മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സാമ്പത്തിക ഇടപാടുകളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്. നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾ, ശാരീരിക അസ്വസ്ഥതകൾ, തൊഴിൽ ക്ലേശങ്ങൾ എന്നിവ നേരിടേണ്ടി വരാം. വരുമാനത്തിൽ കുറവുണ്ടാകാൻ ഇടയുള്ളതിനാലും തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നതിനാലും കൃത്യമായ ആസൂത്രണം ആവശ്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈശ്വരാധീനം വർദ്ധിക്കുന്നതിനാൽ പറയുന്ന വാക്കുകൾക്ക് അർത്ഥവത്തായ ഫലപ്രാപ്തി ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ അനുകൂലമായ തീരുമാനങ്ങളും ഗുണാനുഭവങ്ങളും ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ വലിയ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ദീർഘനാളായി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയാനുള്ള സാഹചര്യമൊരുങ്ങും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ വിജയകരമായി നടപ്പിലാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാതരോഗം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സംസാരം നിയന്ത്രിക്കണം. ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ സുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
എല്ലാ കാര്യങ്ങളിലും ചെറിയ അലസതയും മടിയും വന്നുചേരാൻ സാധ്യതയുള്ളതിനാൽ പ്രവർത്തനങ്ങളിൽ സജീവമാകാൻ ശ്രദ്ധിക്കുക. ധനം, ശാരീരിക സുഖം, മക്കൾ, കുടുംബജീവിതം, ദാമ്പത്യം എന്നീ വിഷയങ്ങളിൽ ചില ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടേക്കാം; ക്ഷമയോടെ നീങ്ങുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും സന്തോഷവും നിലനിൽക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനലബ്ധിക്ക് സാഹചര്യമുണ്ട്. വിശിഷ്ട ഭോജനത്തിനുള്ള അവസരവും വന്നുചേരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വാത, പിത്ത, കഫ സംബന്ധമായ ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമിതമായ ജോലിത്തിരക്ക് മൂലം ചെറിയ ശാരീരിക ക്ഷീണമോ ആരോഗ്യക്കുറവോ അനുഭവപ്പെട്ടേക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും അവരുമായി നല്ല നിമിഷങ്ങൾ പങ്കിടാനും അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും മനസ്സിൽ സന്തോഷവും തൊഴിൽ രംഗത്ത് വിജയവും ലഭിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശത്രുക്കളുടെ ഭാഗത്തുനിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. നിയമപരമായ കാര്യങ്ങളിലും ഔദ്യോഗിക ഇടപാടുകളിലും കൂടുതൽ ജാഗ്രത പുലർത്തുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിശേഷപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയമായ വളർച്ചയ്ക്ക് സഹായിക്കുകയും ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കുകയും ചെയ്യും. അപ്രതീക്ഷിതമായി നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പുതിയ സൗഹൃദബന്ധങ്ങൾ ഉടലെടുക്കാനും കുടുംബാംഗങ്ങളുമായി ഐക്യത്തിൽ പോകാനും സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക സഹായങ്ങൾ വന്നുചേരാം. നല്ല ഭക്ഷണം ആസ്വദിക്കാനും ബന്ധുജനങ്ങളോടൊപ്പം സന്തോഷകരമായി ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കാനും മാനസീകമായ അസ്വസ്ഥതകൾ അനുഭവിക്കാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. തലവേദന, നാഡീ സംബന്ധമായ അസ്വസ്ഥതകൾ എന്നിവ അലട്ടിയേക്കാം. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോൾ വളരെയധികം സൂക്ഷ്മത പാലിക്കുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.