചില ദുരിതങ്ങൾ നൽകും. വിവാഹതടസ്സം, തസ്കരഭയം, ധനനഷ്ടം, അന്യസ്ത്രീ ബന്ധം, ത്വക്ക്-ശ്വാസകോശ രോഗം, ശത്രുക്കളിൽ നിന്നും ഉപദ്രവം, കേസ് വഴക്കുകൾ, എല്ലാ കാര്യങ്ങളിലും തടസ്സ അനുഭവപ്പെടുക, ദാമ്പത്യ ഐക്യ കുറവ്, യാത്ര ക്ലേശം, തൊഴിൽ പരാജയം എന്നിവ അനുഭവിക്കാൻ യോഗമുണ്ട്. ശനിദശ നടക്കുന്നവർ ജാതകനിരൂപണം നടത്തേണ്ടത് അത്യാവശ്യം ആണ്. എന്നാൽ ശനി ഉച്ച രാശിയിൽ നിൽക്കുന്നവർക്കും ശനി യോഗകാരകൻ ആയവർക്കും ജീവിതത്തിൽ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന സുവർണ്ണ അവസരങ്ങൾ ലഭിക്കും. ഇവർ ജാതകനോക്കി ഉചിതമായ പരിഹാരങ്ങൾ അനുഷ്ഠിച്ചാൽ ഗുണഫലങ്ങൾ ഇരട്ടിയാക്കാൻ സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കണ്ടകശനി ആരംഭിക്കുകയും ബിസിനസ് - ജീവിതപങ്കാളി എന്നിവർക്ക് രോഗമോ നഷ്ടമോ ഉണ്ടാവുന്ന സാഹചര്യമാണ്. യുവതിയുവാക്കൾക്ക് വിവാഹത്തിന് കാലതാമസം നേരിടും. വിദേശ വാസം-ജോലി, സഞ്ചാര ശീലം, യാത്രയിൽ അപകടങ്ങൾ, സ്ത്രീ മൂലം മാനഹാനി, ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും. സന്താനക്ലേശമോ - സന്താനങ്ങൾ മൂലം ദോഷഫലങ്ങളോ വരാം. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, തൊഴിൽ നഷ്ട്ടം, കുടുംബ കലഹം, മനോഭയം എന്നിവ വരാം. ശനിയുടെ സ്ഥാനം നോക്കി ദശാപഹാരങ്ങൾ എല്ലാം അനുസരിച്ചു പരിഹാരം ചെയ്യുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കഴിഞ്ഞ അഞ്ചു വർഷം ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ നികത്തുന്ന സമയമാണ് അടുത്ത രണ്ടര വർഷം. ശനിയുടെ പൂർണ്ണമായ ഗുണഫലങ്ങൾ അനുഭവിക്കാൻ യോഗം ഉണ്ടാകും. തൊഴിൽ വിജയം, വളരെക്കാലമായ നിലനിന്നിരുന്ന അസുഖങ്ങൾക്ക് ശാന്തി ലഭിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. വാഹന ഭാഗ്യം, പുതിയ വീട്, സൽപുത്ര ഭാഗ്യം, ശത്രുക്കളുടെ മേൽ വിജയം, ധനനേട്ടം, കുടുംബ മംഗളകരമായ കർമ്മങ്ങൾ നടക്കുക, കാര്യ വിജയം, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബസുഖം, ഇഷ്ടപ്പെട്ട ആഭരണങ്ങളോ അലങ്കാരവസ്തുക്കളോ സ്വന്തമാക്കുവാൻ കഴിയുക, ദാമ്പത്യ സുഖം എന്നിവ അനുഭവത്തിൽ വരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കഴിഞ്ഞ രണ്ടര വർഷമായി നിലനിന്നിരുന്ന കണ്ടകശനി കുടുംബപരമായി ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് പലതരത്തിലുള്ള പരിഹാരം ശനീശ്വരൻ കൽപ്പിക്കുന്ന സമയമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക ലാഭം ഉണ്ടാവാൻ സാധ്യത. എന്നിരുന്നാലും സ്വത്ത്തർക്കം, കേസ് വഴക്കുകൾ എന്നിവ അനുഭവത്തിൽ വരാം. യുക്തിപൂർവം വേണം അത്തരം അവസ്ഥകളെ തരണം ചെയ്യാൻ. സന്താനങ്ങളെ കൊണ്ട് ആശങ്കകളും ദുഃഖവും വരുന്ന കാലമാണ്. അന്യസ്ത്രീ മൂലം മാനഹാനി നഷ്ടം എന്നിവ ഉണ്ടാകാതെ സൂക്ഷിക്കുക. ചിലർക്ക് കാര്യ വിജയവും നിർത്തിവെച്ച കാര്യങ്ങൾ വീണ്ടും തുടങ്ങി വയ്ക്കുകയോ പുരോഗമിക്കുകയോ ചെയ്യുന്ന കാലമാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ സ്ഥാനത്ത് വരുന്ന കണ്ടകശനി ധനഹാനി, ശത്രുഭയം, വ്യവഹാര പരാജയം, ഭാര്യാ സുഖക്കുറവ് ഒക്കെ ഉണ്ടാക്കാം. എന്നിരുന്നാലും കുടുംബ സ്വത്ത് ലഭിക്കുവാൻ യോഗമുണ്ട്. യാത്രകളിൽ വളരെ അധികം ജാഗ്രത പാലിക്കുക. ഇടക്കിടെ രോഗാദി ദുരിതം ഉണ്ടാവാം. മാതൃ സ്ഥാനത് ഉള്ളവർക്ക് ദശാപഹാരം നോക്കി പരിഹാരം ചെയ്യാത്ത പക്ഷം രോഗമോ അരിഷ്ടതയോ ഉണ്ടാവാം. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്താന ലാഭം ഉണ്ടാവും. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ദോഷാനുഭവങ്ങൾ വരാം. സത്സുഹൃത്തുക്കൾ ഇവരെ വിട്ട് ഒഴിഞ്ഞു പോകാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മാനസികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അന്ത്യം കാണാൻ സാധ്യത. സന്തോഷകരമായ ജീവിതം ലഭിക്കും. ഏഴര ശനി അവസാനിക്കും. ഇത് ജീവിതത്തിലെ അലച്ചിലിനും കഷ്ടപ്പാടിനും അന്ത്യം കുറിക്കും വളരെ കാലമായി ശത്രുതയിലായിരുന്ന ബന്ധങ്ങളുമായി രമ്യതയിൽ എത്തുക, സന്താനഭാഗ്യം, തൊഴിൽ വിജയം, രോശാന്തി എന്നിവ ഉണ്ടാകും. പുതിയ സാദ്ധ്യതകൾ ഉയർന്നു വരും. തൊഴിൽ, സമ്പത്തു ഒക്കെയും വർധിക്കും. സമൂഹത്തിൽ സ്ഥാനം ഉയരുകയും ബഹുമാനം നേടുകയും ചെയ്യും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഏഴര ശനിയുടെ അവസാന കാലമായതിനാൽ അതനുസരിച്ച് പരിഹാരം ചെയ്തു കഴിഞ്ഞാൽ ഗുണഫലങ്ങൾ ഇരട്ടിക്കും. കോടതി കേസുകളിൽ പ്രതികൂലമായ വിധി, കുടുംബ സുഖക്കുറവ്, സന്താനങ്ങളെ കൊണ്ട് ദോഷാനുഭവങ്ങൾ, ശരീര ശോഷണം, വരവിൽ കവിഞ്ഞ ചെലവ്, ശത്രുക്കളെ കൊണ്ട് ഉപദ്രവം, അനാവശ്യ സൗഹൃദങ്ങൾ വിനയാകുക, പക്വത കുറവ്, കുടുംബ ബന്ധു ജന വിരഹം, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ അനുഭവത്തിൽ വരും. നിത്യവും ഹനുമാൻ ചാലിസ ചൊല്ലുക. ബുധ, വ്യാഴം, ശുക്ര, ശനി ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരമനുഷ്ടിക്കേണ്ടിവരും. ശനിയാഴ്ചകളിൽ ഉപവാസം ഉചിതം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
തൊഴിൽ ക്ലേശങ്ങൾ, പലപല തൊഴിലുകൾ ചെയ്യേണ്ടതായി വരിക, പ്രയത്നത്തിന് തക്ക പ്രതിഫലം കിട്ടാതെ വരിക, ശരീര സുഖക്കുറവ്, കർമ്മം ചെയ്യേണ്ടി വരിക, വാതപിത്ത കഫ രോഗങ്ങൾ കൂടുക, ത്വക്ക് രോഗങ്ങൾ, മനോദുഃഖം, കുടുംബം വിട്ട് മാറിനിൽക്കേണ്ട, യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും. ജന്മശ്ശനി ആരംഭം ആണ്. വളരെ പ്രതികൂല സ്ഥിതി ആയിരിക്കും. ഈ നല്ല സമയത്തു ജാതക ഗണനം നടത്തി വേണ്ടുന്ന പരിഹാര ക്രിയകൾ നടത്തുന്ന പക്ഷം വലിയ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം.