സമ്പൂർണ്ണ വാരഫലം - സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ 04 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരത്തിന്റെ തുടക്കത്തിൽ ചില ആരോഗ്യപരമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, പിതാവിനോ പിതൃതുല്യരായ വ്യക്തികൾക്കോ ചില പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. വളരെ അടുത്ത സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വിപരീത അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നിരുന്നാലും, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും. കലാകാരന്മാർക്ക് അവരുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ദീർഘകാലമായുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങുകയും പുതിയ വരുമാന മാർഗങ്ങൾ തുറന്നു കിട്ടുകയും ചെയ്യും. ഈ സമയം മനോബലം ഉയർത്തിപ്പിടിക്കുകയും കാര്യങ്ങളെ പോസിറ്റീവായി സമീപിക്കുകയും ചെയ്താൽ ആഗ്രഹിച്ച കാര്യങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം ഗുണങ്ങളും ദോഷങ്ങളും ഇടകലർന്ന അനുഭവങ്ങൾ നൽകും. വാത, പിത്ത, കഫ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. ആരോഗ്യക്കുറവ് ശരീരത്തെ ക്ഷീണിപ്പിക്കാൻ സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പുലർത്താത്ത പക്ഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകളിലും, പ്രത്യേകിച്ച് വായ്പയുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോഴും അതീവ ശ്രദ്ധ പുലർത്തണം. വാരത്തിന്റെ അവസാനത്തോടുകൂടി തൊഴിൽ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യബന്ധത്തിൽ ഐക്യമുണ്ടാകും, ബന്ധുജന സമാഗമവും തൊഴിൽ വിജയവും നല്ല സുഹൃത്തുക്കളെ ലഭിക്കാനുള്ള ഭാഗ്യവും ഈ സമയത്ത് പ്രതീക്ഷിക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ വാരം നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുണ്ട്. ദമ്പതികൾക്കിടയിൽ പരസ്പര ധാരണ വർധിക്കുകയും അതുവഴി പല കാര്യങ്ങളിലും ഒത്തുതീർപ്പുണ്ടാകുകയും ചെയ്യും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു പുതിയ ഭവനം സ്വന്തമാക്കാൻ അവസരമുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളവർക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാം. എന്നാൽ വാരത്തിന്റെ മധ്യത്തോടുകൂടി രോഗസംബന്ധമായ ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. അനാവശ്യമായ സംഭാഷണങ്ങൾ മൂലം ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അകൽച്ചയുണ്ടാകാൻ ഇടയുണ്ട്. സന്താനങ്ങളെക്കുറിച്ച് ആശങ്കകളും ഉത്കണ്ഠകളും വർധിക്കാൻ സാധ്യതയുള്ളതിനാൽ അവരെ ശ്രദ്ധയോടെ നയിക്കേണ്ടത് ഈ സമയത്ത് പ്രധാനമാണ്. അന്യരിൽ നിന്ന് ചില ദുരനുഭവങ്ങൾ നേരിടാനും സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. തൊഴിൽ മേഖലയിൽ മേലധികാരിയുടെ പ്രീതി നേടാനും അതുവഴി ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. ശത്രുക്കളെ അതിജീവിക്കാൻ സാധിക്കുകയും അത് ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകുകയും ചെയ്യും. സ്ത്രീ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും യാത്രകൾ നടത്താനും അവസരമുണ്ടാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, കീർത്തി, സുഖഭോജന ഭാഗ്യം എന്നിവ ഈ സമയത്ത് പ്രതീക്ഷിക്കാം. എങ്കിലും, വാരത്തിന്റെ അവസാനം ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് ഉചിതമായിരിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരത്തിന്റെ തുടക്കത്തിൽ ചില മാനസിക അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. വാരമധ്യത്തോടുകൂടി പ്രതിസന്ധികളെ അതിജീവിക്കുകയും, തൊഴിൽ വിജയം, കീർത്തി, ഭക്ഷണസുഖം, വാഹന ഭാഗ്യം എന്നിവ ലഭിക്കുകയും ചെയ്യും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ സാധിക്കുന്ന തരത്തിൽ ജോലിയിൽ സ്ഥാനമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കും. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ കുറച്ചാൽ ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങൾക്ക് ഇടയുണ്ട്. ശത്രുഭയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനത്തിനനുസരിച്ചുള്ള പരിഹാരങ്ങൾ ചെയ്യുന്നത് ഉചിതമായിരിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം സാമ്പത്തികമായും മാനസികമായും കുടുംബപരമായും വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ദാമ്പത്യബന്ധത്തിൽ മാനസിക ഐക്യം കുറയാനും കലഹങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകാനും ആശുപത്രിവാസം വേണ്ടിവരാനും സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളും ഉറക്കക്കുറവും ദഹനവ്യവസ്ഥയെ ബാധിക്കുകയും ഛർദി, വയറുവേദന പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടവരുത്തുകയും ചെയ്യും. അനാവശ്യ സംഭാഷണങ്ങൾ സ്വന്തം നിലയ്ക്ക് ദോഷകരമായി മാറിയേക്കാം. എങ്കിലും, വാരത്തിന്റെ അവസാനത്തിൽ പ്രതികൂല സാഹചര്യങ്ങൾ മാറി ശത്രുഹാനി, തൊഴിൽ വിജയം, സാമ്പത്തിക നേട്ടം, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ഏത് കാര്യത്തിലും ധൈര്യത്തോടെ മുന്നിട്ടിറങ്ങാനും വിജയം നേടാനും സാധിക്കും. അസാമാന്യമായ ചിന്താശേഷിയും സംസാരശൈലിയും മറ്റുള്ളവരുടെ ആദരവ് നേടിക്കൊടുക്കും. എന്നാൽ, വാരത്തിന്റെ മധ്യത്തോടുകൂടി മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ദമ്പതികൾക്കും സന്താനങ്ങൾക്കും ഇടയിൽ നിസ്സാര കാര്യങ്ങളിൽ വാക്കുതർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പര ബഹുമാനം ഇല്ലാത്ത പെരുമാറ്റങ്ങൾ ഈ സമയം ഒഴിവാക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ അതീവ ശ്രദ്ധ പുലർത്തണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം തൊഴിൽപരമായും കുടുംബപരമായും ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ദമ്പതികൾക്കിടയിൽ കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നേത്രരോഗങ്ങളോ മറ്റു ശിരോരോഗങ്ങളോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും വർധിക്കുകയും പരസ്പര സഹായ സഹകരണങ്ങൾ ആശ്വാസം നൽകുകയും ചെയ്യും. കലാപരമായ രചനകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. വളരെ അടുത്ത ബന്ധുക്കൾക്ക് ചില പ്രതിസന്ധി ഘട്ടങ്ങളോ ആരോഗ്യപരമായ വെല്ലുവിളികളോ നേരിടേണ്ടി വന്നേക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വളരെക്കാലമായി അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നവർക്ക് രോഗം ഭേദമാവാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. വിലപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽപരമായി ചില ക്ലേശങ്ങൾ നേരിടാമെങ്കിലും മേലധികാരിയുടെ പ്രശംസ നേടാൻ തക്കവിധം കഴിവ് തെളിയിക്കാൻ സാധിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ മാറ്റിമറിക്കുന്ന ചില വഴിത്തിരിവുകൾ ജീവിതത്തിലുണ്ടാകും. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ കുടുംബപരമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണം മാനഹാനിക്കും അപവാദങ്ങൾക്കും സാധ്യതയുണ്ട്. അനാവശ്യ സൗഹൃദങ്ങളിൽ ഏർപ്പെടാനും ദുഷ്പ്രവർത്തികളിലേക്ക് ആകർഷിക്കപ്പെടാനും സാധ്യതയുള്ളതിനാൽ ശ്രദ്ധയോടെ നീങ്ങുക. അമിതമായ ആഡംബരപ്രിയം കാരണം വരവിനേക്കാൾ കൂടുതൽ ചെലവുണ്ടാവുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്. വാരമധ്യത്തോടുകൂടി രോഗങ്ങൾ കുറയുകയും ശരീരത്തിന് ഉന്മേഷം വർധിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗങ്ങളോ ജോലിയോ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചേക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം വളരെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടാനും ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാനും അവസരമുണ്ടാകും. കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ ഐക്യവും ബന്ധുജന സമാഗമവും പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്, എന്നാൽ പെൺസുഹൃത്തുക്കളുമായി ഇടപെഴകുമ്പോൾ ജാഗ്രത പുലർത്തണം. വഞ്ചന, അപവാദം, പണനഷ്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. അനാവശ്യമായ സൗഹൃദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറേണ്ട സാഹചര്യമുണ്ടാകും. തൊഴിൽ മേഖലയിൽ മേലധികാരിയിൽ നിന്ന് പ്രശംസ നേടാനോ പുരസ്കാരങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ കുറയുകയും പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവർക്ക് പേരും പ്രശസ്തിയും വർധിക്കും. സർക്കാർ മേഖലയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനോ സർക്കാർ ജോലി ലഭിക്കാനോ സാധ്യതയുണ്ട്. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥമായ സമീപനത്തിലൂടെയും നേടിയെടുക്കാൻ സാധിക്കും. വളരെ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒത്തുചേരാനും സമയം ചെലവഴിക്കാനും അവസരമുണ്ടാകും. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ സ്ത്രീകൾ മുഖേന അപവാദങ്ങൾ കേൾക്കാനോ പണനഷ്ടം ഉണ്ടാകാനോ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധയും പക്വതയും കാണിച്ചില്ലെങ്കിൽ പലതരത്തിലുള്ള നഷ്ടങ്ങൾക്കും സാധ്യതയുണ്ട്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.