മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ മാസം ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും കടന്നുവരും. കുടുംബാംഗങ്ങളുമായുള്ള അടുപ്പം വർധിക്കുന്നതിനാൽ വീട്ടിൽ സമാധാനവും സന്തോഷവും നിറയും. ജോലിസ്ഥലത്ത് മേലധികാരികളുടെ പൂർണ്ണ പിന്തുണ ലഭിക്കും; അവരുടെ അനുഗ്രഹം നിങ്ങളുടെ കരിയറിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, പക്ഷേ അവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് ചർച്ചകളിൽ വിജയം നേടാനും ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും ഈ മാസം അനുകൂലമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ മാസം ക്ഷമയും സഹനവും ജീവിതത്തിൽ വലിയ മുതൽക്കൂട്ടാകും. ചില സാഹചര്യങ്ങളിൽ തെറ്റായ കൂട്ടുകെട്ടുകൾ വഴി സാമ്പത്തിക നഷ്ടങ്ങൾ വരാനിടയുണ്ട്, അതിനാൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക. കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതകൾ നേരിടേണ്ടി വന്നേക്കാം. വിദേശയാത്രകൾക്ക് സാധ്യതയുണ്ടെങ്കിലും, അവ അധിക ചെലവുകൾക്ക് കാരണമായേക്കാം. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം ലഭിക്കാത്തത് നിങ്ങളെ വിഷമിപ്പിച്ചേക്കാം, പക്ഷേ പിന്മാറാതെ മുന്നോട്ട് പോകുക. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. അടുത്ത ബന്ധുക്കൾക്കും പങ്കാളിക്കും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ഈ മാസം എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കുന്നത് ഗുണകരമാകും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ മാസം ചില പരീക്ഷണങ്ങളെ നേരിടേണ്ടി വന്നേക്കാം. യാത്രകൾക്ക് ക്ലേശങ്ങൾ ഉണ്ടാവാം. ചില ആരോഗ്യ പ്രശ്നങ്ങൾ (ഉഷ്ണരോഗങ്ങൾ, ശരീരശോഷണം, ഹൃദയ, ത്വക്ക്, നേത്ര രോഗങ്ങൾ) നേരിടാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ അപ്രതീക്ഷിത വെല്ലുവിളികൾ ഉണ്ടാകാം. അമിതമായ കോപവും വൈകാരിക പ്രകടനങ്ങളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താതിരിക്കാൻ ശ്രദ്ധിക്കുക. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം; അപകടങ്ങൾ, മുറിവുകൾ, ചതവുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. അഗ്നി, യന്ത്രസാമഗ്രികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അധിക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിട്ടേക്കാം, ധനശോഷണം സംഭവിക്കാനോ കിട്ടാനുള്ള പൈസയ്ക്ക് കാല താമസം നേരിടുകയോ ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അപ്രതീക്ഷിത വെല്ലുവിളികൾ ഈ മാസം പ്രതീക്ഷിക്കാം. സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് പല നഷ്ടങ്ങളും ഒഴിവാക്കാൻ സഹായിക്കും. ആലോചനയില്ലാത്ത തീരുമാനങ്ങൾ ദീർഘകാലത്തേക്ക് ദോഷകരമായേക്കാം. കുടുംബത്തിൽ നിന്ന് അകന്നുനിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം. വൈകാരികമായ ചാഞ്ചല്യങ്ങൾ വാക്കുകൾ മൂർച്ചയുള്ളതാക്കാനും ബന്ധങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. അപ്രതീക്ഷിത വിയോഗങ്ങൾ വരാനിടയുണ്ട്. കൂടാതെ, വിദേശവാസം, തൊഴിൽസ്ഥലത്തെ മാറ്റങ്ങൾ, കാര്യതടസ്സം, നല്ലത് ചെയ്തിട്ടും തിരിച്ചടികൾ, സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ, കുടുംബ തർക്കങ്ങൾ തുടങ്ങിയ വെല്ലുവിളികളും ഈ കാലയളവിൽ നേരിടേണ്ടി വന്നേക്കാം. ഈ അവസരത്തിൽ ജാതക നിർണയം അനിവാര്യമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഉന്നത വിദ്യാഭ്യാസത്തിനും വിദേശജോലിക്കും ശ്രമിക്കുന്നവർക്ക് ഈ മാസം വളരെ അനുകൂലമാണ്. നിലവിൽ ജോലി ചെയ്യുന്നവർക്ക് വിദേശ കമ്പനികളിൽ നിന്ന് ആകർഷകമായ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ധനഭാഗ്യം ഈ മാസം തേടിയെത്തും. പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഇത് മികച്ച സമയമാണ്. ഭക്ഷണ സുഖം, കുടുംബത്തിൽ സന്തോഷം, രോഗങ്ങളിൽ നിന്ന് മോചനം, മനഃസന്തോഷം, വാഹന ഭാഗ്യം, ആഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ വർദ്ധനവ് എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ഈ മാസം കഠിനാധ്വാനത്തിനുള്ള അംഗീകാരം ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ മാസം ധനപരമായ നേട്ടങ്ങൾ, ബിസിനസ്സിലെ പുരോഗതി, കുടുംബത്തിൽ സന്തോഷം, പുതിയ വീട് വാങ്ങാനുള്ള യോഗം, തൊഴിൽ മേഖലയിലെ വിജയം എന്നിവ നിങ്ങളെ തേടിയെത്തും. വിദേശവാസം, ദാമ്പത്യ ഐക്യം, വിവാഹം, ആഭരണങ്ങൾ സ്വന്തമാക്കൽ, കീർത്തി, ബന്ധുക്കളുടെ സ്നേഹം, നിയമപരമായ തർക്കങ്ങളിലെ വിജയം എന്നിവയും പ്രതീക്ഷിക്കാം. കാത്തിരുന്ന നിയമന ഉത്തരവുകൾ ലഭിക്കാനും സർക്കാർ സേവനത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും മികച്ച അവസരങ്ങൾ ലഭിക്കും. പൊതുവേ, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സഫലമാകുന്ന സമയമാണിത്. പിതൃസ്വത്ത് ലഭിക്കുകയോ കുടുംബസ്വത്തുക്കൾ വീതിക്കുകയോ ചെയ്തേക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥയാത്രകൾക്ക് ഈ മാസം അവസരങ്ങൾ ലഭിക്കും. എന്നാൽ അമിതമായ കോപവും വൈകാരിക പ്രകടനങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചില വേർപാടുകൾ നേരിടേണ്ടി വരാം, ബലികർമ്മങ്ങൾ അനുഷ്ഠിക്കേണ്ടി വരാനും സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായേക്കാം. വരവിനേക്കാൾ കൂടുതൽ ചെലവ് വരാനും സാമ്പത്തിക തർക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എങ്കിലും, കല, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടും. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ചില സഹപ്രവർത്തകരുടെ ഇടപെടലുകൾ കാരണം അപവാദങ്ങൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ ഇതിനെല്ലാം മുകളിൽ ഉയർന്നു വരാൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പങ്കാളിയുമായോ പങ്കാളിയുടെ ബന്ധുക്കളുമായോ ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അന്യരുടെ വാക്കുകൾ വേദനിപ്പിച്ചേക്കാം, സുഹൃത്തുക്കളിൽ നിന്നുള്ള വഞ്ചന ചിലപ്പോൾ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉറക്കക്കുറവ്, പഠനത്തിൽ തടസ്സങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ എന്നിവയും അനുഭവപ്പെട്ടേക്കാം. എന്നാൽ, ജാതകത്തിൽ വ്യാഴം ഉച്ചരാശിയിൽ നിൽക്കുന്നവർക്ക് കൃഷി, പക്ഷി-മൃഗാദികളുടെ വിപണനം എന്നിവയിൽ നിന്ന് ധനലാഭം, വാഹനഭാഗ്യം, വാഹനം മൂലമുള്ള ഗുണങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ഈ മേഖലകളിൽ നിന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. വെല്ലുവിളികളെ അതിജീവിക്കാൻ നിങ്ങളുടെ ആത്മവിശ്വാസം സഹായകമാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ മാസം ചില മാനസിക വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം, പ്രത്യേകിച്ച് ബന്ധങ്ങളിൽ. ജീവിത പങ്കാളിയുടെയോ ബിസിനസ് പങ്കാളിയുടെയോ സ്ഥാനത്ത് നിൽക്കുന്ന ബുധൻ മാനസിക ബുദ്ധിമുട്ടുകളും നിർബന്ധ ശീലങ്ങളും വർദ്ധിപ്പിക്കും. തെറ്റിദ്ധാരണകളും ആശയവിനിമയത്തിലെ പ്രശ്നങ്ങളും ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾക്കും ബിസിനസ് പങ്കാളിത്തത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചേക്കാം. മനസ്സ് അസ്വസ്ഥമാകുന്നതിനാൽ തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ട് തോന്നാം, അനാവശ്യമായ ഉത്കണ്ഠകൾ വർദ്ധിക്കുകയും ചെയ്യും. ദമ്പതികൾക്കിടയിൽ ഐക്യത കുറയാനും, പങ്കാളിക്കോ മക്കൾക്കോ ആരോഗ്യ പ്രശ്നങ്ങൾ വരാനും സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി മോശമാകുന്നതും പഠനത്തിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടുന്നതും മാതാപിതാക്കളിൽ ആശങ്കയുണ്ടാക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ബുധന്റെ സ്ഥാനം വിദ്യാവിജയം, വിദ്യാഭ്യാസ കാര്യങ്ങൾക്ക് വിദേശ യാത്ര, താമസം എന്നിവ അനുഭവത്തിൽ വരുത്തും. വിദ്യാഭ്യാസ കാര്യങ്ങളിൽ ഈ മാസം വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ കരിയറിൽ പുരോഗതിക്കും വ്യക്തിപരമായ വളർച്ചയ്ക്കും വഴിയൊരുക്കും. കാര്യവിജയം, കുടുംബത്തിൽ മംഗളകർമങ്ങൾ, ജീവിത സൗഭാഗ്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയും ഈ സമയത്ത് പ്രതീക്ഷിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും കുടുംബത്തിൽ സന്തോഷകരമായ ഒരന്തരീക്ഷം നിലനിൽക്കുകയും ചെയ്യും. ജീവിതനിലവാരം ഉയർത്താനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. ഏത് തൊഴിലിലോ ബിസിനസ്സിലോ ആയാലും വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. സമൂഹത്തിൽ മാന്യതയും ബഹുമാനവും ലഭിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സംസാരം മൂലം ചില അധികം ദോഷങ്ങൾ വരാനിടയുള്ള സമയമാണ് ഇത്. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി നിയമപരമായ പ്രശ്നങ്ങളോ ശിക്ഷയോ നേരിടാനുള്ള സാധ്യതയുണ്ട്, അതിനാൽ അതീവ ജാഗ്രത പാലിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ചില ദോഷാനുഭവങ്ങൾ ഉണ്ടാവാം. എന്നിരുന്നാലും, ഭൂമി ലാഭം, വാഹന ഭാഗ്യം, മേലധികാരിയുടെ പ്രശംസ എന്നിവയും ഈ മാസം നിങ്ങളെ തേടിയെത്തും. വാത, പിത്ത രോഗങ്ങളുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തൊഴിൽ ഇടങ്ങളിൽ ചില ശത്രുതകൾ വരാനിടയുണ്ട്. ഉന്നതരായ വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ സാമ്പത്തിക ഇടപാടുകളിൽ നടപടികൾ നേരിടേണ്ടി വന്നേക്കാം. മാനസികമായി ചില പ്രശ്നങ്ങളെ നേരിടേണ്ടി വരുമെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഭൂമി സംബന്ധമായ കാര്യങ്ങളിൽ ചില നഷ്ടങ്ങൾ വരാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങുന്നതും വിൽക്കുന്നതും തൽക്കാലം മാറ്റിവെക്കുന്നത് ഉചിതമായിരിക്കും. പുരുഷന്മാർ ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കുന്നതും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും നല്ലതാണ്. (ലഹരിവസ്തുക്കളിൽ ആസക്തി ഉണ്ടാകാനും, ചില രോഗങ്ങൾ അലട്ടാനും സാധ്യതയുള്ള സമയമാണ്) കുടുംബത്തിൽ സ്വസ്ഥത കുറയാനും ചില തെറ്റിദ്ധാരണകൾ വരാനും സാധ്യതയുണ്ട്. അന്യബന്ധങ്ങൾ വഴി മാനഹാനിയും സാമ്പത്തിക നഷ്ടവും വരാനിടയുണ്ട്. പങ്കാളിക്ക് ചില ബുദ്ധിമുട്ടുകൾ വരാനും ദുർവാർത്തകൾ കേൾക്കേണ്ടി വരാനും സാധ്യതയുണ്ട്. തൊഴിലിൽ ക്ലേശങ്ങൾ വർദ്ധിക്കാനും മേലധികാരിയുടെ അപ്രീതിക്ക് പാത്രമാകാനും സാധ്യതയുണ്ടെങ്കിലും, സാമ്പത്തിക കാര്യങ്ങളിൽ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.