മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ ആഴ്ച ഗുണങ്ങളും ദോഷങ്ങളും കലർന്ന അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും കരുതലും ഉണ്ടാകുന്നത് നല്ലതാണ്. ചെറിയ അസ്വസ്ഥതകൾ മാറി സൗഖ്യം ലഭിക്കുമെങ്കിലും, ശരീരം നൽകുന്ന സൂചനകൾ അവഗണിക്കാതെ കൃത്യമായി വൈദ്യസഹായം തേടുന്നത് വളരെ നന്നായിരിക്കും മാതാപിതാക്കൾക്കോ അല്ലെങ്കിൽ ആ സ്ഥാനത്തുള്ളവർക്കോ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയും മിതത്വവും പാലിക്കുക. അപ്രതീക്ഷിതമായ ചില ചെലവുകൾ വരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ ആഴ്ച ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ തൊഴിൽപരമായ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നേത്ര സംബന്ധമായോ ഉദര സംബന്ധമായോ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. എല്ലാ കാര്യങ്ങളിലും ഒരു കരുതൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സാമ്പത്തിക നഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ കാര്യങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കഴിഞ്ഞ കുറച്ചു നാളുകളായി അലട്ടിയിരുന്ന സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾക്ക് ഈ ആഴ്ച ഒരു പരിധി വരെ ശമനം ലഭിക്കും. നല്ല അനുഭവങ്ങളും ഭാഗ്യാനുഭവങ്ങളും വന്നുതുടങ്ങും. എങ്കിലും ഈ ആഴ്ച ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തിൽ വരവിൽ കവിഞ്ഞ ചിലവുകൾ പ്രതീക്ഷിക്കാം. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാനുള്ള അവസരം ലഭിക്കും. ശത്രുതയിലായിരുന്ന ചില ബന്ധുക്കൾ അവരുടെ വഴക്കുകൾ മറന്ന് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങും. ആഴ്ചാവസാനം പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെട്ടേക്കാം. എന്നാൽ വരാന്ത്യത്തോടെ ശത്രുക്കളെ ജയിക്കാനും മനസ്സിൽ സന്തോഷം അനുഭവപ്പെടാനും സാധ്യത.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മനസ്സിലുള്ള പല കാര്യങ്ങളും ഈ സമയം യാഥാർത്ഥ്യമാകും. വ്യാപാര സംബന്ധമായ കാര്യങ്ങളിലും സർക്കാർ സംബന്ധമായ കാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ വിജയങ്ങൾ ലഭിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അകന്നു കഴിഞ്ഞിരുന്നവർ വീണ്ടും ഒന്നിക്കാൻ സാധ്യതയുണ്ട്. എന്നാൽ ആഴ്ചാവസാനം അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം സാമ്പത്തിക നഷ്ടമോ അപമാനമോ സംഭവിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയും വിവേകവും പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ആഴ്ചയുടെ തുടക്കം ചില ശത്രു ശല്യങ്ങളോടെയായിരിക്കാം. എങ്കിലും ആഴ്ചയുടെ മധ്യത്തോടെ ശത്രുക്കളുടെ മേൽ വിജയം നേടാനും നിയമപരമായ കാര്യങ്ങളിൽ അനുകൂല വിധികൾ ലഭിക്കാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ചില തൊഴിൽ അവസരങ്ങൾ വന്നുചേരും. ഉയർന്ന സ്ഥാനങ്ങൾ ലഭിക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഭാഗ്യക്കുറി, ചിട്ടി തുടങ്ങിയവയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി ഒത്തുചേരലുകൾ ഉണ്ടാകും, കീർത്തി വർധിക്കും, ദാമ്പത്യ ബന്ധം മെച്ചപ്പെടും. നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രതാപവും സമ്പത്തും തിരികെ ലഭിക്കുന്നതിനുള്ള സൂചനകളും ഈ കാലയളവിൽ കാണുന്നു.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ സമയം വാതം, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവ ശക്തമാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ശത്രുക്കളിൽ നിന്നും നിയമപരമായ പ്രശ്നങ്ങളിൽ നിന്നും പ്രതികൂലമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ആളുകൾക്ക് ബന്ധനം വരെ സംഭവിക്കാം. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും പാലിക്കുക. എന്നാൽ ആഴ്ചാവസാനം സാമ്പത്തികപരമായും തൊഴിൽപരമായും ഉയർച്ച ഉണ്ടാകും. രാഷ്ട്രീയം, സംസാര പ്രാധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിച്ചു തുടങ്ങും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ ആഴ്ച വാഹനങ്ങൾ സ്വന്തമാക്കാൻ സാധ്യതയുണ്ട്. ജോലിയിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും സമ്മാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. നല്ല ജീവിത പങ്കാളിയെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. എങ്കിലും ഭക്ഷണ കാര്യങ്ങളിൽ ശുചിത്വം പാലിക്കുന്നത് വളരെ നല്ലതാണ്. വീട്ടിലെ ഭക്ഷണത്തിന് പ്രാധാന്യം നൽകുക. എന്നാൽ ആഴ്ചയുടെ മധ്യത്തിൽ ശത്രുദോഷം, നിയമപരമായ കാര്യങ്ങളിൽ പരാജയം എന്നിവ അനുഭവത്തിൽ വരും. ആഴ്ചാവസാനത്തോടെ കീർത്തി, ആരോഗ്യം, ധനലാഭം എന്നിവ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ദീർഘകാലമായി അലട്ടിയിരുന്ന രോഗദുരിതങ്ങൾക്ക് ഈ ആഴ്ച ഒരു ആശ്വാസം ലഭിക്കും. സ്വത്ത് തർക്കങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാകും. തിരികെ ലഭിക്കില്ല എന്ന് കരുതിയ പണം തിരികെ കിട്ടാൻ സാധ്യതയുണ്ട്. വളരെക്കാലമായി ശത്രുതയിലായിരുന്നവർ അവരുടെ തെറ്റുകൾ മനസ്സിലാക്കി സൗഹൃദത്തിലാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യതയുണ്ട്. ദമ്പതികൾ തമ്മിലുള്ള സ്നേഹവും ഐക്യവും വർധിക്കും. എന്നാൽ ആഴ്ചാവസാനം അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ചില ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. ശ്രദ്ധയോടെ മുന്നോട്ട് പോകുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ആഴ്ചയുടെ തുടക്കത്തിൽ അന്യദേശ വാസം അനുഭവിക്കേണ്ടി വരും. എന്നാൽ കാര്യമായ ഉയർച്ചകൾ ഉണ്ടാകാത്ത ഒരു അവസ്ഥയായിരിക്കും. വാഹനങ്ങൾ മൂലം ചില ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുണ്ട്. വാക്കുകളിൽ ശ്രദ്ധയും മിതത്വവും പാലിക്കുക. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. നല്ല ഭക്ഷണം, വാഹന ലാഭം, സാമ്പത്തിക നേട്ടം, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ആഴ്ചയുടെ തുടക്കത്തിൽ മനഃസമാധാനം കുറയും. എല്ലാവരോടും അനാവശ്യമായ വാശിയും ദേഷ്യവും കാണിക്കാൻ സാധ്യതയുണ്ട്. ദുഃസ്വപ്നങ്ങൾ കാണുക, ഞെട്ടി ഉണരുക, ഭക്ഷണത്തിൽ താല്പര്യമില്ലായ്മ, തൊഴിൽപരമായ തടസ്സങ്ങൾ എന്നിവ അനുഭവപ്പെടാം. പലവിധത്തിലുള്ള അസുഖങ്ങളുള്ളവർ ഈ സമയം കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ ആഴ്ചാവസാനത്തോടെ രോഗശാന്തി, ശത്രുക്കളുടെ മേൽ വിജയം, കീർത്തി, ധനനേട്ടം, ദാമ്പത്യ ഐക്യം, വാഹന ലാഭം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വീട്ടിൽ മംഗളകരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ടവരെ കാണാനും അവരോടൊപ്പം സന്തോഷം പങ്കിടാനും അവസരം വന്നുചേരും. വിദേശത്തേക്ക് പോകാൻ അവസരങ്ങൾ ലഭിക്കും. സാമ്പത്തികപരമായ പുരോഗതി ഉണ്ടാകും. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ ഭാര്യയുമായി ചില പിണക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. എന്നാൽ ആഴ്ചാവസാനത്തോടെ സമാധാനവും സന്തോഷവും അനുഭവപ്പെടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരും. മനഃസമാധാനം കുറയുകയും കുടുംബാംഗങ്ങളുമായും അയൽക്കാരുമായും സ്വത്ത് സംബന്ധമായ കേസുകളോ വഴക്കുകളോ ഉണ്ടാകാനും അതിൽ പരാജയം സംഭവിക്കാനും സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തിൽ നല്ല ഭക്ഷണം, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ ആഴ്ചാവസാനത്തോടെ ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുധം, അഗ്നി എന്നിവയിൽ നിന്ന് ദോഷങ്ങൾ സംഭവിക്കാം. ബന്ധുക്കളിൽ നിന്നുള്ള വേർപാട് അനുഭവിക്കേണ്ടി വരും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.