മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
തൊഴിൽ മേഖലകളിൽ മികച്ച പുരോഗതിയും അർഹമായ സ്ഥാനക്കയറ്റവും ഈ വാരം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനലാഭം വന്നുചേരാൻ സാധ്യതയുണ്ടെങ്കിലും സാമ്പത്തിക വിനിമയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് ശമനമുണ്ടാകും. സഹോദരങ്ങളിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കുന്നത് മനസ്സിന് ആശ്വാസം പകരും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വിജയകരമായ സമയമാണ്. എന്നാൽ, വ്യാപാര രംഗത്തുള്ളവർ ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്ക് ഇടയാക്കുമെന്നതിനാൽ സംയമനം പാലിക്കണം. വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കാതെ പോയേക്കാം എന്നത് നിരാശയുണ്ടാക്കരുത്. സാമ്പത്തിക ഇടപാടുകളിലും ഔദ്യോഗിക രേഖകളിൽ ഒപ്പിടുമ്പോഴും അതീവ ശ്രദ്ധ പുലർത്തുക; അല്ലാത്തപക്ഷം ചതിക്കുഴികളിൽ വീഴാൻ സാധ്യതയുണ്ട്. നേത്ര-ത്വക്ക് രോഗങ്ങളുള്ളവർ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തിൽ സന്തോഷം നിറയുകയും വ്യാപാരത്തിലും തൊഴിലിലും പുരോഗതി അനുഭവപ്പെടുകയും ചെയ്യും. പുതിയ വീട്, ഭൂമി എന്നിവ സ്വന്തമാക്കാൻ അവസരം തെളിയും. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ സഹായം ഈ വാരം നിങ്ങളെ തേടിയെത്തും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ രംഗത്ത് വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വാരമാണിത്. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ സൗഹൃദങ്ങൾ വിപരീത ഫലങ്ങൾ നൽകിയേക്കാം എന്നതിനാൽ ശ്രദ്ധിക്കുക. വാരന്ത്യത്തോടെ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും കൈവരും. ദൂരദേശത്തുള്ള ബന്ധുക്കളെ സന്ദർശിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ഈ വാരം അവസരം ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതിനുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടുന്ന കാലമാണിത്. കുടുംബത്തോടൊപ്പം ആഘോഷങ്ങളിലും ഉല്ലാസയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ നിന്ന് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുമായും മക്കളുമായും ഊഷ്മളമായ ബന്ധം നിലനിർത്താൻ സാധിക്കും. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ വിജയം നേടാൻ കഴിയും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ സാമ്പത്തിക നഷ്ടങ്ങൾക്കോ മാനസിക വിഷമങ്ങൾക്കോ സാധ്യതയുള്ളതിനാൽ അമിതവിശ്വാസം ഒഴിവാക്കുന്നത് നന്നായിരിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഹൃദയസംബന്ധമായോ നേത്രസംബന്ധമായോ ഉള്ള രോഗങ്ങൾ അലട്ടുന്നവർ വാരത്തിന്റെ തുടക്കത്തിൽ അതീവ ജാഗ്രത പാലിക്കണം. ദാമ്പത്യത്തിലും മക്കളുമായുള്ള ബന്ധത്തിലും ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ കാര്യങ്ങൾ ശുഭകരമാകും. ലോട്ടറി, നറുക്കെടുപ്പുകൾ എന്നിവയിലൂടെ ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കാം. പുതിയ അലങ്കാര വസ്തുക്കളോ ആഭരണങ്ങളോ വാങ്ങാൻ യോഗമുണ്ട്. കുടുംബത്തിൽ വിവാഹം, ജനനം തുടങ്ങിയ ശുഭവാർത്തകൾക്കും മംഗളകർമ്മങ്ങൾക്കും സാധ്യത കാണുന്നു. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ വാരം വരുമാനത്തേക്കാൾ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ജീവിതത്തിൽ വലിയ തിരിച്ചറിവുകൾ നൽകുന്ന ചില അനുഭവങ്ങൾ ഈ കാലയളവിൽ ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എന്നാൽ വാരന്ത്യത്തോടെ സാഹചര്യങ്ങൾ മെച്ചപ്പെടും. സമൂഹത്തിൽ പ്രശസ്തിയും അംഗീകാരവും ലഭിക്കും. പ്രേമബന്ധങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാവുകയും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ വാരം നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരാരംഭത്തിൽ കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങളോ കാര്യതടസ്സങ്ങളോ നേരിടേണ്ടി വന്നേക്കാം. കൃഷി മേഖലയിലുള്ളവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ ശാന്തമാകും. തൊഴിലിൽ ലാഭവും മാനസികമായ സന്തോഷവും തിരികെ ലഭിക്കും. വാരന്ത്യത്തോടെ ശത്രുക്കളെ അതിജീവിക്കാനും നിയമപരമായ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കാനും നിങ്ങൾക്ക് സാധിക്കും. ഉന്നതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിച്ചേക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ദാമ്പത്യ ഐക്യത്തോടെയും രോഗശാന്തിയോടെയും വാരം ആരംഭിക്കുന്നു. വ്യാപാര രംഗത്ത് മികച്ച വിജയങ്ങൾ കൈവരിക്കാനും സാമ്പത്തികമായി മുന്നേറാനും സാധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. എന്നാൽ വാരമധ്യത്തോടെ ചില അനാവശ്യ ഭയങ്ങൾ മനസ്സിനെ അലട്ടാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടുന്നത് മനഃസ്വസ്ഥത കുറച്ചേക്കാം. അപമാനം ഏൽക്കാതെ ശ്രദ്ധിക്കുക. ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കോടതി സംബന്ധമായ കാര്യങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്ന കാലമാണിത്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുകയും പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുകയും ചെയ്യും. ബിസിനസ്സിൽ ലാഭവും തൊഴിൽപരമായ അംഗീകാരങ്ങളും തേടിയെത്തും. കലാ-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാൻ യോഗമുണ്ട്. വാരമധ്യത്തിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളോ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായേക്കാമെങ്കിലും വാരന്ത്യത്തോടെ രോഗശാന്തി ലഭിക്കും. എങ്കിലും സാമ്പത്തികമായ തിരിച്ചടികൾ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിനോ മാനഹാനിക്കോ സാധ്യതയുള്ളതിനാൽ വാരത്തിന്റെ തുടക്കത്തിൽ അതീവ ജാഗ്രത പാലിക്കുക. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. വരവിനേക്കാൾ ചെലവ് വർദ്ധിക്കുന്നത് സാമ്പത്തിക സമ്മർദ്ദമുണ്ടാക്കും. ശാരീരികമായ അവശതകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ ആരോഗ്യവർദ്ധനവും തൊഴിൽ വിജയവും ഉണ്ടാകും. സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കുമെങ്കിലും, പ്രശസ്തിക്കൊപ്പം അനാവശ്യ അപവാദങ്ങളും ഉണ്ടായേക്കാമെന്നതിനാൽ കരുതൽ വേണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യേണ്ടി വരുന്ന വാരമാണിത്. അനാവശ്യമായ തർക്കങ്ങളിലും കൂട്ടുകെട്ടുകളിലും ഏർപ്പെടുന്നത് നിയമപരമായ കുരുക്കുകൾക്കോ സാമ്പത്തിക നഷ്ടത്തിനോ കാരണമായേക്കാം. ഉദരസംബന്ധമായ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന പദവികളിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം. വാരന്ത്യത്തോടെ കാര്യങ്ങൾ അനുകൂലമാകും. ബിസിനസ്സിൽ ലാഭവും തൊഴിലിൽ വിജയവും കൈവരും. കലാ-സാഹിത്യ മേഖലയിലുള്ളവർക്ക് അർഹമായ അംഗീകാരങ്ങൾ ഈ വാരം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരാരംഭത്തിൽ കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും സാമ്പത്തിക ലാഭം ഉണ്ടാവാനും സാധ്യതയുണ്ട്. ആഭരണങ്ങൾ കൈവശം വന്നുചേരും. എന്നാൽ വാരമധ്യത്തോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാം. അതിർത്തി തർക്കങ്ങൾ കോടതി നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. ശാരീരികവും മാനസികവുമായ സമ്മർദ്ദം വർദ്ധിച്ചേക്കാം. കടബാധ്യതകളുള്ളവർ ജാഗ്രത പാലിക്കണം; സർക്കാർ തലത്തിലുള്ള നടപടികൾ അലട്ടാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ നീക്കങ്ങളെ ബുദ്ധിപൂർവ്വം പ്രതിരോധിക്കുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.