നക്ഷത്രഫലം: ബുധനാഴ്ച, 2026 മാർച്ച് 25

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

സമൂഹത്തിൽ മാന്യതയും അംഗീകാരവും വർദ്ധിക്കുന്ന ദിനമാണിത്. ആകർഷകമായ സംസാരശൈലിയിലൂടെ മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റാൻ സാധിക്കും. വലിയ വികസന പദ്ധതികളുടെ ആസൂത്രണത്തിൽ പങ്കാളിയാകാൻ ലഭിക്കുന്ന അവസരം ഔദ്യോഗിക ജീവിതത്തിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കും. ബന്ധുജന സമാഗമം മനസ്സിന് സന്തോഷം നൽകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉദരസംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള അസ്വസ്ഥതകൾ ആശുപത്രിവാസത്തിന് കാരണമായേക്കാം. കുടുംബത്തിനകത്തെ തർക്കങ്ങൾ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. അനാവശ്യമായ ചിന്തകൾ ഒഴിവാക്കി മനഃക്കരുത്ത് നിലനിർത്താൻ ശ്രമിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദീർഘകാലമായി തൊഴിലന്വേഷിക്കുന്നവർക്ക് തങ്ങളുടെ കഴിവിനനുയോജ്യമായ മികച്ച ജോലി ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. പുതിയ ഉത്തരവാദിത്തങ്ങളിൽ വിജയിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കുന്നതിനൊപ്പം പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് എതിർലിംഗത്തിൽപ്പെട്ടവരുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രത പാലിക്കുക. അശ്രദ്ധ കാണിക്കുന്നത് സാമ്പത്തിക നഷ്ടത്തിനോ അനാവശ്യമായ അപവാദങ്ങൾക്കോ വഴിതെളിച്ചേക്കാം. വ്യക്തിപരമായ കാര്യങ്ങളിൽ മിതത്വവും സംയമനവും പാലിക്കുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

മാനസികമായ സമ്മർദ്ദങ്ങൾ ഒഴിഞ്ഞുമാറുന്ന ശുഭദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ സുവർണ്ണാവസരങ്ങൾ തേടിയെത്തും. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾക്കും പദ്ധതികൾക്കും തുടക്കം കുറിക്കാൻ അനുയോജ്യമായ സമയമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണത്തോടെ ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ശാരീരികക്ഷമത കൈവരുകയും ചെയ്യും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താനും സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നതുമായ അനുകൂല ദിനമാണിത്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ശാരീരികമായ തളർച്ചയും ആരോഗ്യപ്രശ്നങ്ങളും പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. ഭക്ഷണസുഖം കുറയാനും മനഃസമാധാനം അല്പം അസ്വസ്ഥമാകാനും സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നുള്ള പരോക്ഷമായ നീക്കങ്ങളെ കരുതിയിരിക്കണം. വിശ്രമത്തിന് സമയം കണ്ടെത്തുന്നത് ഊർജ്ജസ്വലത വീണ്ടെടുക്കാൻ സഹായിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക; ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കുന്നത് നന്നായിരിക്കും. ശത്രുഭയമോ നിയമപരമായ തർക്കങ്ങളോ മനസ്സിനെ അലട്ടിയേക്കാം. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ വാക്കുകളിൽ നിയന്ത്രണം പാലിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കല, സാംസ്കാരികം, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും സാമ്പത്തിക നേട്ടവും ലഭിക്കുന്ന ദിനമാണിത്. തൊഴിലില്ലാത്തവർക്ക് അർഹമായ പുതിയ അവസരങ്ങൾ വന്നുചേരും. സമൂഹത്തിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കുന്നതിനൊപ്പം പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സ്ത്രീജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ശാരീരിക അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം ലഭിക്കുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യുന്ന ശുഭദിനമാണിത്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കുക; ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശുചിത്വമുള്ള ആഹാരം ഉറപ്പുവരുത്തണം. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ബന്ധുക്കളുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് മനഃസമാധാനം കെടുത്തിയേക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

മനസ്സിൽ ചെറിയ ആശങ്കകളോ ഭയമോ അനുഭവപ്പെടാൻ സാധ്യതയുള്ള ദിവസമാണിത്. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നത് മനോവിഷമത്തിന് കാരണമായേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കുക. ആത്മവിശ്വാസം കൈവിടാതെ പ്രതിസന്ധികളെ നേരിടാൻ ശ്രദ്ധിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212