സമ്പൂർണ്ണ വാരഫലം - ഏപ്രിൽ 19 മുതൽ ഏപ്രിൽ 25 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ നേരിയ ആരോഗ്യ അസ്വസ്ഥതകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ ഔദ്യോഗിക രംഗത്ത് വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. മേലധികാരികളിൽ നിന്ന് പ്രശംസാപത്രമോ അംഗീകാരമോ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത് മനസ്സിന് കുളിർമയേകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച ലാഭം കൊയ്യാൻ സാധിക്കും. എങ്കിലും വാരന്ത്യത്തിൽ ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് ഉദര സംബന്ധമായ പ്രശ്നങ്ങളിൽ അതീവ ജാഗ്രത പുലർത്തുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടത്തിനോ മാനഹാനിക്കോ സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ ശ്രദ്ധിക്കുക. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. ആഡംബരങ്ങൾക്കായി പണം ചെലവഴിക്കുമ്പോൾ നിയന്ത്രണം പാലിക്കുക. നിലവിൽ ചികിത്സയിലുള്ളവർ മരുന്നുകൾ കൃത്യസമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. വാരന്ത്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും; ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക പുരോഗതി എന്നിവ അനുഭവത്തിൽ വരും. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാൻ യോഗമുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കുടുംബാംഗങ്ങളിൽ നിന്ന് വലിയ തോതിലുള്ള സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനോ അതിന് നേതൃത്വം നൽകാനോ ഉള്ള സാഹചര്യം ഉണ്ടാകും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാൻ സാധിക്കുന്നത് മനസ്സിന് സന്തോഷം നൽകും. എന്നാൽ വാരമധ്യത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജാഗ്രത പാലിക്കുക; അപവാദങ്ങൾക്കോ സാമ്പത്തിക നഷ്ടങ്ങൾക്കോ സാധ്യത കാണുന്നു. ഇത് കുടുംബത്തിൽ അനാവശ്യ കലഹങ്ങൾക്ക് കാരണമായേക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

മനസ്സിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സഫലമാകുന്ന ഒരു വാരമാണിത്. കുടുംബസൗഖ്യം, ഔദ്യോഗിക വിജയം, കീർത്തി എന്നിവ നിങ്ങളെ തേടിയെത്തും. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വാരമധ്യത്തിൽ ചെലവുകൾ അല്പം വർദ്ധിച്ചേക്കാം. എങ്കിലും വാരന്ത്യത്തോടെ മനഃസന്തോഷവും തൊഴിൽപരമായ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരാരംഭത്തിൽ മാനസികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പ്രിയപ്പെട്ടവരുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് ശത്രുദോഷത്തിന് കാരണമായേക്കാം. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്താലും അർഹമായ നന്ദി ലഭിക്കാത്തത് മനസ്സിനെ വേദനിപ്പിച്ചേക്കാം. ആമാശയ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ ഈ പ്രശ്നങ്ങളെല്ലാം നീങ്ങുകയും സാമ്പത്തികമായും ശാരീരികമായും പുരോഗതി ഉണ്ടാവുകയും ചെയ്യും. ദാമ്പത്യ സുഖവും തൊഴിൽ വിജയവും ഈ വാരത്തിന്റെ സവിശേഷതയാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത കുറയാനും രോഗാദി ദുരിതങ്ങൾ അലട്ടാനും സാധ്യതയുണ്ട്. ചിലപ്പോൾ നമ്മൾ അറിയാത്ത കാര്യങ്ങൾക്കും ഉത്തരവാദികളാകേണ്ടി വന്നേക്കാം. ശത്രുക്കളുടെ ശല്യം വർദ്ധിക്കാനിടയുള്ളതിനാൽ ജാഗ്രത പാലിക്കുക. അയൽക്കാരുമായോ ബന്ധുക്കളുമായോ അനാവശ്യമായ തർക്കങ്ങളിലോ കേസുകളിലോ ഏർപ്പെടാതെ നോക്കണം. എന്നാൽ വാരന്ത്യത്തോടെ ബിസിനസ്സിൽ വലിയ പുരോഗതിയുണ്ടാകും. തൊഴിൽരഹിതർക്ക് അർഹമായ ജോലി ലഭിക്കാൻ ഈ വാരം വഴിയൊരുക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, വാഹനഭാഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ കൈവരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുകയും ബിസിനസ്സിൽ സാമ്പത്തിക പുരോഗതി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ വാരമധ്യത്തോടെ സാഹചര്യങ്ങളിൽ മാറ്റം വരാം. ഉദര സംബന്ധമായ പ്രശ്നങ്ങളോ ശത്രുഭയമോ അലട്ടിയേക്കാം. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കം കുടുംബസൗഖ്യവും ദാമ്പത്യ ഐക്യവും നിറഞ്ഞതായിരിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ധനലാഭം, തൊഴിൽ വിജയം എന്നിവയുണ്ടാകും. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാനും അവർക്കൊപ്പം യാത്രകൾ പോകാനും അവസരം തെളിയും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങുക എന്ന ആഗ്രഹം സഫലമാകും. എന്നാൽ വാരന്ത്യത്തിൽ സാമ്പത്തിക നഷ്ടങ്ങൾക്കോ ചതിക്കുഴികൾക്കോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബത്തിൽ ചില വൈകാരിക മുഹൂർത്തങ്ങൾ ഈ വാരം ഉണ്ടായേക്കാം. മാനസിക ബലം കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പങ്കാളിയുമായോ മക്കളുമായോ ഉള്ള കലഹങ്ങൾ സമാധാനത്തെ ബാധിച്ചേക്കാം. യാത്രകൾ വർദ്ധിക്കുമെങ്കിലും അവ ക്ലേശകരമായേക്കാം. എന്നാൽ വാരമധ്യത്തോടെ രോഗശാന്തി ലഭിക്കുകയും ഉന്മേഷം തിരിച്ചുവരികയും ചെയ്യും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമാണിത്. തൊഴിൽ വിജയവും കീർത്തിയും സാമ്പത്തിക ലാഭവും ഈ വാരം പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ മാതാപിതാക്കളുമായോ സന്താനങ്ങളുമായോ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ ക്ഷീണമോ ശാരീരിക ബുദ്ധിമുട്ടുകളോ അലട്ടിയേക്കാം. വാരമധ്യത്തിൽ യാത്രകളിൽ അസ്വസ്ഥതകൾ നേരിടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. വാരന്ത്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. ദാമ്പത്യ സുഖം, ശത്രുജയം, ധനനേട്ടം എന്നിവ നിങ്ങളെ തേടിയെത്തും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുഹാനിയും രോഗശാന്തിയും പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനും സാമ്പത്തിക പുരോഗതിക്കും വഴി തെളിയും. ബിസിനസ്സിൽ പുതിയ ഉണർവ് അനുഭവപ്പെടും. ഏവർക്കും സ്വീകാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കും. പുണ്യസ്ഥല സന്ദർശനത്തിന് യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് അവസരം ലഭിച്ചേക്കാം. എങ്കിലും വാരമധ്യത്തിൽ ശാരീരിക അസ്വസ്ഥതകളോ ചെറിയ അസുഖങ്ങളോ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരാരംഭത്തിൽ കുടുംബത്തിൽ ചെറിയ കലഹങ്ങളോ മാനസിക പ്രയാസങ്ങളോ ഉണ്ടായേക്കാം. ബിസിനസ്സിലോ തൊഴിലോ ചില ക്ലേശങ്ങൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ സഹോദരസ്ഥാനത്തുള്ളവരിൽ നിന്ന് വലിയ പിന്തുണയും സഹായവും ലഭിക്കും. ചില സുപ്രധാനമായ തിരിച്ചറിവുകൾ ഈ വാരം ഉണ്ടാകും. പല കാര്യങ്ങളിലും പക്വതയോടെയും ചിന്താശേഷിയോടെയും ഇടപെടുന്നത് എല്ലാവരുടെയും ആദരവ് നേടാൻ സഹായിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212