സമ്പൂർണ്ണ വാരഫലം - ഫെബ്രുവരി 01 മുതൽ ഫെബ്രുവരി 07 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ മാതാവിനോ ബന്ധുക്കൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാനസികമായ വിഷാദാവസ്ഥകൾക്ക് അടിയന്തര വൈദ്യസഹായം തേടേണ്ടി വന്നേക്കാം. നിങ്ങൾ സഹായിച്ച ബന്ധുക്കൾ തന്നെ വിരോധികളായി മാറാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. എന്നാൽ വാരത്തിന്റെ അവസാനത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. ശത്രുനാശം, ധനലാഭം, ദാമ്പത്യ ഐക്യം, വാഹനഭാഗ്യം എന്നിവ ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന വിധത്തിൽ ഉദ്യോഗത്തിൽ മാറ്റമുണ്ടാകും. വിവാഹ യോഗത്തിനും രോഗശാന്തിക്കും ഈ വാരം സാക്ഷ്യം വഹിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശത്രുഹാനി, രോഗശാന്തി, ധനലാഭം, കീർത്തി എന്നിവ അനുഭവപ്പെടും. എന്നാൽ വാരമധ്യത്തോടെ കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ രോഗദുരിതം വരാൻ സാധ്യതയുണ്ട്. ജോലിയിൽ യാത്രകൾ വർദ്ധിക്കുന്ന തരത്തിലുള്ള സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു. വാഹന അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. ദമ്പതികൾക്കിടയിൽ പരസ്പരധാരണയോടെ വേർപിരിയാനുള്ള തീരുമാനങ്ങൾ ഉണ്ടായേക്കാം. തൊഴിലിടങ്ങളിൽ വിവാദങ്ങളിൽ അകപ്പെടാതെ ശ്രദ്ധിക്കണം; ഇത് മേലധികാരിയുടെ അപ്രീതിക്ക് കാരണമായേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരമധ്യത്തോടെ വലിയ വികസന പദ്ധതികളുടെ ആസൂത്രണ സംഘത്തിൽ ഉൾപ്പെടാൻ സാധിക്കുന്നത് സന്തോഷം നൽകും. ചിന്താശേഷി വർദ്ധിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, നല്ല സുഹൃത്തുക്കളുടെ സഹായം, ഇഷ്ട ഭക്ഷണയോഗം എന്നിവയുണ്ടാകും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ ശാരീരികമായും സാമ്പത്തികമായും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഉദര-ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ആശുപത്രിവാസം വേണ്ടിവന്നേക്കാം. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകാനും വീട് വിട്ട് മാറി നിൽക്കേണ്ടി വരാനും സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. തുടക്കത്തിൽ സമ്മാനങ്ങൾ ലഭിക്കാനും കുടുംബബന്ധങ്ങൾ മെച്ചപ്പെടാനും അനുകൂല സാഹചര്യമുണ്ടാകും. എന്നാൽ വാരമധ്യത്തിൽ കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാകാനും അതുവഴി വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാനും ഇടയുണ്ട്. നേത്ര-ശിരോ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വാരത്തിന്റെ അവസാനത്തോടെ വലിയ ധൈര്യവും പക്വതയും പ്രകടിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. സ്വത്തുക്കൾ വിൽക്കുന്നതിലൂടെ ധനലാഭം കൈവരും. അപൂർവ്വമായ വസ്തുവകകൾ സ്വന്തമാക്കാൻ യോഗമുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ നിമിത്തം മാനഹാനിക്കോ പണനഷ്ടത്തിനോ സാധ്യതയുണ്ട്. വരവിനേക്കാൾ ചെലവ് വർദ്ധിക്കുന്നത് സാമ്പത്തിക ക്ലേശമുണ്ടാക്കും. രാഷ്ട്രീയക്കാർ അഴിമതി ആരോപണങ്ങളെയും സ്ത്രീവിഷയങ്ങളെയും കുറിച്ച് ജാഗ്രത പാലിക്കണം. ആരോഗ്യക്കുറവും ശാരീരിക തളർച്ചയും അനുഭവപ്പെടാം. വാരമധ്യത്തോടെ സ്ഥിതി മാറും; മനഃസന്തോഷം, ധനനേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവയുണ്ടാകും. കലാകാരന്മാർക്ക് പ്രശസ്തി ലഭിക്കും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കുന്ന വാരമാണിത്. കാര്യങ്ങളിൽ വീണ്ടുവിചാരത്തോടെ പ്രവർത്തിക്കുന്നത് ഗുണകരമാകും. ഉല്ലാസ യാത്രകൾക്കും തീർത്ഥാടനങ്ങൾക്കും അവസരം ലഭിക്കും. പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടും. വാരമധ്യത്തിൽ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക അസ്വസ്ഥതകളും നേരിടേണ്ടി വന്നേക്കാം. എങ്കിലും വാരന്ത്യത്തോടെ ശത്രുഹാനി, ഭക്ഷണ സുഖം, തൊഴിൽ വിജയം, ബിസിനസ്സ് പുരോഗതി എന്നിവയിലൂടെ സ്ഥിതി മെച്ചപ്പെടും. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമാഗമം മനസ്സിന് സന്തോഷം നൽകും. തൊഴിൽ രഹിതർക്ക് അർഹമായ ജോലി ലഭിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ഇടപഴകാൻ അവസരം ലഭിക്കും. ദാമ്പത്യ ഐക്യവും ഭക്ഷണ സുഖവും ഉണ്ടാകും. എന്നാൽ വാരന്ത്യത്തോടെ ദ്രവ്യനഷ്ടം വരാതെ സൂക്ഷിക്കണം. സ്ത്രീകളുമായുള്ള ഇടപാടുകളിൽ അപവാദത്തിനോ പണനഷ്ടത്തിനോ സാധ്യത കാണുന്നു. അമിതമായ ആഡംബര പ്രിയം ഒഴിവാക്കുന്നത് നന്നായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കത്തിൽ ശത്രുഭയമോ അപമാനമോ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. സർക്കാർ ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി, കീർത്തി, ദാമ്പത്യ സുഖം എന്നിവ അനുഭവപ്പെടും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയോടെ പുതിയ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കും. വിവാഹ കാര്യങ്ങളിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ അവസരം ലഭിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശത്രു ശല്യവും കോടതി കേസുകളിൽ പരാജയ ഭീതിയും ഉണ്ടാകാം. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നത് അപമാനത്തിന് കാരണമായേക്കാം എന്നതിനാൽ ശ്രദ്ധിക്കുക. വാരത്തിന്റെ അവസാനത്തോടെ കർമ്മരംഗത്ത് മികച്ച വിജയം നേടും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് നേടിയെടുക്കാൻ സാധിക്കും. തൊഴിലിൽ പ്രമോഷനോ മറ്റ് നേട്ടങ്ങളോ ഉണ്ടാകും. ദമ്പതികൾക്കിടയിൽ വിശ്വാസവും സ്നേഹവും വർദ്ധിക്കും. പുണ്യസ്ഥല സന്ദർശനത്തിന് യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ അവസരം ലഭിക്കും. വാഹന ഭാഗ്യം, പ്രണയ സാഫല്യം, ഭാഗ്യാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. എന്നാൽ വാരമധ്യത്തോടെ രാത്രി യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തുക; അപകട സാധ്യത കാണുന്നു. പ്രിയപ്പെട്ടവരിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായേക്കാം. ജലഭയം, ശത്രുഭയം, ഉദരരോഗം എന്നിവ അലട്ടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ വിജയം നേടാനും നിയമപരമായ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കാനും സാധിക്കും. സാഹസിക ജോലികളിൽ ഏർപ്പെടുന്നവർക്ക് പ്രശസ്തി ലഭിക്കും. ദമ്പതികൾക്കിടയിൽ സ്നേഹം വർദ്ധിക്കും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയുണ്ടാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. എന്നാൽ വാരന്ത്യത്തോടെ ആരോഗ്യ സ്ഥിതിയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ വിദേശ വാസം, നിയമപരമായ പരാജയങ്ങൾ, കുടുംബത്തിൽ നിന്നുള്ള അകൽച്ച എന്നിവ നേരിടേണ്ടി വന്നേക്കാം. രക്ത സംബന്ധമായ അസുഖങ്ങൾ, ദമ്പതികൾ തമ്മിലുള്ള പിണക്കം, ജപ്തി നോട്ടീസ് പോലുള്ള പ്രതിസന്ധികൾക്ക് സാധ്യത കാണുന്നു. എന്നാൽ വാരമധ്യത്തോടെ രോഗമുക്തി നേടുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. അപ്രതീക്ഷിതമായി സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കും. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനും ശത്രുക്കളെ ജയിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനും സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.