മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ആരോഗ്യപരമായി ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്ന ശുഭകരമായ വാരമാണിത്. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിനും അർഹമായ ആനുകൂല്യങ്ങൾ കൈവരുന്നതിനും യോഗമുണ്ട്. വീട്, വാഹനം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും. വാരം അവസാനം സ്വത്ത് സംബന്ധമായ കേസുകളിൽ ചില പ്രതികൂല നടപടികൾ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, അപ്രതീക്ഷിത ധനലാഭത്തിനും കലാ-സാഹിത്യ മേഖലയിലുള്ളവർക്ക് മികച്ച നേട്ടങ്ങൾക്കും സാധ്യതയുണ്ട്. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ അവസരം ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഉദര-ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. പിതാവിനോ പിതൃതുല്യർക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. എന്നാൽ, വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാവുകയും കുടുംബത്തിൽ അഭിവൃദ്ധിയും സാമ്പത്തിക പുരോഗതിയും ഉണ്ടാകുകയും ചെയ്യും. അപ്രതീക്ഷിത ധനലാഭത്തിനും കലാ-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കാനും ഈ വാരം വഴിയൊരുക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിശ്വാസവഞ്ചനകൾക്ക് സാധ്യതയുള്ളതിനാൽ സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി വാക്കുതർക്കങ്ങൾ ഒഴിവാക്കാൻ സംയമനം പാലിക്കണം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അനാവശ്യ ചിന്തകൾ മാനസിക അസ്വസ്ഥതയ്ക്ക് കാരണമായേക്കാം. സ്ത്രീകളുമായുള്ള ഇടപെടലുകൾ സാമ്പത്തിക നഷ്ടത്തിനോ മാനഹാനിക്കോ ഇടയാക്കാതെ നോക്കണം. എങ്കിലും, വാരന്ത്യത്തോടെ മനഃസന്തോഷവും ധനലാഭവും കൈവരുന്നതാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. പഴയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും വിശേഷപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. തൊഴിലിൽ വിജയവും വാഹനഭാഗ്യവും പ്രതീക്ഷിക്കാം. വാരമധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് കാരണമായേക്കാം എന്നതിനാൽ ശ്രദ്ധിക്കുക. നിയമപരമായ പ്രശ്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് ജാഗ്രത വേണ്ട സമയമാണ്. ജല സംബന്ധമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെ അതിജീവിക്കാനും അപ്രതീക്ഷിത ധനലാഭം നേടാനും സാധിക്കും. പട്ടാളം, പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിന് യോഗമുണ്ട്. പഴയ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനും സാധിക്കും. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിച്ചേക്കാം. പ്രമുഖ വ്യക്തികളുമായി വേദികൾ പങ്കിടാൻ അവസരം ലഭിക്കും. വാരന്ത്യത്തിൽ കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
തുടക്കത്തിൽ അനാവശ്യ ചിന്തകൾ അലട്ടാനിടയുണ്ട്. ചിലർക്ക് താമസസ്ഥലത്ത് മാറ്റം വരുത്തേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ ദാമ്പത്യ ഐക്യം, ധനനേട്ടം, രോഗശാന്തി എന്നിവയുണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. വാരന്ത്യത്തിൽ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ തോതിലുള്ള സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ട വാരമാണിത്. ഭക്ഷണക്രമത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി കലഹങ്ങൾക്കോ അഭിപ്രായ വ്യത്യാസങ്ങൾക്കോ ഇടയുണ്ട്. കുടുംബസ്വത്ത് സംബന്ധമായ കേസുകളിൽ തിരിച്ചടികൾ നേരിട്ടേക്കാം. എങ്കിലും, വാരന്ത്യത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനും തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ കൈവരിക്കാനും സാധിക്കും. ശത്രുക്കളെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പ്രണയിക്കുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന വാരമാണിത്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിക്കും. അകന്നു കഴിഞ്ഞിരുന്ന പങ്കാളിയുമായി ഒത്തുതാമസിക്കാൻ തക്കവണ്ണം തൊഴിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തിൽ ആരോഗ്യപരമായ വെല്ലുവിളികൾ ഉണ്ടായേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ അനാവശ്യമായ ആശങ്കകൾ അലട്ടാനിടയുള്ളതിനാൽ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ വാരം സമ്മിശ്ര ഫലങ്ങൾ നൽകുന്നതാണ്. തുടക്കത്തിൽ ആരോഗ്യപരമായ അസ്വസ്ഥതകൾ അലട്ടിയേക്കാം; മാനസിക സമ്മർദ്ദമുള്ളവർ കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യുക. വാരമധ്യത്തോടെ കുടുംബത്തിൽ സന്തോഷം നിറയും. പുതിയ തൊഴിൽ അവസരങ്ങളോ ബിസിനസ്സ് സംരംഭങ്ങളോ ആരംഭിക്കാൻ സാധിക്കും. വാരന്ത്യത്തിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ വരാതെ ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി ആശുപത്രിവാസം വേണ്ടിവന്നേക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തുടക്കത്തിൽ ബിസിനസ്സിൽ മികച്ച ലാഭവും മനഃസന്തോഷവും ലഭിക്കും. പുതിയ വീടോ ആഭരണങ്ങളോ സ്വന്തമാക്കാൻ അവസരമുണ്ടാകും. നല്ല സുഹൃദ്ബന്ധങ്ങൾ ആശ്വാസമേകും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി അപവാദങ്ങൾ കേൾക്കാനോ സാമ്പത്തിക നഷ്ടത്തിനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അപ്രതീക്ഷിതമായ ചില ഭാഗ്യാനുഭവങ്ങളും ദാമ്പത്യ സൗഖ്യവും ഈ വാരത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സമ്മിശ്രമായ അനുഭവങ്ങൾ നിറഞ്ഞ വാരമായിരിക്കും ഇത്. തുടക്കത്തിൽ പങ്കാളിയുമായോ മക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കാര്യതടസ്സങ്ങൾ, ധനനഷ്ടം എന്നിവ അലട്ടാനിടയുണ്ട്. മോഷണ ഭയമുള്ളതിനാൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക. വാരമധ്യത്തോടെ തൊഴിൽ ലാഭവും മനഃസന്തോഷവും കൈവരും. വാരാന്ത്യത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജാഗ്രത പാലിക്കുക, അപമാനത്തിന് സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ വ്യവഹാരങ്ങളിൽ വിജയവും സാമ്പത്തിക ലാഭവും കൈവരും. ഉന്നത പദവികൾ ലഭിക്കാനും ദാമ്പത്യ ഐക്യം വർദ്ധിക്കാനും സാധ്യതയുണ്ട്. വാരമധ്യത്തിൽ നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ഇടയുള്ളത് മനോവിഷമമുണ്ടാക്കാം. സാമ്പത്തിക ക്ലേശങ്ങൾക്കും തിരിച്ചടികൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. എന്നാൽ വാരന്ത്യത്തോടെ ബിസിനസ്സിൽ പുരോഗതിയും ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കാനിടയുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.