സമ്പൂർണ്ണ വാരഫലം - ജനുവരി 11 മുതൽ ജനുവരി 17 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അവസരമൊരുങ്ങും. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, പ്രേമകാര്യങ്ങളിലെ പുരോഗതി, വാഹന ഭാഗ്യം എന്നിവ ഈ കാലയളവിൽ പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ ആരോഗ്യകാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ കർശനമായ നിയന്ത്രണം ആവശ്യമാണ്; അല്ലാത്തപക്ഷം ഉദര സംബന്ധമായ അസ്വസ്ഥതകൾ രൂപപ്പെട്ടേക്കാം. കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ദ്ധ ചികിത്സ തേടുന്നത് ഉചിതമായിരിക്കും. സഹപ്രവർത്തകരുമായി അനാവശ്യ കലഹങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. അഹങ്കാരവും ആലോചനയില്ലാത്ത പെരുമാറ്റവും ഈ സമയം ദോഷഫലങ്ങൾ ഉണ്ടാക്കാൻ കാരണമാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തികമായ ഉന്നതിയും തൊഴിൽ മേഖലയിൽ മികച്ച വിജയവും തേടിയെത്തും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ ഉല്ലാസ യാത്രകളിൽ ഏർപ്പെടാനോ അവസരം ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലാഭകരമായി മാറുന്ന സവിശേഷമായ യോഗമുണ്ടാകും. എന്നിരുന്നാലും, വാരത്തിന്റെ അവസാനത്തോടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജാഗ്രത പാലിക്കുക; കേസ് വഴക്കുകൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമോ പങ്കാളിയുമായി അഭിപ്രായ വ്യത്യാസമോ ഉണ്ടായേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഔദ്യോഗികമായ വിജയവും വ്യക്തിപരമായ സന്തോഷവും ഒരേപോലെ അനുഭവപ്പെടുന്ന വാരമാണിത്. ജോലിസ്ഥലത്ത് ധാരാളം നേട്ടങ്ങൾ സ്വന്തമാക്കാനും മേലധികാരികളുടെ പ്രീതിയും അംഗീകാരവും നേടിയെടുക്കാനും സാധിക്കും. അർഹമായ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ സ്വാധീനവും പ്രശസ്തിയും വർദ്ധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ അപവാദങ്ങൾക്കും മാനഹാനിക്കും സാധ്യതയുള്ളതിനാൽ ഇടപാടുകളിൽ ശ്രദ്ധിക്കുക. വിവാഹിതർ അനാവശ്യ ആരോപണങ്ങൾ വരാതെ സൂക്ഷിക്കണം; ഇത് കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ദീർഘകാല രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നത് ആശ്വാസമേകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ പ്രവർത്തനങ്ങളിൽ മാന്ദ്യം അനുഭവപ്പെട്ടേക്കാം. സന്താനങ്ങളുടെ കാര്യത്തിലുള്ള ആശങ്കകൾ, ദമ്പതികൾക്കിടയിലെ കലഹം, കുടുംബത്തിൽ ശത്രുത തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകയും അനാവശ്യ ചെലവുകൾ അലട്ടുകയും ചെയ്യും. വിദേശ തൊഴിൽ ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാം. വാരമധ്യത്തോടെ ധനലാഭം ഉണ്ടാകുമെങ്കിലും കുടുംബപരമായ അസ്വസ്ഥതകൾ വിട്ടുമാറില്ല. ആരോഗ്യ കാര്യത്തിൽ, പ്രത്യേകിച്ച് ഉദര സംബന്ധമായ അസുഖങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഏതൊരു കാര്യത്തിനും പൂർണ്ണ മനസ്സോടെ ഇറങ്ങിപ്പുറപ്പെട്ടാൽ വിജയം ഉറപ്പുള്ള വാരമാണിത്. തൊഴിൽപരമായ പുരോഗതി, സാമ്പത്തിക നേട്ടം, ഭക്ഷണ സുഖം എന്നിവ അനുഭവത്തിൽ വരും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. നിങ്ങളുടെ പക്വതയാർന്ന ചിന്താഗതി പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും. എങ്കിലും കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അന്യദേശ വാസത്തിനും വിദേശത്തെ തൊഴിലിനും ഈ സമയം വഴിയൊരുക്കും. സ്ത്രീകളുമായി ഇടപെഴകുമ്പോൾ അതീവ ജാഗ്രത പാലിക്കുക; അല്ലാത്തപക്ഷം ധനനഷ്ടമോ മാനഹാനിയോ സംഭവിക്കാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം ഗുണദോഷങ്ങൾ തുല്യമായി അനുഭവപ്പെടും. വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി സാമ്പത്തിക നഷ്ടമോ അപകീർത്തിയോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. തൊഴിലിടങ്ങളിൽ പലവിധ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതകളും നേരിടേണ്ടി വരും. വരുമാനത്തേക്കാൾ ചെലവ് വർദ്ധിക്കുകയും കുടുംബാംഗങ്ങളുമായി അകൽച്ച അനുഭവപ്പെടുകയും ചെയ്യാം. ശാരീരികമായ തളർച്ചയോ ആരോഗ്യപ്രശ്നങ്ങളോ അലട്ടാനിടയുണ്ട്. എന്നാൽ വാരമധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടും; ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ഉന്നത പദവികൾ എന്നിവ ഫലത്തിൽ വരും. കലാകാരന്മാർക്ക് പ്രശസ്തിയും വിമർശനങ്ങളും ഒരേപോലെ നേരിടേണ്ടി വന്നേക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മികച്ച ഭക്ഷണ സൗകര്യങ്ങളും അപ്രതീക്ഷിതമായ ബന്ധുസമാഗമവും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും യോഗമുള്ള വാരമാണിത്. കുടുംബത്തിൽ സമാധാനവും ദാമ്പത്യ സൗഖ്യവും നിലനിൽക്കും. എന്നാൽ വാരമധ്യത്തിൽ അനാവശ്യമായ സൗഹൃദങ്ങൾ വഴി സാമ്പത്തിക നഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം. വാരന്ത്യത്തോടെ ദീർഘകാല രോഗങ്ങൾക്ക് ശമനമുണ്ടാകും. വീട്ടുപകരണങ്ങൾ പുതുതായി വാങ്ങാൻ അവസരം ലഭിക്കും. സൽസുഹൃത്തുക്കളുടെ സഹായത്താൽ തൊഴിൽപരമായ നേട്ടങ്ങളും സാമ്പത്തിക ലാഭവും കൈവരിക്കാൻ സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യേണ്ടി വരികയും ഇതിനായി അവധി എടുക്കേണ്ടി വരികയും ചെയ്തേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും കാരണമായേക്കാം എന്നതിനാൽ ശ്രദ്ധിക്കുക. നിയമപരമായ തർക്കങ്ങളോ കോടതി വ്യവഹാരങ്ങളോ ഗൗരവകരമായ സാഹചര്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. ആരോഗ്യ കാര്യത്തിൽ, പ്രത്യേകിച്ച് ഉദരരോഗങ്ങളിൽ ജാഗ്രത വേണം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന പദവികളിലേക്ക് ഉദ്യോഗ മാറ്റം പ്രതീക്ഷിക്കാം. വാരന്ത്യത്തോടെ ബിസിനസ്സിൽ ലാഭവും വാഹന ഭാഗ്യവും തേടിയെത്തും. കലാസാഹിത്യ മേഖലയിലുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം എന്നിവ ഈ വാരം പ്രതീക്ഷിക്കാവുന്ന സൽഫലങ്ങളാണ്. സത്സുഹൃത്തുക്കളുടെ പിന്തുണയോടെ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും സാധിക്കും. വാരമധ്യത്തിൽ സ്ത്രീകളുമായി ഇടപഴകുമ്പോൾ സാമ്പത്തികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രിയപ്പെട്ടവരുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. എങ്കിലും വാരന്ത്യത്തോടെ സാമ്പത്തികമായും കുടുംബപരമായും സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ ഭാഗ്യം പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കർമ്മ സംബന്ധമായി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന വാരമാണിത്. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ ആദരവും പിന്തുണയും വർദ്ധിക്കും. കലാകാരന്മാർക്ക് പ്രശസ്തിയും പദവിയും തേടിയെത്തും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദികൾ പങ്കിടാനും അവസരമുണ്ടാകും. കുടുംബത്തിലെ ദാമ്പത്യ പ്രശ്നങ്ങൾ ബന്ധുക്കളുടെ മധ്യസ്ഥതയിൽ പരിഹരിക്കപ്പെടും. എന്നാൽ സ്ത്രീ സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രത പുലർത്തുക; അല്ലാത്തപക്ഷം അപമാനത്തിന് സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ അസ്വസ്ഥതകൾ നേരിടേണ്ടി വന്നേക്കാം. ഏറ്റവും അടുത്തവരിൽ നിന്ന് ചതി നേരിടാൻ സാധ്യതയുള്ളതിനാൽ ആരെയും അന്ധമായി വിശ്വസിക്കരുത്. ബന്ധുക്കളെ സഹായിക്കുമെങ്കിലും പകരം തിക്താനുഭവങ്ങൾ ലഭിക്കാൻ ഇടയുണ്ട്. വാരമധ്യത്തോടെ കലാകാരന്മാർക്ക് വലിയ അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾ മാറി പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടും. പോസിറ്റീവ് ചിന്താഗതി പുലർത്തുന്നത് ജീവിതത്തിൽ വലിയ ഗുണഫലങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ചിന്തകളിൽ ശുഭാപ്തി വിശ്വാസം നിലനിർത്തുന്നത് വിജയത്തിലേക്ക് നയിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം ഗുണദോഷങ്ങൾ കലർന്ന ഫലങ്ങളായിരിക്കും ലഭിക്കുക. വാത-പിത്ത-കഫ സംബന്ധമായ അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരശോഷണത്തിനും അസ്വാസ്ഥ്യങ്ങൾക്കും സാധ്യതയുള്ളതിനാൽ ഭക്ഷണക്രമത്തിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക രേഖകളിലോ ലോൺ സംബന്ധമായ ഡോക്യുമെന്റുകളിലോ ഒപ്പിടുമ്പോൾ കൃത്യമായി പരിശോധിക്കുക. വാരത്തിന്റെ അവസാനത്തോടെ തൊഴിൽപരമായ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകും. തൊഴിലില്ലാത്തവർക്ക് അർഹമായ ജോലി ലഭിക്കും. ദാമ്പത്യ ഐക്യവും സത്സുഹൃത്തുക്കളുടെ സാമീപ്യവും വാരന്ത്യത്തിൽ സന്തോഷം പകരും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.