2026 വ്യാഴ മാറ്റം: ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

Astrology

Share this article:

Facebook Twitter WhatsApp LinkedIn Instagram

സാമാന്യ ഫലം
 
ചിങ്ങരാശിയിൽ ജനിച്ച ജാതകർക്ക് അഞ്ചാം ഭാവാധിപനും അഷ്ടമാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം സർവ്വാഭീഷ്ട സ്ഥാനമായ പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവമായ കർക്കടകത്തിലേക്ക് ഉച്ചസ്ഥിതിയിൽ പ്രവേശിക്കുന്നു. വ്യയം, പ്രവാസം, മോക്ഷം എന്നിവയെ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം ഉച്ചസ്ഥിതിയിൽ സഞ്ചരിക്കുന്നതും, അവിടെനിന്ന് നാല്, ആറ്, എട്ട് ഭാവങ്ങളിലേക്ക് ശുഭദൃഷ്ടി പതിപ്പിക്കുന്നതും സമ്മിശ്രമായ ഫലങ്ങൾ പ്രധാനം ചെയ്യും. ജന്മരാശിക്ക് എട്ടാം ഭാവത്തിൽ ശനി സഞ്ചരിക്കുന്ന അഷ്ടമശനിക്കാലമായതിനാൽ ആരോഗ്യപരമായും വ്യക്തിപരമായും അതീവ ജാഗ്രത പുലർത്തേണ്ട സുപ്രധാന സമയമാണിത്. എങ്കിലും പന്ത്രണ്ടാം ഭാവത്തിലെ വ്യാഴത്തിന്റെ ഉച്ചബലം അപ്രതീക്ഷിത പ്രതിസന്ധികളിൽ നിന്നും മറ്റുള്ളവരുടെ ചതിക്കുഴികളിൽ നിന്നും അപവാദങ്ങളിൽ നിന്നും ജാതകർക്ക് വലിയ തോതിൽ സംരക്ഷണമേകും. ദൂരദിക്കുകളിലെ പഠനത്തിനും ഉദ്യോഗത്തിനും മികച്ച സാഹചര്യങ്ങൾ ഒരുങ്ങുന്നതിനൊപ്പം ആത്മീയ ചിന്തകളും തീർത്ഥാടനങ്ങളും മനസ്സിന് ശാന്തി നൽകും.
 

തൊഴിലും ധനസ്ഥിതിയും
 
ധനപരമായി ഈ രാശിമാറ്റം ചില സാമ്പത്തിക സമ്മർദ്ദങ്ങളും ഒപ്പം വലിയ നേട്ടങ്ങളും ഒരേസമയം സമ്മാനിക്കും. പന്ത്രണ്ടാം ഭാവത്തിലെ വ്യാഴം അപ്രതീക്ഷിത ചെലവുകൾ വർദ്ധിപ്പിക്കുമെങ്കിലും, അവയെല്ലാം ആവശ്യാനുസരണമുള്ള ശുഭചെലവുകളായി മാറാൻ സാധ്യതയുണ്ട്. വിദേശത്ത് താമസിക്കുന്നവർക്കും വിദേശ വ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഈ കാലയളവിൽ വലിയ തോതിൽ ധനാഗമനം ഉണ്ടാകും. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വസ്തു ക്രയവിക്രയങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. പണം മുടക്കിയുള്ള പുതിയ വൻകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇത് അനുകൂല സമയമല്ലെങ്കിലും, നിലവിലുള്ള ബിസിനസ്സുകൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ഓഹരി വിപണിയിലുള്ള നിക്ഷേപങ്ങൾ ശ്രദ്ധയോടെ നടത്തിയാൽ വിജയം കൈവരിക്കാം. വീട് നിർമ്മാണം, ഭൂമി വാങ്ങൽ, വാഹനം മാറൽ എന്നിവയ്ക്കായുള്ള വായ്പകൾക്കും ചിട്ടികൾക്കും എളുപ്പത്തിൽ അനുമതി ലഭിക്കും.
 
കുടുംബവും ബന്ധങ്ങളും
 
കുടുംബജീവിതത്തിൽ പാരസ്പര്യവും സന്തോഷവും നിലനിർത്താൻ ഈ ഗോചരമാറ്റത്തിലൂടെ സാധിക്കുന്നതാണ്. സ്വത്ത് സംബന്ധമായി ദീർഘനാളായി നിലനിന്നിരുന്ന തർക്കങ്ങളും കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങളും ജാതകർക്ക് അനുകൂലമായ രീതിയിൽ ഒത്തുതീർപ്പാക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നും ഭർത്താവിന്റെയോ ഭാര്യയുടെയോ ബന്ധുക്കളിൽ നിന്നും പൂർണ്ണമായ പിന്തുണയും സ്നേഹവും ലഭിക്കും. മാതാവിനോടൊപ്പം ഊഷ്മളമായ ബന്ധം പുലർത്താനും മാതൃതുല്യരായ വ്യക്തികളിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാനും അവസരമൊരുങ്ങും. സന്താനങ്ങളുടെ പഠനകാര്യങ്ങളിലും അവരുടെ ആവശ്യങ്ങളിലും കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടി വരും. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന ദമ്പതികൾക്ക് അനുയോജ്യമായ ചികിത്സകളിലൂടെ ആശ്വാസകരമായ ഫലങ്ങൾ ലഭിക്കും. കളഞ്ഞുപോയ വിലപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാനും ഈ കാലയളവിൽ യോഗമുണ്ട്.
 
ആരോഗ്യവും മാനസികാവസ്ഥയും
 
അഷ്ടമശനി തുടരുന്ന കാലഘട്ടമായതിനാൽ ആരോഗ്യ കാര്യങ്ങളിൽ ഒട്ടും അലംഭാവം കാണിക്കരുത്. പ്രത്യേകിച്ച് ത്വക്ക്, ശ്വാസകോശം, ഗർഭാശയം എന്നിവ സംബന്ധമായ അസുഖങ്ങളുള്ള ജാതകർ കൃത്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കേണ്ടതുണ്ട്. പന്ത്രണ്ടാം ഭാവത്തിലെ വ്യാഴത്തിന്റെ ശുഭദൃഷ്ടി ആറാം ഭാവത്തിലും എട്ടാം ഭാവത്തിലും പതിക്കുന്നതിനാൽ കിടപ്പുരോഗികൾക്ക് പാരമ്പര്യ ചികിത്സാരീതികൾ വഴി വലിയ രോഗമുക്തിയും ആശ്വാസവും കൈവരും. അനാവശ്യമായ ചിന്തകൾ മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ കുറയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. എങ്കിലും ദീർഘകാല ദിനചര്യകളിലും ഭക്ഷണക്രമത്തിലും പ്രത്യേക അച്ചടക്കം പാലിച്ചില്ലെങ്കിൽ പുതിയ ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദാനധർമ്മങ്ങളിലും ഏർപ്പെടുന്നത് മനസ്സിന് സമാധാനവും ആത്മസംതൃപ്തിയും പ്രധാനം ചെയ്യും.
 
പ്രധാനമായും ശ്രദ്ധിക്കേണ്ടത്
 
ഈ കാലയളവിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ധനനഷ്ടങ്ങളെയും തസ്‌ക്കരഭയത്തെയും കരുതിയിരിക്കേണ്ടതാണ്. പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുകയും ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുകയും വേണം. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അവ കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ തീർപ്പാക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം. മക്കളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും കൂടുതൽ സമയം വിനിയോഗിക്കേണ്ടതുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യം നിലനിർത്തുന്നതും തീർത്ഥയാത്രകൾ നടത്തുന്നതും അഷ്ടമശനിയുടെ ദോഷ തീക്ഷ്ണത കുറയ്ക്കാൻ സഹായിക്കും. ജാതകപ്രകാരമുള്ള ശനി പ്രീതിയും വ്യാഴ പ്രീതിയും കൃത്യമായി അനുഷ്ഠിക്കുന്നത് വഴി ദോഷഫലങ്ങൾ ലഘൂകരിക്കാനും വ്യാഴത്തിന്റെ ഉച്ചബലത്തിലൂടെ സർവ്വവിധ പുരോഗതികൾ കൈവരിക്കാനും സാധിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത്: ജയറാണി ഈ വി.
Contact: +919746812212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)