സമ്പൂർണ്ണ വാരഫലം - ജൂൺ 22 മുതൽ ജൂൺ 28 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം സമ്മിശ്ര അനുഭവങ്ങൾ സമ്മാനിക്കും. കുടുംബാംഗങ്ങളുമായും ബന്ധുജനങ്ങളുമായും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ടെങ്കിലും, പ്രതിസന്ധികളെ മറികടന്ന് വിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ തീർപ്പുകൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്; ഭക്ഷണ സുഖം ഉണ്ടാകുമെങ്കിലും ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാവാം. കാർഷിക മേഖലയിലും മൃഗസംരക്ഷണ രംഗത്തും ഉള്ളവർക്ക് വരുമാനത്തിൽ അല്പം കുറവ് അനുഭവപ്പെട്ടേക്കാം. ചില കാര്യങ്ങൾ ആരംഭിക്കാൻ ശ്രമിക്കുമ്പോൾ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുക. എങ്കിലും, ഈ വെല്ലുവിളികൾ നിങ്ങളുടെ ഉൾക്കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം നല്ലതും അല്ലാത്തതുമായ അനുഭവങ്ങൾ ഇടകലർന്ന് വരും. നിയമപരമായ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോടതിയിൽ നിന്ന് ചില ശക്തമായ നിർദ്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ ഇടയുണ്ട്, ചിലപ്പോൾ ബന്ധങ്ങളിൽ അകൽച്ച വരാം. സാമ്പത്തിക ബാധ്യതകളുള്ളവർക്ക് ബാങ്കുകളിൽ നിന്ന് നടപടിക്രമങ്ങൾക്കായുള്ള അറിയിപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായും ശ്വാസകോശ സംബന്ധമായും ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത് മാനസിക അസ്വസ്ഥതകൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കിയേക്കാം. എന്നാൽ, വാരത്തിന്റെ അവസാനം തൊഴിൽ രംഗത്ത് വിജയവും, കീർത്തിയും, സാമ്പത്തിക ലാഭവും തേടിയെത്തും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനിയും അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങളും ചില പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. വരവിനേക്കാൾ കൂടുതൽ ചെലവുകൾ വരികയും സാമ്പത്തിക ക്ലേശം അനുഭവപ്പെടുകയും ചെയ്യാം. രോഗാദി ദുരിതങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അലട്ടിയേക്കാം. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങളിൽ മാറ്റം വരും. സന്തോഷകരമായ അനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും തേടിയെത്തും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും വർദ്ധിക്കും. വാരത്തിന്റെ അവസാനത്തോടെ കുടുംബ ബന്ധങ്ങളിൽ ചില വിള്ളലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ഈ വെല്ലുവിളികളെല്ലാം നിങ്ങളെ കൂടുതൽ കരുത്തരാക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം നിങ്ങൾക്ക് ഗുണദോഷ സമ്മിശ്ര ഫലങ്ങൾ നൽകും. വാരത്തിന്റെ തുടക്കത്തിൽ ഏറെ നാളായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും, അവരുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും മംഗളകരമായ ചടങ്ങുകളിൽ നിറസാന്നിധ്യo ആകുവാനും അവസരം ലഭിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് മികച്ച സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ, വാരത്തിന്റെ മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ചിലപ്പോൾ അപമാനങ്ങൾക്ക് ഇടയാവാം. ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. വാരത്തിന്റെ അവസാനത്തോടെ സാമ്പത്തിക ലാഭം നിങ്ങളെ തേടിയെത്തും. ഈ വാരം സാമൂഹിക ബന്ധങ്ങളെ ദൃഢമാക്കാനുള്ള അവസരങ്ങൾ നൽകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ജോലിക്കായി ശ്രമിക്കുന്നവർക്ക് ഈ വാരം അർഹമായ തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ കാര്യങ്ങളും ബന്ധുജന സമാഗമവും ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കുകയും അതിൽ വിജയം നേടുകയും ചെയ്യും. കലാരംഗത്തും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും നേടുകയും ചെയ്യാം. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ ചില അനാവശ്യ വിഷയങ്ങളിൽ (സ്ത്രീ വിഷയങ്ങളിൽ) പേരുദോഷം കേൾക്കാനും സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വരവിനേക്കാൾ കൂടുതൽ ചെലവുകൾ വരികയും അനാവശ്യമായ ധനനഷ്ടങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുകയും ചെയ്യാം. ഈ വെല്ലുവിളികളെ നേരിടുമ്പോൾ ആത്മവിശ്വാസം കൈവിടരുത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസികവും ശാരീരികവുമായ ചില അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂട്ടുകെട്ടുകളിൽ നിന്നോ പങ്കാളിത്ത കച്ചവടത്തിൽ നിന്നോ അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടങ്ങളോ അപമാനകരമായ അനുഭവങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിവാഹത്തിൽ കുടുംബസമേതം പങ്കെടുക്കാൻ അവസരം ലഭിക്കും. വാരത്തിന്റെ അവസാനത്തോടെ പുതിയ വാഹനമോ വീടോ സ്വന്തമാക്കാൻ സാധിക്കും. വളരെ നാളായി പിണങ്ങിയിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വീണ്ടും കണ്ടുമുട്ടാനും തെറ്റിദ്ധാരണകൾ നീക്കി അടുക്കാനും ഈ വാരം വഴിയൊരുക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസിക സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉത്കണ്ഠയും ഉറക്കക്കുറവും അലട്ടിയേക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണങ്ങൾ നേരിടേണ്ടി വന്നേക്കാം, ഇത് മാനഹാനിക്കും സാമൂഹിക അപമാനത്തിനും ഇടയാക്കാം. കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ നിങ്ങൾക്കോ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. എന്നാൽ, വാരത്തിന്റെ അവസാനത്തോടെ കാര്യങ്ങൾ മെച്ചപ്പെടും. ധനലാഭം, രോഗശാന്തി, ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, കീർത്തി എന്നിവ നിങ്ങളെ തേടിയെത്തും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കം ബിസിനസ്സ് രംഗത്തുള്ളവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കും. രാഷ്ട്രീയത്തിലും കലാ-സാഹിത്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് കീർത്തിയും പ്രതാപവും ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്ന സമയമാണിത്. ശരീര സുഖവും മനഃസുഖവും ദാമ്പത്യ ഐക്യവും ഉണ്ടാകും. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ ചില അനാവശ്യ കൂട്ടുകെട്ടുകളിൽ പെടാനും തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടാനും സാധ്യതയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും വിവിധതരം രോഗാദി ദുരിതങ്ങളും അലട്ടിയേക്കാം. ഈ വാരം നിങ്ങളുടെ തീരുമാനങ്ങളിൽ ശ്രദ്ധയും വിവേകവും പുലർത്തുന്നത് ഗുണകരമാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കോടതി കേസുകളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. സാമ്പത്തികമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. കൃഷി, പക്ഷി-മൃഗാദികളുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനലാഭം ഉണ്ടാകും. വേണ്ടപ്പെട്ടവരുമായി ഇഷ്ട വിഭവങ്ങൾ കഴിക്കാനും സുഹൃത്തുക്കളോടൊപ്പം പുണ്യ സ്ഥലങ്ങളിലോ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ പോകാനും സാധിക്കും. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങളിൽ വളരെ ജാഗ്രത പുലർത്തണം, അല്ലാത്തപക്ഷം ചതിയിൽപ്പെടാൻ സാധ്യതയുണ്ട്. ഉദര-ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസികമായ ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ചിന്തിക്കാതെ പ്രവർത്തിക്കാൻ പ്രവണത കാണിച്ചേക്കാം, വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടും. ശത്രുനാശം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം എന്നിവ നിങ്ങൾക്ക് ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാൻ അവസരം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രോജക്റ്റുകൾ ലഭിക്കുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം കുടുംബപരമായി ചില വെല്ലുവിളികളും മാനസിക അസ്വസ്ഥതകളും ഉണ്ടാവാം. ജീവിത പങ്കാളിക്കോ നിങ്ങൾക്കോ മക്കൾക്കോ വേണ്ടപ്പെട്ടവർക്കോ ആശുപത്രിവാസം വേണ്ടി വരുന്ന സാഹചര്യങ്ങൾ സംജാതമാകാം. ഉറക്കക്കുറവും ദുഃസ്വപ്നങ്ങളും അലട്ടിയേക്കാം. സന്താനങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ചികിത്സയിൽ ചില പിഴവുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. തൊഴിൽ ക്ലേശങ്ങളും യാത്രാ ദുരിതങ്ങളും വാരത്തിന്റെ അവസാനത്തോടെ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ശത്രുക്കളായിരുന്നവർ മിത്രങ്ങളായി മാറുകയും കൂട്ടുകച്ചവടത്തിൽ വലിയ ലാഭം ഉണ്ടാകുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം സമ്മിശ്ര ഫലങ്ങൾ നൽകും. മുമ്പ് യാതൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് ചെയ്തു കൊടുത്ത സഹായങ്ങൾ അതെ പോലെ പല വഴിയിൽ പലിശ സഹിതം തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിൽ മൊത്തത്തിൽ മാറ്റങ്ങൾ വരാം. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് അപ്രതീക്ഷിതമായ സാമ്പത്തിക സഹായം ലഭിക്കും. വാരത്തിന്റെ മധ്യത്തിൽ പ്രിയപ്പെട്ടവർക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ബാധിക്കാൻ ഇടയുണ്ട്. ഈ വാരം മാനസികമായും ശാരീരികമായും സാമ്പത്തികമായും സന്തോഷവും ദുഃഖവും നൽകുന്ന ഒരനുഭവമായിരിക്കും. കുടുംബത്തിൽ അയൽക്കാരുമായോ സ്വന്തം ആളുകളുമായോ ചില പ്രശ്നങ്ങൾ ഉണ്ടാവാം.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.