മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സർക്കാർ, അർദ്ധ സർക്കാർ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന സമയമാണിത്. എല്ലാ കാര്യങ്ങളിലും മാന്യത, പ്രവർത്തന വിജയം, പ്രശസ്തി, ശത്രുഹാനി, വ്യവഹാര വിജയം, മനഃസന്തോഷം, ഭൂമി ലാഭം എന്നിവ ഈ രാശിക്കാരെ തേടിയെത്തും. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നവർക്ക് അതിൽ നിന്ന് മുക്തി നേടി ആരോഗ്യം മെച്ചപ്പെടും. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. കൂടാതെ, അപ്രതീക്ഷിതമായ ധനലാഭത്തിനും സാധ്യതയുണ്ട്. വ്യാപാരികൾക്ക് പ്രവർത്തനമാന്ദ്യം മാറി പുരോഗതി കൈവരിക്കും. ചിലർക്ക് പ്രണയബന്ധങ്ങളിൽ നല്ല പുരോഗതിയുണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രയും താമസവും അനിവാര്യമായിത്തീർന്നേക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ മാസം പ്രതിസന്ധികളെ കരുതലോടെ നേരിടേണ്ടിവരും. വ്യവഹാര പരാജയങ്ങൾക്കും നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടാനും സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരസുഖക്കുറവ്, രോഗോപദ്രവങ്ങൾ, ശത്രുഭയം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ രംഗത്ത് ചില ക്ലേശങ്ങൾക്കും ധനനഷ്ടത്തിനും സാധ്യതയുണ്ട്. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ മാനസികമായി വെല്ലുവിളിയായേക്കാം. സ്ത്രീകൾ മൂലം അപവാദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണം. സന്താനങ്ങളെ കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലഹരിയോടുള്ള അമിതാസക്തി അപകടകരമാകാത്ത രീതിയിൽ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. യാത്രകളിൽ ജാഗ്രത പാലിക്കുന്നത് അപകടസാധ്യത കുറയ്ക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ മാസം ജാഗ്രതയോടെ നീങ്ങേണ്ടത് അനിവാര്യമാണ്. റിയൽ എസ്റ്റേറ്റ്, മറ്റ് ബിസിനസ്സുകൾ എന്നിവ നടത്തുന്നവർ സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തണം. അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് മാനഹാനിയും നിയമപരമായ പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും. ലഹരിവസ്തുക്കളിൽ ആസക്തിയുള്ളവർ ആരോഗ്യപരമായ ദുരിതങ്ങൾ ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിലെ പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് മാനസിക അസ്വസ്ഥതകൾക്ക് കാരണമാവാം. വാഹനം ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ മാസം ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വർധിക്കും. ശത്രുക്കളുടെ മേൽ വിജയം, മനഃസുഖം, ധനലാഭം, കുടുംബസുഖം, കീർത്തി, ഉന്നത പദവി എന്നിവ അനുഭവത്തിൽ വരും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന ആനുകൂല്യങ്ങൾ പലിശ സഹിതം ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. എല്ലാ കാര്യങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. നല്ല സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാനും അവരിൽ നിന്ന് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാനും കഴിയും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വേണ്ടപ്പെട്ടവരിൽ നിന്ന് യഥാസമയം സഹായം ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാവാം. കഠിനാധ്വാനത്തിന് അർഹിച്ച പ്രതിഫലം ലഭിക്കാത്തത് നിരാശയുണ്ടാക്കിയേക്കാം. അനാവശ്യമായ സൗഹൃദങ്ങൾ വഴി മാനഹാനിക്കും സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യതയുണ്ട്. ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുന്നത് വഞ്ചന ഒഴിവാക്കാൻ സഹായിക്കും. കുടുംബപരമായി അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ശിരോരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും സാധ്യതയുണ്ട്. നേത്രസംബന്ധമായ അസുഖങ്ങളുള്ളവർ കൃത്യസമയത്ത് പരിശോധന നടത്തുന്നത് രോഗം മൂർച്ഛിക്കാതിരിക്കാൻ സഹായിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ മാസം വെല്ലുവിളികൾ നിറഞ്ഞ കാലമാണ്. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്. അനാവശ്യമായ കോപം ദോഷകരമായി ഭവിക്കും. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ഹൃദ്രോഗം, ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ ഇടയുണ്ട്. ആദായനികുതി പോലുള്ള കാര്യങ്ങളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീ സുഹൃത്തുക്കളുമായി തെറ്റിദ്ധാരണകൾ ഉണ്ടാകാനും മാനഹാനിക്കും സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ മാസം ഗുണ സമ്മിശ്രമായ ഫലങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ചിലർക്ക് കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. എന്നാൽ ചിലർക്ക് അന്യ സ്ത്രീബന്ധം മൂലം ഗാർഹിക ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളിൽ വഞ്ചനയ്ക്കും നഷ്ടത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഏത് കാര്യത്തിന് ശ്രമിച്ചാലും തടസ്സങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടിവരും. അതിനാൽ, ക്ഷമയും സഹിഷ്ണുതയും കൈവിടാതിരിക്കുക. പ്രതീക്ഷിക്കാത്ത ചില ബന്ധുവിയോഗം സംഭവിക്കാൻ സാധ്യതയുണ്ട്. വരവിനെക്കാൾ കവിഞ്ഞ ചെലവ് ധനക്ലേശത്തിന് കാരണമാവാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബ സൗഖ്യം, വിദേശവാസം, ജോലി എന്നിവ ഈ മാസം അനുകൂലമാകും. വ്യാപാരത്തിലും ബിസിനസ്സിലും പുരോഗതിയും ധനഭാഗ്യവും പ്രതീക്ഷിക്കാം. ആരോഗ്യവർദ്ധനവ് ഉണ്ടാകും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാനും തൊഴിലിൽ ഉന്നതി നേടാനും സാധിക്കും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഈ മാസം സാക്ഷാത്കരിക്കാൻ സാധ്യതയുണ്ട്. ഭൂമി ലാഭമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നതരുമായി പരിചയപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും അവസരം ലഭിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ മാസം എല്ലാ കാര്യങ്ങളിലും അഭിവൃദ്ധി പ്രതീക്ഷിക്കാം. തൊഴിൽ വിജയം, ധനലാഭം, കുടുംബസുഖം, കാര്യവിജയം എന്നിവ അനുഭവത്തിൽ വരും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. പിണങ്ങിയിരുന്ന ബന്ധുക്കളുമായി രമ്യതയിലാകാൻ അവസരം ലഭിക്കും. മനഃസുഖം, വിവാഹഭാഗ്യം എന്നിവയും പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാരപ്രാപ്തി നേടാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ഐക്യവും സ്നേഹവും വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും വന്നുചേരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ മാസം അതീവ ജാഗ്രതയോടെ നീങ്ങേണ്ടത് ആവശ്യമാണ്. അമിതമായ കോപവും അനാവശ്യ കൂട്ടുകെട്ടുകളും ദോഷകരമായി ഭവിക്കും. യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തണം, അപകടങ്ങൾക്ക് സാധ്യതയുണ്ട്. കേസുകളിലും നിയമപരമായ പ്രശ്നങ്ങളിലും അകപ്പെടാൻ സാധ്യതയുണ്ട്. മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടേണ്ട അവസ്ഥയുണ്ടാവാം. വേണ്ടപ്പെട്ടവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാനും അത് വിരോധത്തിന് കാരണമാകാനും സാധ്യതയുണ്ട്. തൊഴിൽപരമായ ക്ലേശങ്ങൾക്കും കുടുംബത്തിൽ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. രോഗങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ മാസം ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരിക, ദാമ്പത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവം വർധിക്കുന്ന സമയമാണിത്. കുടുംബാംഗങ്ങൾക്ക് രോഗദുരിതങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി തെറ്റായ പ്രവർത്തികളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ച് വായ്പകളുമായി ബന്ധപ്പെട്ട് ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഗ്രഹനിലയിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് കുടുംബത്തിൽ അഭിവൃദ്ധിയും ബന്ധുജനങ്ങളുമായി രമ്യതയും ഉണ്ടാകും. എന്നാൽ, ഗ്രഹനിലയിൽ ശുക്രൻ നീച സ്ഥാനത്താണെങ്കിൽ ദാമ്പത്യത്തിൽ ഐക്യക്കുറവ് അനുഭവപ്പെട്ടേക്കാം. എങ്കിലും തുറന്ന സമീപനത്തിലൂടെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സാധിക്കും. ജീവിതപങ്കാളിക്കും സന്താനങ്ങൾക്കും രോഗദുരിതങ്ങൾ വരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായ ക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഉദരരോഗങ്ങളും അർശ്ശസ്സും അലട്ടാൻ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.