സമ്പൂർണ്ണ വാരഫലം - ഏപ്രിൽ 05 മുതൽ ഏപ്രിൽ 11 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം മേടരാശിക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് പ്രകടമാകുന്നത്. വാരത്തിന്റെ തുടക്കത്തിൽ കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിലും അല്പം ശ്രദ്ധ ആവശ്യമാണ്. എന്നാൽ വാരന്ത്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. ദീർഘകാലമായി കാണാതിരുന്ന പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനും അവരോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനോ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനോ അവസരം ലഭിക്കും. രോഗങ്ങളിൽ നിന്നുള്ള മോചനവും കുടുംബത്തിൽ സമാധാനവും പ്രതീക്ഷിക്കാം. സമൂഹത്തിൽ ആദരവും അംഗീകാരവും വർദ്ധിക്കുന്നതോടൊപ്പം അപ്രതീക്ഷിത സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാനും സാധിക്കും. തൊഴിൽപരമായ വിജയവും സാമ്പത്തിക ലാഭവും കീർത്തിയും ഈ സമയം നിങ്ങളെ തേടിയെത്തും. എന്നാൽ വാരമധ്യത്തോടെ കുടുംബസൗഖ്യത്തിൽ കുറവുണ്ടാകാനോ ഉറക്കമില്ലായ്മ അലട്ടാനോ സാധ്യതയുണ്ട്. വാരന്ത്യത്തിൽ കുടുംബാംഗങ്ങളുമായി കലഹങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണക്രമത്തിലെ അപാകതകൾ മൂലമുള്ള ഉദരരോഗങ്ങൾക്കും മാനസിക വിഷമങ്ങൾക്കും സാധ്യത കാണുന്നു. ശത്രുക്കളുടെ ഇടപെടലുകൾ വഴി നല്ല അവസരങ്ങൾ നഷ്ടപ്പെടാനോ കോടതി കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാനോ ഇടയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പൂർണ്ണമായ മോചനം ലഭിക്കുന്ന വാരമാണിത്. മാനസികമായ ഉന്മേഷം കൈവരികയും മക്കളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളാൻ അവസരം ലഭിക്കുകയും ചെയ്യും. കുടുംബസമേതം തീർത്ഥയാത്രകൾ നടത്താൻ സാധിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുന്നത് കരിയറിൽ ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങളും കാര്യവിജയവും ഈ വാരം പ്രതീക്ഷിക്കാം. എങ്കിലും വാരന്ത്യത്തിൽ തൊഴിൽപരമായ ചില ക്ലേശങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ ജാഗ്രത പാലിക്കുക; ഇഴജന്തുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾക്കെതിരെയും കരുതിയിരിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടിയേക്കാം. ആരോഗ്യ കാര്യങ്ങളിലും വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത ആവശ്യമാണ്. അനാവശ്യ കൂട്ടുകെട്ടുകൾ വഴി മാനഹാനിയോ ധനനഷ്ടമോ സംഭവിക്കാതെ നോക്കണം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ഐക്യം വർദ്ധിക്കുകയും തൊഴിൽ രംഗത്ത് മികച്ച വിജയം കൈവരിക്കുകയും ചെയ്യും. ശത്രുക്കൾ മിത്രങ്ങളായി മാറുന്ന അനുഭവം ഉണ്ടാകും. പ്രമുഖ വ്യക്തികളുടെ സഹായവും അംഗീകാരവും ഈ വാരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

തുടക്കത്തിൽ ബന്ധുക്കളുമായുള്ള തർക്കങ്ങൾക്കും സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ഉദരരോഗങ്ങൾ അലട്ടാനിടയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം. അയൽക്കാരുമായോ കുടുംബാംഗങ്ങളുമായോ സ്വരച്ചേർച്ചയില്ലായ്മ അനുഭവപ്പെട്ടേക്കാം. എന്നാൽ വാരന്ത്യത്തോടെ കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാഹചര്യമൊരുങ്ങും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമോ ഉയർന്ന പദവികളോ നിങ്ങളെ തേടിയെത്തും. ബിസിനസ്സുകാർക്ക് പുതിയ പ്രോജക്റ്റുകൾ ലഭിക്കാൻ അനുകൂല സമയമാണ്. സമൂഹത്തിൽ ആദരവും അംഗീകാരവും വർദ്ധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം ഗുണദോഷങ്ങൾ തുല്യമായി അനുഭവപ്പെടും. തുടക്കത്തിൽ പ്രണയ കാര്യങ്ങളിൽ വിജയവും പുതിയ വീട് സ്വന്തമാക്കാനോ പുതുക്കിപ്പണിയാനോ ഉള്ള സാധ്യതകളും തെളിയും. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം. എന്നാൽ വാരമധ്യത്തോടെ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ അസ്വസ്ഥതകളും അലട്ടിയേക്കാം; പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കുക. ശത്രുഭയം, കാര്യതടസ്സങ്ങൾ, അനാവശ്യ ആരോപണങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. അഗ്നി സംബന്ധമായ കാര്യങ്ങളിലും അന്യസ്ത്രീ ബന്ധങ്ങളിലും അതീവ ജാഗ്രത പുലർത്തുന്നത് ഭാവിയിലെ ദുരിതങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആഴ്ചയുടെ തുടക്കത്തിൽ ജോലിഭാരവും മാനസിക സമ്മർദ്ദവും സാമ്പത്തിക അനിശ്ചിതത്വങ്ങളും നിങ്ങളെ അലട്ടിയേക്കാം. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ ഈ പ്രതിസന്ധികളെല്ലാം നീങ്ങുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന ഈ കാലയളവിൽ പ്രമുഖ വ്യക്തികളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കും. പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനും സാധിക്കുന്നത് മാനസിക സന്തോഷം നൽകും. ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാനും അവ വിജയകരമായി നടപ്പിലാക്കാനും ഈ സമയം അതീവ അനുയോജ്യമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ആരോഗ്യപരമായ പുരോഗതിയോടെയാണ് ഈ ആഴ്ച ആരംഭിക്കുന്നത്. ഭാഗ്യപരീക്ഷണങ്ങളിലോ ലോട്ടറി തുടങ്ങിയവയിലോ വിജയിക്കാനും അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്. എന്നാൽ വാരമധ്യത്തിൽ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; അല്ലാത്തപക്ഷം ധനനഷ്ടമോ മാനഹാനിയോ സംഭവിച്ചേക്കാം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാമെങ്കിലും ആഴ്ച അവസാനത്തോടെ അവ പരിഹരിക്കപ്പെടും. പ്രിയപ്പെട്ടവരോടൊപ്പം ഉല്ലാസ യാത്രകൾക്കോ തീർത്ഥാടനങ്ങൾക്കോ പോകാൻ അവസരം ലഭിക്കും. ഇത് മനസ്സിന് വലിയ സമാധാനവും സന്തോഷവും നൽകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

തുടക്കത്തിൽ ചില ആരോഗ്യ പ്രശ്നങ്ങളും മാനസികമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. എന്നാൽ ആഴ്ചയുടെ പകുതിയോടെ ഈ കാർമേഘങ്ങൾ ഒഴിഞ്ഞുമാറും. ദീർഘകാലമായി അനുഭവിച്ചിരുന്ന മാനസിക വിഷമങ്ങളിൽ നിന്ന് മോചനം ലഭിക്കും. തൊഴിൽ രംഗത്തെ തടസ്സങ്ങൾ നീങ്ങുകയും ഉയർന്ന പദവികളിലേക്ക് പ്രവേശിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും അകന്നു കഴിഞ്ഞിരുന്ന പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാനും ഈ വാരം വഴിയൊരുക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സമ്മിശ്രമായ അനുഭവങ്ങൾ നിറഞ്ഞ വാരമാണിത്. വാരാരംഭത്തിൽ ദാമ്പത്യത്തിൽ ഐക്യവും സമൂഹത്തിൽ ബഹുമാനവും നിലനിൽക്കും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ നിമിത്തം അപമാനത്തിനോ പ്രശ്നങ്ങൾക്കോ സാധ്യതയുള്ളതിനാൽ ഇടപെടലുകളിൽ മിതത്വം പാലിക്കുക. അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. എന്നാൽ വാരന്ത്യത്തോടെ കാര്യങ്ങൾ ശുഭകരമാകും. ജോലിയിൽ അഭിനന്ദനങ്ങളും പ്രശംസയും ലഭിക്കും. സാമ്പത്തിക നേട്ടം, കീർത്തി, ദാമ്പത്യ സൗഖ്യം എന്നിവ ഈ കാലയളവിന്റെ പ്രത്യേകതകളാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുംഭരാശിക്കാർക്ക് ഈ വാരം അതീവ അനുകൂലമാണ്. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താനും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനും സാധിക്കും. കീർത്തി വർദ്ധിക്കുകയും പുതിയ വാഹനഭാഗ്യം അനുഭവപ്പെടുകയും ചെയ്യും. ജോലിസ്ഥലത്തോ ബിസിനസ്സിലോ അപ്രതീക്ഷിതമായ വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ പങ്കാളിയുടെ പൂർണ്ണ പിന്തുണയും സ്നേഹവും ലഭിക്കും. പ്രണയിക്കുന്നവർക്ക് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ കാര്യങ്ങളിൽ തീരുമാനമുണ്ടാകും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് ജനസമ്മതിയും പ്രശസ്തിയും വർദ്ധിക്കുന്ന സമയമാണിത്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഗുണദോഷങ്ങൾ കലർന്ന ഒരു വാരമായിരിക്കും ഇത്. തുടക്കത്തിൽ നിയമപരമായ തടസ്സങ്ങൾക്കോ ശത്രുശല്യം മൂലം ബുദ്ധിമുട്ടുകൾക്കോ സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായി നിസ്സാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകുന്നത് മാനസിക ഭാരമുണ്ടാക്കും. എന്നാൽ ആഴ്ച അവസാനിക്കുമ്പോൾ ഈ അസ്വസ്ഥതകൾ മാറിക്കിട്ടും. കുടുംബത്തിൽ സമാധാനവും ഐക്യവും തിരികെ വരും. തൊഴിൽപരമായ വിജയവും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും കൈവശം വന്നുചേരാൻ യോഗമുണ്ട്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212