സമ്പൂർണ്ണ വാരഫലം - ഏപ്രിൽ 26 മുതൽ മെയ് 02 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ ദൂരദേശയാത്രകൾ അനിവാര്യമായി വന്നേക്കാം. കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യത്തിലോ മറ്റ് സാഹചര്യങ്ങളിലോ ചില ആശങ്കകൾക്ക് സാധ്യതയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. എന്നാൽ വാരമധ്യത്തോടെ പ്രതിസന്ധികൾ ഒഴിഞ്ഞുമാറും. കുടുംബത്തിൽ അഭിവൃദ്ധി, വ്യവഹാരങ്ങളിൽ വിജയം, രോഗശാന്തി എന്നിവ അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങളും ദാമ്പത്യ ഐക്യവും ഈ വാരത്തെ സന്തോഷകരമാക്കും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും അനുകൂലമായ സാഹചര്യമാണുള്ളത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങൾ അല്പം ആശങ്കയുണ്ടാക്കിയേക്കാം. കാര്യതടസ്സങ്ങളും അലസതയും ജോലിയെ ബാധിക്കാതെ ശ്രദ്ധിക്കുക. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉറക്കക്കുറവോ ദുഃസ്വപ്നങ്ങളോ അലട്ടാനിടയുള്ളതിനാൽ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക. വാത-ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. എങ്കിലും വാരന്ത്യത്തോടെ സാമ്പത്തിക ക്ലേശങ്ങൾ മാറി മനഃസന്തോഷവും തൊഴിൽ വിജയവും കൈവരിക്കാൻ സാധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ വലിയ ആത്മവിശ്വാസവും ശത്രുഹാനിയും അനുഭവപ്പെടും. ചിന്താശേഷിയും പക്വതയും നിങ്ങളെ വിജയങ്ങളിലേക്ക് നയിക്കും. എന്നാൽ വാരമധ്യത്തോടെ കുടുംബസൗഖ്യത്തിൽ ചെറിയ കുറവുകൾ അനുഭവപ്പെട്ടേക്കാം. മനഃശക്തി കുറയുന്നതിനാലോ തെറ്റായ കൂട്ടുകെട്ടുകൾ മൂലമോ മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായ അസ്വസ്ഥതകൾ രൂക്ഷമാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കുക. മാതാവിന്റെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സഹോദരങ്ങളുമായി നിലനിന്നിരുന്ന പിണക്കങ്ങൾ മാറി ഐക്യമുണ്ടാകുന്ന വാരമാണിത്. അസാമാന്യമായ ധൈര്യത്തോടെ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായി സുഹൃത്തുക്കളിൽ നിന്ന് സഹായസഹകരണങ്ങൾ ലഭിക്കുന്നത് വലിയ ആശ്വാസമാകും. സുഖസൗകര്യങ്ങൾ വർദ്ധിക്കുമെങ്കിലും വാരന്ത്യത്തിൽ കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ആശുപത്രിവാസം വേണ്ടിവന്നേക്കാം. ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദരരോഗങ്ങൾ അലട്ടാൻ ഇടയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഔദ്യോഗിക രംഗത്ത് മേലധികാരികളിൽ നിന്ന് പ്രശംസയും പാരിതോഷികങ്ങളും ലഭിക്കാൻ യോഗമുണ്ട്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും വർദ്ധിക്കും. കല, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വാരമധ്യത്തിൽ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക, അല്ലാത്തപക്ഷം അപവാദങ്ങൾ കേൾക്കേണ്ടി വന്നേക്കാം. സർക്കാർ തലത്തിൽ നിന്നുള്ള ഇടപാടുകളിൽ ജാഗ്രത പാലിക്കുക. വാരന്ത്യത്തോടെ ശത്രുനാശവും കീർത്തിയും സാമ്പത്തിക നേട്ടവും കൈവരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വ്യക്തിബന്ധങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ട വാരമാണിത്. അനാവശ്യ ബന്ധങ്ങളോ ചതിക്കുഴികളോ വഴി മാനഹാനിക്കും നിയമനടപടികൾക്കും സാധ്യത കാണുന്നു. രാഷ്ട്രീയക്കാർ സാമ്പത്തിക-സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ അതീവ സൂക്ഷ്മത പാലിക്കുക. സാഹിത്യ രംഗത്തുള്ളവർക്ക് തങ്ങളുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിക്കും. വാരമധ്യത്തോടെ ദീർഘകാലമായുണ്ടായിരുന്ന അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വാരമാണിത്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളുമായി ഒത്തുചേരാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കും. പുതിയ ഭൂമി വാങ്ങാനോ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കോ അനുകൂലമായ സമയമാണ്. ബിസിനസ്സുകാർക്ക് പുതിയ കരാറുകൾ ലഭിക്കാൻ യോഗമുണ്ട്. ദമ്പതികൾ തമ്മിലുള്ള തുറന്ന സംസാരം ബന്ധം കൂടുതൽ ദൃഢമാക്കും. മേലധികാരിയുടെ പ്രീതി ലഭിക്കുമെങ്കിലും വാരമധ്യത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ത്വക്ക് രോഗമുള്ളവർ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

രാഷ്ട്രീയക്കാർക്കും പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്കും ജനസമ്മതി വർദ്ധിക്കുന്ന വാരമാണിത്. ബിസിനസ്സിൽ പുതിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും പുനഃസ്ഥാപിക്കപ്പെടും. സാമ്പത്തിക ഉന്നതിയും തൊഴിൽ വിജയവും ഈ വാരത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ വാരന്ത്യത്തിൽ സ്ത്രീ നിമിത്തം ചില അപമാനങ്ങൾക്കോ ധനനഷ്ടത്തിനോ സാധ്യത കാണുന്നു. ശ്വാസകോശ സംബന്ധമായോ കാൽമുട്ട് സംബന്ധമായോ ഉള്ള അസ്വസ്ഥതകൾ വരാതെ ശ്രദ്ധിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ മാനസികമായ ചില വെല്ലുവിളികളും അന്യദേശ വാസത്തിനുള്ള സാഹചര്യങ്ങളും ഉണ്ടായേക്കാം. എന്നാൽ വാരമധ്യത്തോടെ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. കിട്ടാക്കടങ്ങൾ തിരികെ ലഭിക്കാനോ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കുകയും ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്യും. ശത്രുക്കളുടെ ശല്യം കുറയുന്നതോടൊപ്പം സമൂഹത്തിൽ ആദരിക്കപ്പെടാനും ഉദ്യോഗത്തിൽ ഉന്നത പദവികൾ ലഭിക്കാനും യോഗമുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം ഗുണദോഷങ്ങൾ ഇടകലർന്നതായിരിക്കും. നിയമപരമായ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില താക്കീതുകൾ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പിണക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കടബാധ്യതയുള്ളവർക്ക് ബാങ്ക് നടപടികൾ നേരിടേണ്ടി വന്നേക്കാം. ഉദര-ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയേക്കാം. എങ്കിലും വാരന്ത്യത്തോടെ ഈ പ്രതിസന്ധികളെല്ലാം നീങ്ങുകയും തൊഴിൽ വിജയവും സാമ്പത്തിക ലാഭവും കൈവരികയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്ന ആശ്വാസകരമായ വാരമാണിത്. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങിക്കിട്ടും. വിവാഹപ്രായമായ യുവതീയുവാക്കൾക്ക് അനുയോജ്യമായ ബന്ധങ്ങൾ ഒത്തുവരും. പുതിയ വീട്, വാഹനം അല്ലെങ്കിൽ ഭൂമി വാങ്ങാൻ അനുകൂലമായ സമയമാണ്. ദമ്പതികൾക്കിടയിൽ ഐക്യം വർദ്ധിക്കും. എങ്കിലും വാരമധ്യത്തിൽ നിസ്സാര കാര്യങ്ങൾക്ക് ശത്രുത ഉണ്ടാകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയുന്ന വാരമാണിത്. തൊഴിൽ മേഖലയിൽ മേലധികാരിയുടെ പ്രീതി നേടാനും ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനും സാധിക്കും. സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സഫലീകരിക്കാൻ അവസരമുണ്ടാകും. സ്വത്ത് സംബന്ധമായ കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടൊപ്പം യാത്രകൾ പോകാനും സമയം ചെലവഴിക്കാനും സാധിക്കും. വാരന്ത്യത്തിൽ ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ അല്പം ശ്രദ്ധ പുലർത്തുന്നത് ഉചിതമായിരിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212