സമ്പൂർണ്ണ വാരഫലം - സെപ്റ്റംബർ 21 മുതൽ സെപ്റ്റംബർ 27 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരത്തിന്റെ തുടക്കത്തിൽ ചില മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ വാരം മധ്യത്തോടുകൂടി വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ മാറിക്കിട്ടുന്ന സമയമാണിത്. വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരും. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങുവാനും, വീട് പുതുക്കിപ്പണിയാനും അല്ലെങ്കിൽ പുതിയ ഭൂമി സ്വന്തമാക്കാനും ഇടയുണ്ട്. ദമ്പതികൾക്കിടയിൽ ഐക്യവും സ്നേഹവും വർദ്ധിക്കും. എങ്കിലും, വാരം അവസാനത്തോടെ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ കേസുകളോ തർക്കങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ ഒട്ടനവധി മുഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാകും. അന്യദേശത്തേക്കുള്ള യാത്രകളോ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമോ ഉണ്ടാവാം. മാതൃസ്ഥാനത്തുള്ളവർക്ക് രോഗാവസ്ഥകളോ ആശുപത്രിവാസത്തിനോ സാധ്യതയുണ്ട്. എന്നാൽ, വാരം മധ്യത്തോടുകൂടി അനുകൂലമായ അന്തരീക്ഷം രൂപപ്പെടും. ദാമ്പത്യത്തിൽ ഐക്യം, തൊഴിലിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കീർത്തിയോ പുരസ്കാരങ്ങളോ ലഭിക്കുന്ന സമയമാണിത്. ശത്രുക്കളുടെ മേൽ വിജയം നേടാൻ കഴിയും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് ചെയ്യുന്ന കാര്യങ്ങൾ ലാഭകരമായി മാറും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മാനസികമായും, സാമ്പത്തികമായും, ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സമയമാണിത്. മാതാവിനോ മാതൃസ്ഥാനത്തുള്ളവർക്കോ രോഗദുരിതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ കലഹിക്കുവാനോ വിവാഹബന്ധത്തിൽ വിള്ളലുണ്ടാകുവാനോ സാധ്യതയുണ്ട്. ഉറക്കക്കുറവും ശാരീരികമായ അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. എങ്കിലും, വാരം അവസാനത്തോടെ ശത്രുനാശം, കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ഉന്നതി, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ ഉണ്ടാകും. വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ സഹോദരസ്ഥാനത്തുള്ളവരിൽ നിന്ന് ധാരാളം സഹായ സഹകരണങ്ങൾ ലഭിക്കും. സ്ത്രീ സുഹൃത്തുക്കളോടൊപ്പം തീർത്ഥാടന സ്ഥലങ്ങളിലോ വിനോദയാത്രകളിലോ പോകാൻ ഇടയുണ്ട്. എന്നാൽ, വിശ്വസിച്ചവരിൽ നിന്ന് വഞ്ചന നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായോ ജീവിതപങ്കാളിയുമായോ ഉള്ള അനാവശ്യ വാക്കുതർക്കങ്ങൾ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും വീടുവിട്ട് മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും. വാഹനം മൂലം ദുരിതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാവാം. കല, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച ഫലം ലഭിക്കുന്ന സമയമാണിത്. ബാല്യകാല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. പട്ടാളം, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കും. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദികൾ പങ്കിടാനും അവസരമുണ്ടാകും. എന്നിരുന്നാലും, വാരം അവസാനത്തോടെ കുടുംബാംഗങ്ങളുമായി കലഹങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ ചിന്തകൾ കാരണം മനസ്സും ശരീരവും അസ്വസ്ഥമായേക്കാം. ചിലർക്ക് സ്ത്രീകൾ മൂലം മാനഹാനിയോ ധനനഷ്ടമോ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, വാരം മധ്യത്തോടുകൂടി മനഃസന്തോഷം, ദാമ്പത്യ ഐക്യം, സാമ്പത്തിക നേട്ടം, രോഗശാന്തി, ഭക്ഷണസുഖം, പുതിയ വസ്ത്രങ്ങൾ എന്നിവയുണ്ടാകും. ബാങ്കിങ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മികച്ച ഫലം ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് ലഭിക്കാനും സാധ്യതയുണ്ട്. വാരം അവസാനത്തോടെ സുഹൃത്തുക്കളിൽ നിന്നോ സഹോദരസ്ഥാനത്തുള്ളവരിൽ നിന്നോ അകമഴിഞ്ഞ സഹായം ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെനാളായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും, അവരോടൊപ്പം തീർത്ഥാടന സ്ഥലങ്ങളിലോ മംഗളകരമായ ചടങ്ങുകളിലോ പങ്കെടുക്കാനും അവസരമുണ്ടാകും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് മികച്ച സഹകരണങ്ങൾ ലഭിക്കും. എന്നാൽ, വാരം മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം അവസാനത്തോടെ തൊഴിൽ വിജയം, ധനലാഭം, ദാമ്പത്യ ഐക്യം, ശത്രുജയം, വാഹന ഭാഗ്യം എന്നിവയുണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ വന്നുചേരും. ബന്ധുജനങ്ങളുമായുള്ള സമാഗമം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവയുണ്ടാകും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാം. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക മാന്ദ്യം മാറി പുതിയ കരാറുകൾ ലഭിക്കും. എന്നാൽ, വാരം അവസാനത്തോടെ അനാവശ്യമായ വിവാദങ്ങളിൽപ്പെട്ട് പ്രതികൂല ഫലം അനുഭവിക്കേണ്ടി വരും. സ്ത്രീകളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക. എങ്കിലും, അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ, നല്ല സുഹൃത്തുക്കൾ, രോഗശാന്തി എന്നിവ ഉണ്ടാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമെങ്കിലും അവരിൽ നിന്ന് തിക്തമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ശത്രുതയോ കേസുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം മധ്യത്തോടെ വളരെക്കാലമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനും മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനും ഇടയുണ്ട്. ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കങ്ങൾ പരിഹരിക്കാൻ സാധിക്കും. സന്താനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് അതിനുള്ള സൗഭാഗ്യം ലഭിക്കും. എന്നാൽ, വാരം അവസാനത്തോടെ ആരോഗ്യക്കുറവ്, അലസത, സ്ത്രീകൾ മൂലം മാനഹാനി, മനഃസമാധാനക്കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകാനും ആരോഗ്യക്ഷയം സംഭവിക്കാനും സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ ഇടയുണ്ട്. ജീവിതപങ്കാളി, സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ എന്നിവരുമായി അഭിപ്രായവ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യത കാണുന്നു. കേസ് വഴക്കുകൾ ഉണ്ടാകുവാനും ശത്രുത വർദ്ധിക്കുവാനും സാഹചര്യം സംജാതമാകും. കുടുംബസ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ പരാജയം നേരിടേണ്ടി വരും. എങ്കിലും, വാരം അവസാനത്തോടെ തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം, ശത്രുജയം എന്നിവ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ പ്രണയിക്കുന്നവർക്ക് പ്രണയസാഫല്യം ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. ദൂരെയുള്ള ജീവിതപങ്കാളിയുമായി ഒന്നിച്ച് താമസിക്കാൻ തക്കവണ്ണം ജോലിയിൽ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ, വാരം മധ്യത്തിൽ ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ വർദ്ധിക്കാനും നിയമപരമായ കാര്യങ്ങളിൽ പരാജയം നേരിടാനും സാധ്യതയുണ്ട്. വാരം അവസാനത്തോടെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വളരെക്കാലമായി ശത്രുതയിലായിരുന്നവർ മിത്രങ്ങളായി മാറാൻ ശ്രമിക്കും. സാമ്പത്തികമായും, മാനസികമായും, ശാരീരികമായുമുള്ള തിരിച്ചടികളെ ഏറെക്കുറെ അതിജീവിക്കാൻ സാധിക്കും. രാഷ്ട്രീയത്തിലും തൊഴിൽ സ്ഥലത്തും ഉണ്ടായിരുന്ന വിദ്വേഷം മാറി സ്ഥാനക്കയറ്റം ലഭിക്കുന്ന സമയമാണിത്. പുതിയ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. എന്നിരുന്നാലും, വാരം അവസാനത്തോടെ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടി വരും. പുതിയ ശത്രുക്കൾ ഉണ്ടാകുവാനും വ്യവഹാരങ്ങളിൽ പരാജയം നേരിടാനും സാധ്യതയുണ്ട്. ജലവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.