മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. തൊഴിൽപരമായ വിജയങ്ങളും ബിസിനസ്സിൽ ലാഭവും ഉണ്ടാകും. വാഹന ഭാഗ്യം, നല്ല സുഹൃദ് ബന്ധങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. കലാ-സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിന് യോഗമുണ്ട്. എന്നിരുന്നാലും, വാരമധ്യത്തോടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തിൽ രോഗശാന്തി ഉണ്ടാകുമെങ്കിലും തൊഴിൽപരമായി ചില തിരിച്ചടികളും സാമ്പത്തിക ക്ലേശങ്ങളും നേരിടേണ്ടി വന്നേക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സുഖകരമായ അനുഭവങ്ങളും അപ്രതീക്ഷിതമായി ബന്ധുജന സമാഗമവും ഉണ്ടാകും. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും വർധിക്കും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്ന് ധനനഷ്ടം ഉണ്ടാവാതെ ശ്രദ്ധിക്കുക. വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾക്ക് വാരത്തിന്റെ അവസാനത്തിൽ ശമനം ഉണ്ടാകും. വീട്ടുപകരണങ്ങൾ മാറ്റി വാങ്ങാൻ അവസരം വന്നേക്കാം. തൊഴിൽ വിജയം, ധനലാഭം, നല്ല സുഹൃത്തുക്കളുടെ സാമീപ്യം എന്നിവ പ്രതീക്ഷിക്കാവുന്ന നല്ലൊരു വാരമായിരിക്കും ഇത്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ധനനഷ്ടവും മാനഹാനിയും ഉണ്ടാവാൻ സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. വരവിനെക്കാൾ കൂടുതൽ ചെലവുണ്ടാകാനും കുടുംബാംഗങ്ങളുമായി അകൽച്ച അനുഭവപ്പെടാനും സാധ്യതയുണ്ട്. ശാരീരികമായ അവശതകളും വിവിധതരം അനാരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. വാരമധ്യത്തോടെ ആരോഗ്യവർധനവ്, തൊഴിൽ വിജയം, ഉന്നത സ്ഥാനലബ്ധി എന്നിവ പ്രതീക്ഷിക്കാം. കലാകാരന്മാരെ സംബന്ധിച്ച്, ഈ സമയം പ്രശസ്തിയും അപകീർത്തിയും ഒരുപോലെ അനുഭവത്തിൽ വന്നേക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാരത്തിന്റെ തുടക്കത്തിൽ അന്യരെ സഹായിക്കാനുള്ള അവസരം ഉണ്ടാകും. എന്നാൽ കേസ് വഴക്കുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. വാരമധ്യത്തോടെ കുടുംബ സൗഖ്യം, തൊഴിൽ വിജയം, സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തികമായ പുരോഗതി ഉണ്ടാകും. കീർത്തി, ശത്രുഹാനി, ബന്ധുജന സമാഗമം എന്നിവയും ഫലത്തിൽ വരും. ചില ആഭരണങ്ങളും സമ്മാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് ജനസമ്മതി വർധിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. വിവാഹഭാഗ്യം, പുതുവസ്ത്രലാഭം, ഭൂമിവർധനവ്, ധനനേട്ടം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ വാരം ഒരു ബന്ധുവിന്റെ ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടി വന്നേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമാകും. നിയമപരമായ തർക്കങ്ങളും കേസുകളും കാരാഗൃഹവാസത്തിൽ വരെ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഉദരരോഗങ്ങൾ ശ്രദ്ധിക്കുക. ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ഉത്തരവാദിത്തം വർധിക്കുന്ന തൊഴിൽ മേഖലയിലേക്ക് മാറ്റം പ്രതീക്ഷിക്കാം. എന്നാൽ വാരത്തിന്റെ അവസാനത്തിൽ തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, ഭക്ഷണസുഖം, വാഹനഭാഗ്യം എന്നിവ പ്രതീക്ഷിക്കാം. കലാ-സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിന് യോഗമുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. കുടുംബജീവിതത്തിൽ സന്തോഷവും സാമ്പത്തിക ലാഭവും ഉണ്ടാകും. സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരങ്ങൾ ലഭിച്ചേക്കാം. വാഹനഭാഗ്യം ഉണ്ടാകും. വാരമധ്യത്തോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. അതിർത്തി തർക്കങ്ങൾ കേസ് വഴക്കുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ രൂക്ഷമായേക്കാം. ശരീരത്തിലെ നീർദോഷം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ബാങ്ക് ലോണോ മറ്റ് കടബാധ്യതകളോ ഉള്ളവർ ഈ വാരം അതീവ ജാഗ്രത പാലിക്കണം. സർക്കാർ ഭാഗത്തുനിന്ന് ജപ്തി നടപടികൾക്ക് സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വളരെ നാളുകളായി അലട്ടിയിരുന്ന രോഗങ്ങൾക്ക് കുറവ് അനുഭവപ്പെടും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് പ്രശംസയും അംഗീകാരവും ലഭിക്കും. തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗശാന്തി, ശത്രുഹാനി എന്നിവയും പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷകരവും ഐക്യപൂർണ്ണവുമായിരിക്കും. പങ്കാളിയുമായി നല്ല അടുപ്പം അനുഭവപ്പെടും. എന്നിരുന്നാലും, വാരത്തിന്റെ അവസാനം ശത്രുക്കളുടെ ഉപദ്രവം വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുകയും അവരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുകയും ചെയ്യുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ കാര്യങ്ങൾ ക്ഷമയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യുക. ജോലിസ്ഥലത്തും കുടുംബാംഗങ്ങൾക്കിടയിലും ചില അപവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം, അപകടങ്ങൾക്ക് സാധ്യതയുണ്ട്. വാരമധ്യത്തോടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർധിക്കും. നേരത്തെ ഉണ്ടായിരുന്ന വിള്ളലുകൾ പരിഹരിക്കപ്പെടും. ഈ ആഴ്ച ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്രതീക്ഷിത ധനനേട്ടത്തിനും സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ഏത് കാര്യങ്ങളിലും ധൈര്യത്തോടെ ഇറങ്ങിത്തിരിക്കുകയും വിജയം നേടുകയും ചെയ്യും. അസാമാന്യമായ ചിന്താശേഷി പലരുടെയും ആദരവ് നേടാൻ സഹായിക്കും. എന്നാൽ വാരമധ്യത്തോടെ മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഭാര്യാഭർത്താക്കന്മാർ തമ്മിലും കുട്ടികൾ തമ്മിലും നിസ്സാര കാര്യങ്ങൾക്ക് വാക്ക് തർക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. കൊളസ്ട്രോളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ജാഗ്രത പാലിക്കുക. വാരത്തിന്റെ അവസാനം തൊഴിൽ വിജയം, ശത്രുനാശം, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തൊഴിൽപരമായും കുടുംബപരമായും അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ പരസ്പരം കലഹത്തിന് സാധ്യതയുണ്ട്. നേത്രസംബന്ധമായോ മറ്റ് ശിരോരോഗങ്ങളോ ഉള്ളവർ ശ്രദ്ധിക്കുക. വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹവും ഐക്യവും വർധിക്കുകയും പരസ്പര സഹായസഹകരണങ്ങൾ ആശ്വാസം നൽകുകയും ചെയ്യും. ഏതെങ്കിലും രചനകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണമോ മരണസമാനമായ അവസ്ഥകളോ ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വളരെ നാളായി അസുഖത്തിന് ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. വിലപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർധിക്കുമെങ്കിലും, മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിൽ സേവനം കാഴ്ചവയ്ക്കാൻ സാധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ മാറുന്ന രീതിയിൽ ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും. വാരത്തിന്റെ അവസാനത്തിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ സ്ത്രീകൾ മൂലം മാനഹാനിക്കും അപവാദങ്ങൾക്കും സാധ്യതയുണ്ട്. അമിതമായ ആഡംബരപ്രിയം വരവിനെക്കാൾ കൂടുതൽ ചെലവുണ്ടാക്കാനും സാമ്പത്തിക ക്ലേശങ്ങൾക്കും കാരണമാകും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ അസുഖങ്ങൾ കുറയുകയും ശരീരത്തിന് കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. പുതിയ വരുമാന മാർഗമോ തൊഴിലോ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചേക്കാം. വാരത്തിന്റെ അവസാനത്തിൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്നത് വളരെ നല്ലതായിരിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.