സമ്പൂർണ്ണ വാരഫലം - ജൂൺ 28 മുതൽ ജൂലൈ 04 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ചില എതിർപ്പുകളും നിയമപരമായ തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സ് കാണിക്കുമെങ്കിലും, ചിലരിൽ നിന്ന് അപ്രതീക്ഷിതമായ തിക്താനുഭവങ്ങൾ ഉണ്ടാകുന്നത് മാനസിക വിഷമത്തിന് കാരണമാകും. ജലവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ അതീവ ജാഗ്രത പുലർത്തുക, അപകടസാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ഈ സമയം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, കാര്യവിജയം, സമൂഹത്തിൽ കീർത്തി, ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളുടെ സമാഗമം, മനഃസന്തോഷം എന്നിവ നിങ്ങളെ തേടിയെത്തും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ അനാവശ്യമായ ഉത്കണ്ഠകളും ഉറക്കക്കുറവും നിങ്ങളെ അലട്ടിയേക്കാം. മോശം കൂട്ടുകെട്ടുകൾ വഴി അനാവശ്യ പ്രശ്നങ്ങളിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ സുഹൃദ്ബന്ധങ്ങളിൽ കടുത്ത ജാഗ്രത പുലർത്തുക. ദഹന സംബന്ധമായോ ഉദര സംബന്ധമായോ ഉള്ള അസുഖങ്ങൾ ഉള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അനാവശ്യ വിവാദങ്ങളിലും തർക്കങ്ങളിലും ഇടപെടുന്നത് ശത്രുതയ്ക്കും പൊതുവേ അപമാനത്തിനും കാരണമായേക്കാം. പൂർവ്വിക സ്വത്ത് സംബന്ധമായി സഹോദരങ്ങളുമായി കലഹങ്ങൾക്ക് സാധ്യത കാണുന്നു. എങ്കിലും വാരന്ത്യത്തോടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറും. ആരോഗ്യ പുരോഗതി, തൊഴിൽ വിജയം, ധനലാഭം, ദാമ്പത്യ ഐക്യം, കീർത്തി എന്നിവ അനുഭവത്തിൽ വരും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കം അതീവ ശുഭകരമായിരിക്കും. ധനലാഭം, ഭക്ഷണസുഖം, ദാമ്പത്യത്തിൽ മികച്ച ഐക്യം, പുതിയ വാഹനഭാഗ്യം എന്നിവ ഈശ്വരാനുഗ്രഹത്താൽ കൈവരും. എന്നാൽ വാരമധ്യത്തോടെ സാഹചര്യങ്ങളിൽ അല്പം മാറ്റം വരാം. പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങൾ ആശങ്കയ്ക്ക് കാരണമാകാം അല്ലെങ്കിൽ വിരഹദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. മനസ്സിന് വ്യാകുലത കൂടുന്ന അവസ്ഥയുണ്ടാകാം. ബന്ധുക്കളുമായി നിസ്സാര കാര്യങ്ങൾക്ക് വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്. സ്വത്ത് സംബന്ധമായ കോടതി കേസുകളിൽ താൽക്കാലിക തിരിച്ചടികൾക്ക് സാധ്യതയുണ്ട്. സാഹചര്യങ്ങൾ മൂലം കുടുംബത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നേക്കാം. ഉറക്കക്കുറവും ഭക്ഷണ സുഖക്കുറവും അലട്ടിയേക്കാമെങ്കിലും വാരത്തിന്റെ അവസാനത്തോടെ സ്ഥിതിഗതികൾ വീണ്ടും അനുകൂലമായി മാറും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കർക്കിടക രാശിക്കാർക്ക് ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെക്കാലമായി കാണാതിരുന്ന ഉറ്റ സുഹൃത്തുക്കളെയോ പ്രിയപ്പെട്ട ബന്ധുക്കളെയോ കണ്ടുമുട്ടാൻ അവസരമുണ്ടാകും. അവരോടൊപ്പം പ്രശസ്തമായ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിക്കാനോ മംഗളകരമായ ചടങ്ങുകളിൽ സംബന്ധിക്കാനോ യോഗമുണ്ട്. തൊഴിൽ വിജയം, ധനലാഭം, ദാമ്പത്യ ഐക്യം, ശത്രുക്കളുടെ മേൽ വിജയം എന്നിവ കൈവരും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണയും അംഗീകാരവും ലഭിക്കും. എന്നാൽ വാരമധ്യത്തിനു ശേഷം മറ്റുള്ളവരുടെ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് വലിയ അപമാനത്തിന് കാരണമായേക്കാം എന്നതിനാൽ ആത്മസംയമനം പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ വാതരോഗങ്ങളും ഉദര സംബന്ധമായ അസ്വസ്ഥതകളും ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്നാൽ വാരമധ്യത്തോടെ കാര്യങ്ങൾ തികച്ചും അനുകൂലമാകും. കർമ്മരംഗത്ത് വലിയ വിജയങ്ങൾ ഈ വാരം സ്വന്തമാക്കാൻ സാധിക്കും. ശത്രുക്കളുടെ നീക്കങ്ങൾ നിഷ്പ്രഭമാകുകയും മനസ്സന്തോഷം നൽകുന്ന നല്ല അനുഭവങ്ങൾ നിങ്ങളെ തേടിയെത്തുകയും ചെയ്യും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് അവർ എടുക്കുന്ന തീരുമാനങ്ങളെല്ലാം അനുകൂലമായ ലാഭത്തിലേക്ക് വഴിതുറക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ പിന്തുണയും സാമ്പത്തിക സഹായവും പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ പരസ്പരവിശ്വാസവും സ്നേഹവും വർദ്ധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരത്തിൽ ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും ജോലിസ്ഥലത്തും കൂടുതൽ ശ്രദ്ധയും ഉയർന്ന ജാഗ്രതയും പുലർത്തേണ്ടത് നിർണ്ണായകമാണ്. പങ്കാളികൾ തമ്മിൽ അനാവശ്യ തെറ്റിദ്ധാരണകളും വിശ്വാസക്കുറവും ഉണ്ടാകാനും അത് കുടുംബസമാധാനത്തെ ബാധിക്കാനും സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷം കുറയുകയും താൽക്കാലിക അസ്വസ്ഥതകൾ വർദ്ധിക്കുകയും ചെയ്യാം. കുട്ടികളുടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അല്പം ആശങ്കയുണ്ടാക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ശ്രദ്ധയും കരുതലും കാണിക്കുക. എന്നാൽ പ്രതിസന്ധികൾക്കിടയിലും വാരാന്ത്യത്തോടെ ജോലിയിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാനും ശത്രുക്കളെ അതിജീവിച്ച് അർഹമായ കീർത്തി നേടുവാനും നിങ്ങൾക്ക് സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ അനുഭവപ്പെടുന്ന സമ്മിശ്ര കാലഘട്ടമായിരിക്കും. സഹോദരങ്ങളിൽ നിന്ന് വലിയ തോതിലുള്ള സഹായവും മാനസിക പിന്തുണയും ലഭിക്കും. എന്നാൽ ദമ്പതികൾ തമ്മിൽ നിസ്സാര കാര്യങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാനും അത് കുടുംബാംഗങ്ങളുമായി അകലാൻ ഇടയാക്കാനും സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടരുത്. മാതാവിനോ മാതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും ആശുപത്രി വാസം വേണ്ടിവരാനും സാധ്യത കാണുന്നു. ഉദര സംബന്ധമായ പ്രശ്നങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുക. എന്നിരുന്നാലും, പൊതുരംഗത്ത് പ്രശസ്തി നേടാനും തൊഴിൽപരമായ വലിയ വിജയങ്ങൾ കൈവരിക്കാനും ഈ വാരം സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം നിങ്ങൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തെ മേലധികാരികളും സഹപ്രവർത്തകരും ഒരുപോലെ പ്രശംസിക്കുകയും അത് കരിയറിൽ കൂടുതൽ പ്രചോദനം നൽകുകയും ചെയ്യും. എന്നാൽ ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ വേണം; നേത്ര സംബന്ധമായ ബുദ്ധിമുട്ടുകൾക്കോ കടുത്ത തലവേദനയ്ക്കോ സാധ്യതയുണ്ട്. വിദേശ യാത്രയ്ക്കോ വിദേശത്ത് ഉപരിപഠനത്തിനോ ശ്രമിക്കുന്നവർക്ക് അതിനുള്ള മികച്ച സാധ്യതകൾ ഈ സമയം തെളിഞ്ഞു വരും. പല കാര്യങ്ങളിലും നിങ്ങളുടെ ചിന്താശേഷി വർദ്ധിക്കുകയും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കുകയും ചെയ്യും. ബന്ധുക്കളുമായി ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ധനു രാശിക്കാർക്ക് ഈ വാരം മികച്ച നേട്ടങ്ങൾ ഉണ്ടാകാൻ വലിയ സാധ്യത കാണുന്നു. ഔദ്യോഗിക രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം മാറി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും അർഹമായ സ്ഥാനക്കയറ്റം ലഭിക്കാനും യോഗമുണ്ട്. സാമ്പത്തികമായി സുസ്ഥിരത കൈവരിക്കാനുള്ള പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ദൃഢമായ ഐക്യവും വർദ്ധിക്കും. മാനസികമായി വലിയ ധൈര്യവും കാര്യങ്ങൾ ചെയ്യാനുള്ള പുതിയ ഉത്സാഹവും അനുഭവപ്പെടും. എങ്കിലും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ ഗണ്യമായ പുരോഗതി പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കൂട്ടുകെട്ടുകളോ സൗഹൃദങ്ങളോ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്കും വഴിതിരിച്ചുവിട്ടേക്കാം. രാഷ്ട്രീയത്തിലോ പൊതുരംഗത്തോ പ്രവർത്തിക്കുന്നവർക്ക് അനാവശ്യമായ വഴിവിട്ട ബന്ധങ്ങൾ മുഖേന മാനഹാനിക്കും വലിയ ധനനഷ്ടത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. വിട്ടുമാറാത്ത രോഗാദി ദുരിതങ്ങൾ അല്പം വർദ്ധിച്ചേക്കാം. എന്നാൽ വാരമധ്യത്തോടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറും; വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങി കാര്യങ്ങളിൽ അനുകൂലമായ നീക്കുപോക്കുകൾ ഉണ്ടാകും. പുതിയ ആടയാഭരണങ്ങളുടെ ലബ്ധി, സാമ്പത്തിക ലാഭം, രോഗശാന്തി, തൊഴിൽ വിജയം എന്നിവ ഈ വാരത്തിന്റെ മധ്യത്തോടെ പ്രതീക്ഷിക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ഔദ്യോഗിക രംഗത്ത് മേലധികാരികളിൽ നിന്നും വലിയ പ്രീതിയും പ്രശംസാപത്രവും ലഭിക്കാൻ യോഗമുണ്ട്. കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടുവാനും പ്രശസ്തമായ പുണ്യ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിക്കുവാനും അനുകൂലമായ അവസരങ്ങൾ ഉണ്ടാകും. എന്നാൽ വാരമധ്യത്തിൽ കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാനും താൽക്കാലികമായ അലസതയോ രോഗാദി ദുരിതങ്ങളോ അലട്ടാനും സാധ്യത കാണുന്നു. വാരാന്ത്യത്തോടെ കാര്യങ്ങൾ വീണ്ടും ശുഭകരമാകും; സമൂഹത്തിൽ നല്ല പേര് കേൾക്കുവാനും സൽപ്രവൃത്തികൾ ചെയ്യുവാനും അവസരമുണ്ടാകും. ഭക്ഷണസുഖം, സ്ഥാനപ്രാപ്തി, ധനലാഭം, ഉത്തമ സുഹൃത്തുക്കളുടെ സാമീപ്യം, ദാമ്പത്യസുഖം എന്നിവ ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കുടുംബത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കുന്ന വാരമാണിത്. സർക്കാർ സ്ഥാപനങ്ങളിലോ പ്രമുഖ പ്രൈവറ്റ് സ്ഥാപനങ്ങളിലോ ജോലിക്ക് അപേക്ഷിച്ചിരുന്നവർക്ക് അനുകൂലമായ നിയമന ഉത്തരവ് ലഭിക്കാൻ വലിയ സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സഹപ്രവർത്തകരുമായി ചേർന്ന് ഉല്ലാസ യാത്രകൾ പോകാൻ മികച്ച അവസരങ്ങൾ വന്നുചേരും. ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാൻ സാധിക്കുന്നത് മനസ്സിന് സന്തോഷം നൽകും. എങ്കിലും വാരത്തിന്റെ അവസാനത്തോടെ അപരിചിതരായ വ്യക്തികളുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രത പുലർത്തുക; ചതിക്കപ്പെടാനോ മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുള്ളതിനാൽ കരുതൽ നന്നായിരിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.