നക്ഷത്രഫലം: തിങ്കളാഴ്ച, 2026 മാർച്ച് 23

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം അല്പം അലസത അനുഭവപ്പെട്ടേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ വഴി സാമ്പത്തിക നഷ്ടത്തിനോ അപവാദങ്ങൾക്കോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന ശുഭദിനമാണിത്. സൽപ്രവൃത്തികളിൽ ഏർപ്പെടാനും സമൂഹത്തിൽ നല്ല പേര് സമ്പാദിക്കാനും അവസരം ലഭിക്കും. ലോട്ടറി, നറുക്കെടുപ്പുകൾ തുടങ്ങിയ അപ്രതീക്ഷിത മാർഗങ്ങളിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധ്യത കാണുന്നു..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദിവസത്തിന്റെ തുടക്കം സർവ്വ കാര്യവിജയത്തോടെയായിരിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ ഇടയുള്ളതിനാൽ അനാവശ്യമായ പണമിടപാടുകൾ ഒഴിവാക്കുന്നത് ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്ക് ഗുണകരമാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബത്തോടൊപ്പം മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്ന സന്തോഷകരമായ ദിവസമാണിത്. ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനവും ശാന്തതയും നിലനിൽക്കുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ദിവസത്തിന്റെ ആദ്യ പകുതിയിൽ അല്പം അലച്ചിലോ ഭാഗ്യക്കുറവോ അനുഭവപ്പെട്ടേക്കാമെങ്കിലും പതറാതെ മുന്നോട്ട് പോകുക. ഉച്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമായി മാറുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. ക്ഷമയോടെയുള്ള സമീപനം കർമ്മരംഗത്ത് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രിയപ്പെട്ടവരിൽ നിന്ന് അപ്രതീക്ഷിതമായ എതിർപ്പുകൾ നേരിടാൻ സാധ്യതയുണ്ട്. ഔദ്യോഗിക രേഖകളിലോ കരാറുകളിലോ ഒപ്പുവെക്കുന്നതിന് മുൻപ് അവ കൃത്യമായി വായിച്ചു ബോധ്യപ്പെടുന്നത് ചതിക്കുഴികൾ ഒഴിവാക്കാൻ സഹായിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ദിവസത്തിന്റെ തുടക്കത്തിൽ സാമ്പത്തിക നേട്ടങ്ങളും ബിസിനസ്സിൽ മികച്ച പുരോഗതിയും ഈ രാശിക്കാരെ തേടിയെത്തും. എന്നാൽ ഉച്ചയ്ക്ക് ശേഷം ആരോഗ്യ കാര്യങ്ങളിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലും വിശ്രമത്തിലും കൃത്യമായ ശ്രദ്ധ നൽകുന്നത് ഉചിതമായിരിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബത്തിൽ സന്തോഷവും ബന്ധുക്കളിൽ നിന്ന് ഗുണകരമായ സഹായങ്ങളും ലഭിക്കുന്ന ദിനമാണിത്. സൈനിക സേവനത്തിലോ രാഷ്ട്രീയത്തിലോ പ്രവർത്തിക്കുന്നവർക്ക് ശത്രുക്കളുടെ ശല്യം കുറയുന്നത് ആശ്വാസം നൽകും. സാമ്പത്തിക ലാഭവും തൊഴിൽ വിജയവും മനസ്സിന് സംതൃപ്തി നൽകുന്ന ഘടകങ്ങളായിരിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

തൊഴിൽ രംഗത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നത് അല്പം മാനസിക സമ്മർദ്ദമുണ്ടാക്കാൻ ഇടയുണ്ട്. നാഡീസംബന്ധമായോ ശിരോസംബന്ധമായോ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വാക്കുകളിലും പെരുമാറ്റത്തിലും അതീവ ജാഗ്രത പാലിക്കുന്നത് അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ശാരീരികമായ ക്ഷീണവും ആരോഗ്യപരമായ പ്രയാസങ്ങളും പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. സാമ്പത്തികമായി വരവ് കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യുന്നത് മാനസികമായ പിരിമുറുക്കത്തിന് കാരണമായേക്കാം. അനാവശ്യ ബന്ധങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് ദോഷാനുഭവങ്ങൾ കുറയ്ക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

സമൂഹത്തിൽ പദവികൾ ലഭിക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടാനും അനുകൂലമായ ദിവസമാണിത്. നല്ല സുഹൃത്തുക്കളെ ലഭിക്കാനും ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കാനും യോഗമുണ്ട്. കലാകാരന്മാർക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കാൻ സാധ്യത കാണുന്നു.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള പിന്തുണയും സഹകരണവും ലഭിക്കുന്ന ദിനമാണിത്. സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാനും സാധിക്കും. പ്രശസ്തിയും അംഗീകാരവും തേടിയെത്തുന്നതിനൊപ്പം ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം അനുഭവപ്പെടും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212