സമ്പൂർണ്ണ മാസഫലം: ചന്ദ്രരാശി പൊതുഫലം 1200 മീനമാസം 2025 മാർച്ച് 15 മുതൽ ഏപ്രിൽ13 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ചന്ദ്രദശ നടക്കുന്നവർക്കും ശുക്രദശ നടക്കുന്നവർക്കും വിവാഹം, സന്താന ഭാഗ്യം, അപ്രതീഷിത ഭാഗ്യാനുഭവങ്ങൾ, കീർത്തി എന്നിവ പ്രതീക്ഷിക്കാം. ജാതകത്തിലെ ശുക്രന്റെ സ്ഥാനം അനുസരിച്ചു ചിലർക്ക് ജോലിയിൽ സ്ഥാനകയറ്റവും സ്ഥാനനഷ്ടവും സംഭവിച്ചേക്കാം. പല കാര്യങ്ങളിലും തടസ്സം വരുമെങ്കിലും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യത്തിന് വഴി ഒരുങ്ങും. വളരെകാലമായി പിണങ്ങിയിരുന്ന ദമ്പതികൾ നിയമപരമായി പിരിയുവാൻ സാധ്യത. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും ധനക്ലേശത്തിനും കാരണമാകും. അന്യസ്ത്രീ താത്പര്യം വർദ്ധിക്കുകയും അത് വഴി അപവാദം കേൾക്കുവാനും ധനനഷ്ടത്തിനും സാധ്യത.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കുടുംബസമേതം പുണ്യ-തീർത്ഥ-സ്ഥല സന്ദർശനത്തിയോഗം കാണുന്നു. വ്യാപാര സംബന്ധമായ ബിസിനസ്സ് ചെയ്യുന്നവർക്ക് പുരോഗതി ദൃശ്യമാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിലും നല്ല ലാഭം ലഭിക്കും. പുതിയ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ കാലമാണെങ്കിലും വ്യാഴത്തിന്റെയും ശനിയുടെയും അപഹാരം കൂടി നോക്കി വേണം ബിസിനസ്സ് തീരുമാനം കൈകൊള്ളുവാൻ. ചിട്ടി, ലോട്ടറി, മറ്റു നറുക്കെടുപ്പുകൾ മുതലായവയിൽ ഭാഗ്യം കടാക്ഷിക്കും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും അപ്രതീക്ഷിതമായ അവസരം വന്നുചേരും. രാഷ്ട്രീയ കാര്യങ്ങളിൽ വിജയം ലഭിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണ സുഖം എന്നിവ ലഭിക്കും. കണ്ടകശ്ശനി അവസാനിക്കുന്ന കാലമായതിനാൽ വാക്കിലും പ്രവർത്തിയിലും നീതി പുലർത്തുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കാണുവാൻ സാധിക്കും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായം വ്യത്യാസം ഉള്ളവർക്ക് അതെല്ലാം മാറി സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുവാൻ അവസരം ലഭിക്കും. അവിവാഹിതർക്ക് ഒന്ന് ശ്രമിച്ചാൽ അനുയോജ്യമായ വിവാഹം നടക്കുവാൻ സാധ്യതയുള്ള സമയമാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. പണം, ആഭരണം എന്നിവ സാധാരണയിൽ അധികം ശ്രദ്ധയോടെ കൈകാര്യം ചെയുക. ശനിയുടെ രാശി മാറുന്ന കാലമായതിനാൽ പിതാവിനോ പിതൃബന്ധുക്കൾക്കോ ഈ സമയം ക്ലേശകരമായിരിക്കും. വളരെ കാലമായി സന്താനത്തിന് ശ്രമിക്കുന്നവർക്ക് ഈ കാലത്തു ആഗ്രഹ സാഫല്യം നടക്കും. അഗ്നിബാധ, ഉഷ്ണ രോഗങ്ങൾ, വീഴ്ച, മുറിവ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി കൈവരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ചിലർക്ക് തൊഴിൽ സംബന്ധമായി സ്ഥലംമാറ്റം, സ്ഥാനചലനം എന്നിവയ്ക്ക് സാധ്യത. അതീവമായ കോപശീലം പല നഷ്ടങ്ങളും ജീവിതത്തിൽ വന്നു ഭവിക്കും. മാനഹാനി-അപമാനം, നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, ഭാര്യയുടെയോ ബന്ധുജനങ്ങളുടെയോ വിരഹം, കേസുകളും വഴക്കുകളും അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാം. ജാതകത്തിൽ ശനിയുടെയും ശുക്രന്റെയും സ്ഥാനം അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം. ഈ സമയത്ത് ക്ഷമയോടെയും സർവ്വത്ര ശ്രദ്ധയോടെയും കാര്യങ്ങൾ ചെയ്യുക. ഈശ്വരനിൽ ശരണം പ്രാപിക്കുക. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ധനസംബന്ധമായ കേസുകളിൽ ചെന്നുചാടുകയും ചെയ്യാതിരിക്കുക. കുടുംബാംഗങ്ങൾ അനിഷ്ടം പ്രകടിപ്പിക്കും. ആരോഗ്യവും ഭക്ഷണവും വളരെ ശ്രദ്ധിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. ശനിയോഗകാരകൻ ആയവർക്ക് കുടുബ ബന്ധുജനങ്ങളിൽനിന്നും വളരെ ഗുണാനുഭവങ്ങൾ, സർക്കാരിൽ നിന്നും ഗുണം, തൊഴിൽ വിജയം, പുത്രഭാഗ്യം, ധനനേട്ടം, സർവ്വവിജയം എന്നിവ ഫലത്തിൽ വരാം. എന്നാൽ ശനി അനുകൂലമല്ലാത്തവർക്ക് ശത്രുക്കളിൽ നിന്നും ഭയം, വ്യവഹാരങ്ങളിൽ പരാജയം സംഭവിച്ചേക്കാം. ചിലർക്ക് ഉറപ്പിച്ച വിവാഹം നടക്കാൻ താമസമോ, ആ വിവാഹം തന്നെ മാറി പോകാനോ സാധ്യത ഉണ്ട്. ഈ സമയത്ത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും സാധ്യത കല്പിക്കുന്നു. ഉദര-നേത്ര-ശ്വാസകോശ രോഗങ്ങൾ, ചുമ, അഗ്നിഭയം എന്നിവയും ഈ സമയത്ത് വരാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വ്യാഴത്തിന്റെ അനുകൂല സ്ഥിതി ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. ലഹരി പദാർത്ഥങ്ങളോട് ആസക്തി വർദ്ധിക്കുന്ന കാലം ആണ്. കുടുംബാംഗങ്ങളുമായി സ്വത്തു സംബന്ധമായി അഭിപ്രായ വ്യത്യാസങ്ങൾ വന്നേക്കാം. ചിലർക്ക് പ്രണയത്തിൽ പുരോഗതിക്ക് സാധ്യത. അവിവാഹിതർക്ക് അപവാദവും ദുഷ്പേരും കാരണം വിവാഹം നടക്കാൻ താമസം നേരിടാം. ചുരുക്കം ചിലർക്ക് ശത്രുക്കളിൽ നിന്നുള്ള ശല്യം കാരണം ജീവിതം ദുരിതം നിറഞ്ഞതാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മറവി അനുഭവപ്പെടും. അനാവശ്യമായ ചീത്ത കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമാകും. അർശസ്സ്, ഉദരരോഗങ്ങൾ എന്നിവ അലട്ടും. തൊഴിൽക്ലേശം, ധനക്ലേശം, സഞ്ചാരം മൂലം ദോഷങ്ങൾ, സ്ത്രീകളുമായി വിരോധം എന്നിവയ്ക്ക് സാധ്യത.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സർവകാര്യ വിജയം, കുടുംബസുഖം, ധനലാഭം, ശത്രുക്കൾക്ക് ഹാനി, വ്യവഹാരങ്ങളിൽ വിജയം, ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം. ഉയർന്ന സ്ഥാനമാനങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും. അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആട-ആഭരണ-അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, ഒക്കെയും വന്നേക്കാം. എവിടെയും മാന്യത, പ്രശസ്തി, മനഃസന്തോഷം, ധനനേട്ടം, സർക്കാർ ജോലി അഥവാ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയമാണിത്. രോഗാദി ദുരിതങ്ങളാൽ അലട്ടാൻ സാധ്യതയുണ്ട് എങ്കിലും രോഗങ്ങൾ ഭേദമായി ആരോഗ്യം വർദ്ധിക്കും. പിണങ്ങിയിരുന്ന കുടുംബാംഗങ്ങൾ പുനഃസമാഗമത്തിന് സാധ്യത.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മാനസിക പിരിമുറുക്കം കൂടുകയും, തൊഴിലിടങ്ങളിൽ ചിലർക്ക് സ്ഥാനഭ്രംശം വരെ സംഭവിക്കുകയും ചെയ്യും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹവും വിവാഹ മോചനത്തിൽ എത്തുവാൻ കാരണമാകും. ഉദരരോഗം, രക്തസംബന്ധമായ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയും വന്നു ഭവിക്കും. കൃഷി, പക്ഷി, മൃഗങ്ങളും മൂലം നഷ്ടം സംഭവിക്കാൻ സാധ്യത. കേസ് വഴക്കുകളിൽ ചിലർ അകപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തേക്കാം. തർക്കങ്ങൾ യുക്തിപൂർവം കൈകാര്യം ചെയുക. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോദോഷാനുഭവങ്ങൾക്ക് സാധ്യത. ലഹരി ഉപയോഗിക്കുന്നവർക്ക് ആസക്തി കൂടാനും അതിനോട് അനുബന്ധിച്ച പലവിധ രോഗങ്ങളും വന്നു ചേരാനും സാധ്യത കാണുന്നു, ജാഗ്രത പാലിക്കുക. സന്താന ക്ലേശം വർദ്ധിക്കും. ധനഹാനി അനുഭവത്തിൽ വന്നേക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ സമയത്ത് നിങ്ങൾക്ക് നല്ല കാര്യങ്ങളും പ്രതിസന്ധികളും ഒരുപോലെ ഉണ്ടാകാൻ സാധ്യത. ജാതകത്തിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് ദൈവാനുഗ്രഹം ലഭിക്കുകയും ജോലിസ്ഥലത്ത് വിജയവും പുരോഗതിയും നേടുകയും ചെയ്യും. അപ്രതീക്ഷിതമായി ഭാഗ്യം ലഭിക്കുകയും സന്താനങ്ങൾ ഇല്ലാതിരുന്നവർക്ക് ഈ സമയത്ത് സന്താനങ്ങൾ ലഭിക്കാൻ സാധ്യത. എന്നാൽ ചിലർക്ക് ഭൂമി നഷ്ട്ടം, ലഹരിയിൽ ആസക്തി, മാനഹാനി, ധനനഷ്ട്ടം, കുടുംബ ബന്ധു ജനങ്ങളുമായി കലഹം-വിരോധവും, കേസുകൾക്കും സാധ്യത. തൊഴിൽക്ലേശങ്ങൾ, സ്ത്രീകൾ മൂലം ധനഹാനി, മാനനഷ്ടം, മാനസികപീഡ, ഭക്ഷ്യവിഷബാധ, യാത്രാക്ലേശം, യാത്രകളില് അപകടങ്ങൾ എന്നിവ ചിലരിൽ ഫലത്തിൽ വരാൻ സാധ്യത. അഹന്ത കാരണം ബിസിനസിൽ നഷ്ടം സംഭവിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സർക്കാർ ജോലി ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും വന്നു ചേരും. ശത്രുഹാനി, ഉന്നതപദവി, കീർത്തി, ധനലാഭം കുടുംബത്തിൽ അഭിവൃദ്ധി, ശരീരസുഖം, ഭക്ഷണ സുഖം, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവരിൽ നിന്നും ഗുണാനുഭവങ്ങൾ, സത്സന്താന ഭാഗ്യം, ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച, മനസുഖം എന്നിവ വന്നു ചേരും. വിവാഹാദി കാര്യങ്ങളിൽ തീരുമാനം ആവുകയും അതിൽനിന്നും ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യും. എന്നാൽ, ചിലർക്ക് പ്രതിസന്ധികളും വന്നു ചേരാം. അപകടസാധ്യതകളും നഷ്ടങ്ങളും വന്നേക്കാം. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ചതിയിൽ പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി സംഭവിച്ചേക്കാം. അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പലതരത്തിലുള്ള ചതിയിൽ പെടാനുള്ള സാധ്യത. ദുഷിച്ച കൂട്ടുകെട്ടുകൾ മൂലം ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം-സാഹചര്യം. ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. തൊഴിൽ പ്രശ്നങ്ങൾ വരികയും മേലധികാരിക്ക് അപ്രീതി വന്നേക്കാം. ഭാര്യസുഖക്കുറവ് അനുഭവപ്പെട്ടേക്കും. ബന്ധുക്കളുമായും ഭാര്യാഭർത്താക്കന്മാർ തമ്മിലും അഭിപ്രായവ്യത്യാസവും കലഹത്തിന് സാധ്യത. കൃഷി ബിസിനസ്സ് നടത്തുന്നവർക്ക് സാമ്പത്തിക നഷ്ട്ടം സംഭവിക്കും. നേത്ര രോഗം, അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, ശിരോരോഗം, ത്വക്ക് രോഗങ്ങൾ എന്നിവക്ക് സാധ്യത. സഹോദരസ്ഥാനത്തുള്ളവർക്ക് വീഴ്ചകൾ സംഭവിക്കും. വാഹനം ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധയും ജാഗ്രതയും പാലിച്ചില്ലെങ്കിൽ അപകടത്തിന് സാധ്യത. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അതേസമയം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വിദേശത്തെ താമസം, വിദേശത്തെ ജോലി ഒക്കെ സാധ്യത കല്പിക്കുന്നു എങ്കിലും താൽക്കാലികം മാത്രമായിരിക്കും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, സമയത്തിന് ആഹാരം കഴിക്കുവാൻ കഴിയാതെ വരിക, ശരീര തളർച്ച, ഉഷ്ണരോഗങ്ങൾ, ഹൃദ്രോഗം, ത്വക്ക് രോഗം, കാര്യതടസം, അനാവശ്യചെലവുകൾ, മാനഹാനി, ദ്രവ്യനാശം, യാത്രകളിൽ ദോഷാനുഭവങ്ങൾ, കണ്ണുകൾക്ക് രോഗം, മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യത. ജലസംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനേട്ടവും ഉന്നതിയും പ്രതീക്ഷിക്കാം. എന്നാൽ, ജലമാർഗ്ഗം ദോഷങ്ങൾക്ക് സധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അനാവശ്യമായ കോപം ദോഷകരമായി ഭവിക്കും. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.