സമ്പൂർണ്ണ വാരഫലം - ജൂലൈ 20 മുതൽ ജൂലൈ 26 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം സമ്മിശ്ര അനുഭവങ്ങളിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെങ്കിലും, ഓരോ നിമിഷവും വളർച്ചയ്ക്കുള്ള അവസരമാണ്. വാരത്തിന്റെ തുടക്കത്തിൽ കുടുംബപരമായ ചില വിഷയങ്ങളിൽ, വളരെ അധികം സങ്കീർണമായ പ്രശ്നങ്ങളിൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. മാനസികമായ ചില സമ്മർദ്ദങ്ങളും തൊഴിൽ രംഗത്ത് ചില വെല്ലുവിളികളും ഉയർന്നുവരാം. സാമ്പത്തികമായ കാര്യങ്ങളിലും വ്യക്തിപരമായ ഇടപാടുകളിലും കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ഗുണകരമാകും. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും. തൊഴിൽ രംഗത്ത് വിജയങ്ങൾ നേടാനും എതിർപ്പുകളെ അതിജീവിച്ച് മുന്നേറാനും സാധിക്കും. ഈ സമയത്ത് ധൈര്യവും ആത്മവിശ്വാസവും കൈമുതലാകും. ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ, ശ്രദ്ധിക്കുന്നത് ഈ വാരം കൂടുതൽ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും. വാരത്തിന്റെ അവസാനത്തിൽ കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്, കുടുംബത്തിലെ വേണ്ടപ്പെട്ടവർക്ക് അസുഖമോ ദുരിതമോ ഉണ്ടായേക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം ജീവിതത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് പുതിയ ദിശാബോധം നൽകും. തൊഴിൽ രംഗത്ത് സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും, ഇത് കഴിവിനെ തേച്ചുമിനുക്കാൻ സഹായിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കുറയുമെങ്കിലും, കണ്ണിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. തലവേദന പോലുള്ള പ്രശ്നങ്ങളുള്ളവർ കൂടുതൽ ജാഗ്രത പാലിക്കുക. കൃഷി സംബന്ധമായ കാര്യങ്ങളിൽ ചില ശ്രദ്ധക്കുറവുകൾ, നഷ്ട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, സഹോദര സ്ഥാനത്തുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരും. വാരത്തിന്റെ അവസാനത്തോടെ സന്തോഷകരമായ നിമിഷങ്ങളും തൊഴിൽ വിജയങ്ങളും ആരോഗ്യപരമായ ഉന്മേഷവും അനുഭവിക്കാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ വാരം സൗഹൃദബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചില അനാവശ്യ കൂട്ടുകെട്ടുകൾ സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്കും വ്യക്തിപരമായ പ്രതിസന്ധികൾക്കും ഇടയാക്കിയേക്കാം. വ്യക്തിബന്ധങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്, പ്രത്യേകിച്ച് മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെഴകുമ്പോൾ. അന്യ സ്ത്രീ ബന്ധം മൂലം അപവാദം കേൾക്കേണ്ടി വരും. വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും, അതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. അമിതമായ ആഡംബര പ്രിയം സാമ്പത്തികമായ അച്ചടക്കമില്ലായ്മയിലേക്ക് നയിച്ചേക്കാം, അതിനാൽ ചെലവുകളിൽ ശ്രദ്ധിക്കുക. എന്നാൽ, വാരത്തിന്റെ മധ്യത്തിൽ സ്ഥാനപ്രാപ്തിയും അംഗീകാരങ്ങളും, സമ്മാനങ്ങളും നേടാൻ സാധ്യതയുണ്ട്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. വാരത്തിന്റെ അവസാനത്തിൽ സഹപ്രവർത്തകരുമായും ബന്ധുക്കളുമായും ചില തെറ്റിദ്ധാരണകൾ (അപ്രീതി) ഉണ്ടാകാതെ ശ്രദ്ധിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കുമെങ്കിലും, ഓരോ അനുഭവവും വിലപ്പെട്ട പാഠങ്ങളാണ്. വാരത്തിന്റെ തുടക്കത്തിൽ കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങളും ബന്ധുജന സമാഗമവും മനസ്സിന് സന്തോഷം നൽകും. എന്നാൽ, വാരത്തിന്റെ മധ്യത്തിൽ സ്ത്രീകളുമായുള്ള ഇടപെഴകലുകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ചില കാര്യങ്ങളിൽ ഭാഗ്യക്കുറവും അലച്ചിലും അനുഭവപ്പെട്ടേക്കാം, എന്നാൽ ഇത് താൽക്കാലികം മാത്രമാണ്. ഓരോ സാഹചര്യത്തെയും ക്ഷമയോടെ നേരിടുക. വാരത്തിന്റെ അവസാനത്തോട് കൂടി നല്ല ഉറക്കവും ഭാഗ്യാനുഭവങ്ങളും ആഭരണങ്ങളുടെ വർദ്ധനവും ഉണ്ടാകും. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരം സന്തോഷത്തിന്റെയും വിജയത്തിന്റെയും സമയമാണ്. കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനലബ്ധി, കീർത്തി, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. പുതിയ ആഭരണങ്ങളോ വസ്ത്രങ്ങളോ സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കും. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും അതിൽ പ്രധാന പങ്ക് വഹിക്കാനും അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർദ്ധിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും തേടിയെത്തും. എന്നിരുന്നാലും, വാരത്തിന്റെ അവസാനത്തിൽ സ്ത്രീകളുമായുള്ള ഇടപെഴകലുകളിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം ചില വെല്ലുവിളികൾ നേരിടേണ്ടി വരാം. വാരത്തിന്റെ തുടക്കത്തിൽ ചില എതിർപ്പുകളും നിയമപരമായ തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സഹായങ്ങൾ ലഭിച്ചവർ (ലോൺ മറ്റ് ആനുകൂല്യം) കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. വാരത്തിന്റെ മധ്യത്തോടെ മറ്റുള്ളവരെ സഹായിക്കാൻ അവസരം ലഭിക്കുമെങ്കിലും, ചിലപ്പോൾ അപ്രതീക്ഷിത അനുഭവങ്ങൾ (അവരിൽ നിന്നും തിക്താനുഭവങ്ങൾ) നേരിടേണ്ടി വന്നേക്കാം. കേസ് വഴക്കുകൾ ഉള്ളവർ ഒത്തുതീർപ്പിന് ശ്രമിക്കുന്നത് ഗുണകരമാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക. വാരത്തിന്റെ മധ്യത്തോടെ തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, കാര്യവിജയം, മനഃസന്തോഷം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും. ഇത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ശക്തി നൽകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ചില കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അനാവശ്യ കൂട്ടുകെട്ടുകൾ വഴി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. നിയമപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക, അല്ലാത്തപക്ഷം ചില പരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടാമെങ്കിലും, ഇത് താൽക്കാലികം മാത്രമാണ്. എതിർപ്പുകൾ വർദ്ധിക്കാനും സാധ്യതയുണ്ട്, എന്നാൽ അവയെല്ലാം ക്ഷമയോടെ നേരിടുക. വാരത്തിന്റെ അവസാനത്തോടെ ശാരീരിക സുഖം, ധനലാഭം, ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം സമ്മിശ്രമായ അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വാഹന ഭാഗ്യം, ഭക്ഷണ സുഖം, എല്ലായിടത്തും അംഗീകാരം, നല്ല ഉറക്കം, സമ്മാനങ്ങൾ ലഭിക്കുക, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത എന്നിവ പ്രതീക്ഷിക്കാം. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, ചിലപ്പോൾ ആശുപത്രിവാസം പോലും വേണ്ടി വന്നേക്കാം. കുടുംബത്തിൽ പ്രിയപ്പെട്ടവർക്ക് ചില ബുദ്ധിമുട്ടുകൾ (വിയോഗം) ഉണ്ടാകാൻ സാധ്യതയുണ്ട്. ജല സംബന്ധമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. നിയമപരമായ വിഷയങ്ങളിൽ ചില പരാജയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചില തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ വാരം വളരെ അനുകൂലമായ സമയമാണ്. നിയമപരമായ സ്വത്തു സംബന്ധമായ വിഷയങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, ഭക്ഷണ സുഖം, വാഹന ഭാഗ്യം, നല്ല സൗഹൃദങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. ഈ വാരം കഴിവുകൾക്ക് അംഗീകാരം ലഭിക്കും. എന്നിരുന്നാലും, വാരാന്ത്യത്തിൽ ശാരീരികമായ അസ്വസ്ഥതകളും ബന്ധുക്കളുമായി ചില തർക്കങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം ചില വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെങ്കിലും, അവയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. വാരത്തിന്റെ തുടക്കത്തിൽ പ്രവർത്തനങ്ങളിൽ മാന്ദ്യവും കുട്ടികളെക്കുറിച്ചുള്ള ആശങ്കകളും ദാമ്പത്യത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളും കുടുംബത്തിൽ ചില പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. കാര്യങ്ങൾ തടസ്സപ്പെടുകയും രോഗങ്ങളും അനാവശ്യ ചിലവുകളും ഉണ്ടാവാം. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ ചിലപ്പോൾ കൂടുതൽ പരിശ്രമിക്കേണ്ടി വരും. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ സാമ്പത്തിക നേട്ടങ്ങൾ, നിയമപരമായ വിഷയങ്ങളിൽ വിജയം, രോഗശാന്തി, ദാമ്പത്യ ഐക്യം, പ്രശസ്തി, തൊഴിൽ വിജയം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കുമെങ്കിലും, വാത, പിത്ത, കഫ രോഗങ്ങളുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ്. ആരോഗ്യക്കുറവും ശാരീരിക ക്ഷീണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നത് ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോഴോ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴോ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. വാരത്തിന്റെ അവസാനത്തിൽ തൊഴിൽപരമായി വലിയ മുന്നേറ്റങ്ങൾ ഉണ്ടാകും. തൊഴിൽരഹിതർക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം, തൊഴിൽ വിജയം, നല്ല സൗഹൃദങ്ങൾ എന്നിവയും പ്രതീക്ഷിക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കുമെങ്കിലും, വാരത്തിന്റെ തുടക്കത്തിൽ ഏത് കാര്യത്തിലും ധൈര്യത്തോടെ ഇറങ്ങിത്തിരിക്കാനും അതിൽ വിജയിക്കാനും സാധിക്കും. അസാമാന്യമായ ചിന്താശേഷി പലരുടെയും ആദരവ് നേടാൻ സഹായിക്കും. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിലും കുട്ടികളുമായും നിസ്സാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. പല കാര്യങ്ങളിലും പരസ്പര ബഹുമാനം നിലനിർത്താൻ ശ്രമിക്കുക. കൊളസ്ട്രോൾ പോലുള്ള ശാരീരിക അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുക. ഓരോ സാഹചര്യത്തെയും ക്ഷമയോടെ നേരിടുന്നത് ഈ വാരം വിജയകരമാക്കാൻ സഹായിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.