മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരത്തിൽ തൊഴിൽ മേഖലയിൽ ഗണ്യമായ രീതിയിൽ വളർച്ച ഉണ്ടാവും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങളായി മാറാൻ ശ്രമിക്കും. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പിണക്കം മാറി പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ ബിസിനസ്സ് രംഗത്ത് ഇറങ്ങുവാൻ സാധിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും, എന്നാൽ വാരം അവസാനം അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ചതി ഉണ്ടാവാനും ധനനഷ്ടത്തിനും മാനഹാനിക്കും കാരണമാകുന്ന സംഭവ വികാസങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അന്യബന്ധം സൂക്ഷിക്കുന്നവർ ജാഗ്രത പാലിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ മാനസികമോ ശാരീരികമോ ആയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂട്ടുകെട്ടുകളിൽ നിന്നോ പങ്കാളിത്ത കച്ചവടത്തിൽ നിന്നോ അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങളോ അപമാനകരമായ അനുഭവങ്ങളോ ഉണ്ടാകുവാനുള്ള സാഹചര്യം വളരെ വലുതാണ്. വാരം മധ്യത്തോടു കൂടി കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിവാഹത്തിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഇടവരും. വാരം അവസാനത്തോട് കൂടി പുതിയ വാഹനമോ വീടോ സ്വന്തമാക്കുവാൻ സാധിക്കും. വളരെ നാളായി പിണങ്ങിയിരുന്നതോ തെറ്റിദ്ധാരണ മൂലം അകന്നു കഴിഞ്ഞ ബന്ധുക്കളോ സുഹൃത്തുക്കളോ വീണ്ടും കണ്ടുമുട്ടും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും ചില വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഉണ്ടാവും. ജാതകത്തിൽ കുടുംബസ്ഥാനത്തു ശുഭാശുഭ ഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച് ഫലത്തിൽ വ്യത്യാസം അനുഭവപ്പെട്ടേക്കാം. പൊതുവിൽ മാതാവിനോ പിതാവിനോ അസുഖം ഉള്ളവർ ജാഗ്രത പാലിക്കുന്നത് നല്ലത് ആയിരിക്കും. ശ്വാസ കോശം മറ്റ് അലർജി രോഗം ഉള്ളവർ കൃത്യ സമയത്ത് മരുന്ന് കഴിക്കുന്നത് ഉചിതമായിരിക്കും. വാരം അവസാനത്തോട് കൂടി സാമ്പത്തിക ലാഭം, സത്സന്താന ഭാഗ്യം, കീർത്തി, ഭക്ഷണ സുഖം എന്നിവ അനുഭവത്തിൽ വരും
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവും. വാരത്തിന്റെ തുടക്കത്തിൽ അപ്രതീഷിതമായ ഭാഗ്യാനുഭവങ്ങളോ ആടായാഭരണ- അലങ്കാര വസ്തുക്കളുടെ വർദ്ധനവോ ഉണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ബിസിനസ്സുകാർക്ക് പുതിയ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ പ്രതീക്ഷിക്കാം. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാൻ സാധിക്കും. എന്നാൽ ആരോഗ്യപരമായും മാനസികമായും ചില പ്രയാസങ്ങൾ ഉണ്ടാകുവാനോ ഉറക്കക്കുറവ് അനുഭവപ്പെടുകയോ അലസത ഉണ്ടാകുവാനോ ഇടയുണ്ട്. ശത്രുക്കളെ കൊണ്ട് ദോഷാനുഭവങ്ങൾ ഉണ്ടാകുവാനും കേസിൽ പരാജയപെടുവാനും സാധ്യതയുണ്ട്. വാരം അവസാനം മനഃസന്തോഷം, ധനലാഭം ഉണ്ടാവും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ വാരം ആത്മീയപരമായി വളരെ അധികം പ്രയോജനങ്ങൾ ഉണ്ടാവും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനും പുതിയ ചില വഴിത്തിരിവുകൾ ജീവിതത്തിൽ ഉണ്ടാകുവാനും ഇടയുണ്ട്. പുതിയ ആഭരണമോ വസ്ത്രമോ സമ്മാനമായി ലഭിക്കും. ശത്രുക്കൾ നിഷ്പ്രഭരാകുകയും കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാവുകയും ചെയ്യും. കുടുംബ ബന്ധു ജനങ്ങളുമായി അനാവശ്യമായ വാക്കുതർക്കങ്ങളോ നീരസമോ ഉണ്ടാവും. ചിലർക്ക് മനഃശ്ശാന്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. തൊഴിൽപരമായി നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാവും. വിദേശത്ത് പോകുവാനുള്ള അനുമതി ലഭിക്കുകയും പുതിയ വ്യക്തി ബന്ധങ്ങൾ ശക്തമാകുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ പുതിയ ചില ആത്മബന്ധങ്ങൾ ഉടലെടുക്കുകയും ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരികയും ചെയ്യുന്ന സമയമാണ്. ശ്രേഷ്ടരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം സഹവസിക്കാനും അവരിൽ നിന്നും കാര്യങ്ങൾ പഠിക്കുവാനും അവസരം ലഭിക്കും. മാധ്യമ- സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവും. ശത്രുക്കളുടെ മേൽ വിജയമുണ്ടാകും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്ര പോകുവാനും അവരോടൊപ്പം ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാനും അവസരം ലഭിക്കും. സ്വത്തു സംബന്ധമായി കേസുകളിൽ അനുകൂല വിധി ഉണ്ടാകുവാനും സ്വത്ത് ഭാഗം വെച്ച് കിട്ടുവാനും ഇടയുണ്ട്
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ട്ടം, അപമാനം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ പനി രൂക്ഷമാകുവാനും ശരീര ശോഷണം ഉണ്ടാകുവാനും കാരണമാകും. ബന്ധു ജനങ്ങളുമായി ഇടപെടുമ്പോൾ വാക്കുകളിൽ മിതത്വo പാലിക്കുന്നത് നല്ലതായിരിക്കും. വാര മധ്യത്തോടു കൂടി നല്ല പേര് കേൾക്കുവാനും നല്ല കാര്യങ്ങൾ ചെയ്യുവാനും ഉള്ള സാഹചര്യം ഉണ്ടാകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപെടുവാനും അവരോടൊപ്പം ചെലവഴിക്കാനും അവസരം ഉണ്ടാവും. ലോട്ടറി, ചിട്ടി എന്നിവയിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ കുടുംബ ബന്ധുജങ്ങളിൽ നിന്നും അപ്രതീഷിതമായ സഹായ സഹകരണങ്ങൾ ലഭിക്കും. ജീവിത പങ്കാളി അല്ലെങ്കിൽ ബിസിനസ്സ് പങ്കാളി എന്നിവരുമായി സ്നേഹവും ബഹുമാനവും വർദ്ധിയ്ക്കും. ഏറ്റവും വേണ്ടപ്പെട്ട വ്യക്തികൾക്കോ ബന്ധുക്കൾക്കോ സ്വന്തം ചെലവിൽ വിവാഹം നടത്തി കൊടുക്കുവാൻ തീരുമാനം എടുക്കും. വാരംമധ്യത്തോട് കൂടി സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പ്രധാനപ്പെട്ട രേഖകൾ മോഷണം പോകുവാനോ സാധ്യത ഉണ്ട്. ശ്വാസകോശ സംബന്ധമായോ അലർജി സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വാരം അവസാനത്തോട് കൂടി രോഗശാന്തി, ധന നേട്ടം, ഇഷ്ട ഭക്ഷണ സമൃദ്ധി, എന്നിവ ഉണ്ടാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ജോലിക്കു വേണ്ടി പരിശ്രമിക്കുന്നവർക്കു അർഹതപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കും. ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കല രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികളിൽ മത്സര പരീക്ഷകളിൽ വിജയിക്കുകയും പാരിതോഷികങ്ങൾ ലഭിക്കുകയും ചെയ്യും. വാരം അവസാനത്തോട് കൂടി വരവിനേക്കാൾ ചെലവ് അനുഭവപ്പെടുകയും അനാവശ്യമായ ചെലവുകൾ മൂലം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസുവഴക്കുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അപരിചിതരുമായുള്ള ഇടപെടലുകൾക്ക് വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ചതിയിൽ പെടുവാൻ ഇടവരും. വാരം മധ്യത്തോട് കൂടി സർക്കാർ ജോലിക്ക് പരിശ്രമിയ്ക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. വിദഗ്‌ധ ഉപദേശം തേടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി കൈവരിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ ബന്ധു ജനങ്ങളോടൊപ്പം പങ്കെടുക്കുവാൻ അവസരം ലഭിക്കും. ചിരകാല അഭിലാഷമായ വിദേശയാത്ര സഫലമാകും.സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുവാൻ സാധിക്കും. വാരം അവസാനം അപ്രതീഷിതമായ ധനലാഭം പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും.വാരം തുടക്കത്തിൽ ശരീരശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയാകുകയും ആശുപത്രി വാസത്തിനും യോഗമുണ്ട്.സാമ്പത്തീക ക്രയ വിക്രയങ്ങളിൽ ജാഗ്രത പാലിക്കുക. മറ്റുള്ളവർക്ക് പരോപകാരം ചെയ്യുമെങ്കിലും തിരിച്ചു നന്ദി ഇല്ലാത്ത അവസ്ഥ ഉണ്ടാവും. വാരം അവസാനത്തോട് കൂടി തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റം ഉണ്ടാവുകയും സാമ്പത്തീക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ബിസിനെസ്സിൽ തടസ്സങ്ങൾ മാറുകയും പുതിയ ഉണർവ്വ് അനുഭവപ്പെടുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ധനലാഭം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ബിസിനെസ്സിൽ ഇരിക്കുന്നവർക്ക് സാമ്പത്തീക പുരോഗതി ഉണ്ടാവും. എന്നാൽ വാര മധ്യത്തോടു കൂടി സ്ഥിതിഗതികൾ തകിടം മറയും.നിനച്ചിരിക്കാതെ ആപത്തുകൾ വന്നുചേരും. ഏറ്റവും വേണ്ടപെട്ടവർക്ക് മരണമോ മരണ സമാനമായ അവസ്ഥകളോ കടന്ന് പോകേണ്ട സ്ഥിതി വിശേഷം ഉണ്ടാകുവാനോ ആശുപത്രി വാസത്തിനോ ഇടയുണ്ടാവും. ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്നങ്ങൾ ഉള്ളവർ കൃത്യമായി മരുന്ന് കഴിക്കുന്നത് ഉചിതമായിരിക്കും. ശത്രുഭയം, വ്യപഹാര പരാജയം, മനോരോഗം, ജലഭയം എന്നിവ ഉണ്ടാകും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.