മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ മാസം മേടം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കുന്നത്. നിസ്സാര കാര്യങ്ങളെ ചൊല്ലി ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. എന്നാൽ, വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി മികച്ച സ്ഥാപനങ്ങളിൽ പ്രവേശനവും ഉന്നത വിജയവും നേടാൻ സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിലെ വർധിച്ച സമ്മർദ്ദം കാരണം കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നേക്കാം. യാത്രാക്ലേശങ്ങൾ പ്രതീക്ഷിക്കാം, കൂടാതെ യാത്രകൾ ഉദ്ദേശിച്ച ഫലം നൽകണമെന്നില്ല. അർശസ്സ്, ഉദരരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൂടുതൽ ശ്രദ്ധ നൽകുക. പൊതുജനങ്ങളിൽ നിന്നും സർക്കാർ തലങ്ങളിൽ നിന്നും ചില ദോഷാനുഭവങ്ങൾ ഉണ്ടാവുകയും കേസ് വഴക്കുകൾക്ക് സാധ്യത കാണുകയും ചെയ്യുന്നതിനാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. സന്താനങ്ങൾക്ക് രോഗദുരിത സാധ്യതയുള്ളതിനാൽ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. സാമ്പത്തിക ക്ലേശവും ഉറക്കക്കുറവും മാനസിക ബുദ്ധിമുട്ടുകളും വർധിക്കാനിടയുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടരുത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇടവം രാശിക്കാർക്ക് സമൂഹത്തിൽ മാന്യതയും ആദരവും വർധിക്കുന്ന ഒരു മികച്ച കാലഘട്ടമാണിത്. തൊഴിൽപരമായ കാര്യങ്ങളിൽ വലിയ വിജയവും ശത്രുക്കളെ മറികടക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളും കാണുന്നു. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതിയും കരിയറിൽ വലിയ ഉയർച്ചയും പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ കാര്യങ്ങളിൽ വർദ്ധനവ് ഉണ്ടാകാനും ധനപരമായ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ മാസം ഏറെ അനുകൂലമാണ്. വ്യവഹാരങ്ങളിലും പ്രൊഫഷണൽ കാര്യങ്ങളിലും മികച്ച വിജയം കൈവരിക്കുന്നതിനുള്ള സാധ്യതകൾ കാണുന്നു. എല്ലാ രംഗത്തും കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്നതിനാൽ പൂർണ്ണമായ ആത്മവിശ്വാസത്തോടെ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാവുന്നതാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ മാസം ജാതകത്തിലെ ബുധന്റെ സ്ഥാനം അനുസരിച്ച് ഫലങ്ങളിൽ വ്യത്യാസം വരാം. ശുക്രൻ ജാതകത്തിൽ സഹോദര സ്ഥാനത്ത് നിൽക്കുന്നവർക്ക് സഹോദര ഗുണം, ഭക്ഷണ സുഖം, വ്യവഹാര വിജയം, ധനലാഭം, കീർത്തി, മികച്ച തൊഴിലവസരങ്ങൾ എന്നിവ ലഭിക്കും. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സഞ്ചാരം കാരണം അനാവശ്യ കൂട്ടുകെട്ടുകളിൽ അകപ്പെടാനും ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരാനും സാധ്യതയുണ്ട്. ചിലർക്ക് മാനഹാനിയും ധനനഷ്ടവും ഉണ്ടാവാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുക. കഷ്ടതകൾ നിറഞ്ഞ തൊഴിലുകൾ ലഭിക്കുവാനും അതിന് തക്കതായ പ്രതിഫലം കിട്ടാതെ വരാനും ഇടയുണ്ട്. കുടുംബത്തിൽ അസ്വസ്ഥത, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ധനക്ലേശം എന്നിവ അലട്ടിയേക്കാം. യാത്രകൾ എപ്പോഴും വേണ്ടി വരികയും സഞ്ചാരം മൂലം ക്ലേശങ്ങൾ ഉണ്ടാവുകയും ചെയ്യാം. കബളിപ്പിക്കപ്പെടാനോ ചതിക്കപ്പെടാനോ സാധ്യതയുള്ളതിനാൽ ആരെയും അന്ധമായി വിശ്വസിക്കരുത്. ദാമ്പത്യ കലഹം, അന്യ ജനങ്ങളിൽ നിന്നുള്ള ദോഷാനുഭവങ്ങൾ, തലവേദന, ശിരോ-ത്വക്ക് രോഗങ്ങൾ എന്നിവയും ഫലത്തിൽ വരാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ചാരവശാലുള്ള ശുക്രന്റെ രാശിസ്ഥിതി അനുസരിച്ച് തൊഴിൽ വിജയം, കുടുംബ സുഖം, ജീവിത പങ്കാളിയുമായി മികച്ച ഐക്യത, ധനധാന്യ വർദ്ധനവ്, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, സത്സന്താന ഭാഗ്യം എന്നിവ ഈ മാസം ഉണ്ടാകും. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സ്ഥിതി ജാതകത്തിൽ സൂര്യൻ നിൽക്കുന്ന സ്ഥാനം അനുസരിച്ച് മാറ്റങ്ങൾ വരുത്താം. പൊതുവിൽ കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും സാധ്യത കാണുന്നു. സമയത്തിന് ആഹാരം കഴിക്കാൻ കഴിയാതെ വരുന്നത് മൂലം ഉഷ്ണ രോഗം, ശരീര തളർച്ച എന്നിവ ഉണ്ടായേക്കാം. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം അല്ലെങ്കിൽ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്. ത്വക്ക് രോഗം, കാര്യതടസ്സം, അനാവശ്യ ചെലവുകൾ, മാനഹാനി, ദ്രവ്യ നാശം എന്നിവയ്ക്ക് സാധ്യതയുണ്ട്. യാത്രകളിൽ ദോഷാനുഭവങ്ങളും അനാവശ്യമായ കോപം മൂലം പലവിധത്തിലുള്ള നഷ്ടങ്ങളും ഉണ്ടായേക്കാം. കണ്ണുകൾക്ക് രോഗം, മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും വലിയ മുൻകരുതൽ ആവശ്യമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ജാതകത്തിൽ ജന്മ രാശിയിലെ ശുക്രന്റെ സ്ഥാനം ശത്രുനാശം, വ്യവഹാര വിജയം, സത്സന്താനഭാഗ്യം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ നേടിത്തരും. എന്നാൽ പന്ത്രണ്ടാം ഭാവത്തിലെ (നഷ്ടസ്ഥാനം) സൂര്യന്റെ സഞ്ചാരം കാരണം ഈ മാസം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വിദേശവാസവും വിദേശത്ത് തൊഴിലും ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, എല്ലാ കാര്യങ്ങളിലും ഒരൽപ്പം അലസതയും മടിയും വന്നുചേരാൻ ഇടയുണ്ട്. ധനം, സുഖം, ഭോഗം, സന്താനം, കുടുംബജീവിതം, പങ്കാളി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുക. ഷെയർ ട്രേഡിങ്ങ്, ലോട്ടറി, മദ്യപാനം, മറ്റു പണം വച്ചുള്ള മത്സരങ്ങൾ, ഭാഗ്യപരീക്ഷണങ്ങൾ ഒക്കെയും വഴി ധനനാശം സംഭവിക്കാൻ വലിയ സാധ്യതയുള്ളതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കുക. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗമോ ക്ലേശങ്ങളോ മാനസികമായി തളർത്തിയേക്കാം. ചെയ്യുന്ന പ്രവർത്തികൾ ചിലപ്പോൾ ഉദ്ദേശിച്ച ഗുണം തരണമെന്നില്ലാത്തതിനാൽ ആസൂത്രണത്തോടെ നീങ്ങുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ മാസം ജാതകത്തിലെ ശുക്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ അനുകൂല സ്ഥാനം അനുസരിച്ച് വലിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വലിയ വിജയം ഉണ്ടാവുമെങ്കിലും വരവിൽ കവിഞ്ഞ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്. സർക്കാർ ജോലി ലഭിക്കുവാൻ മികച്ച അവസരങ്ങൾ തെളിയും. ഈശ്വരാധീനം വർദ്ധിക്കുകയും പറയുന്ന വാക്കുകൾ അർത്ഥവത്തായി സംഭവിക്കുകയും ചെയ്യും. ഉന്നത വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ വലിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. നല്ല ദാമ്പത്യ സൗഖ്യവും സന്താന സൗഭാഗ്യവും ഉണ്ടാകും. അന്യദേശ വാസത്തിനും അവിടെ മികച്ച തൊഴിലിനും സാധ്യത കാണുന്നു. സൽസുഹൃത്തുക്കൾ വഴി വലിയ നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കോടതി വ്യവഹാരങ്ങളിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ആടയാഭരണങ്ങൾ ലഭിക്കാനും ജീവിതസുഖ സൗകര്യങ്ങൾ വർദ്ധിക്കാനും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ലാഭസ്ഥാനത്ത് നിൽക്കുന്ന ശുക്രന്റെ സ്ഥിതി ഈ മാസം വലിയ ഗുണങ്ങൾ ചെയ്യും. ജാതകത്തിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള മികച്ച അവസരങ്ങൾ ലഭിക്കും. എന്നാൽ ബുധൻ അനുകൂല സ്ഥാനത്തല്ലെങ്കിൽ ശത്രുഭയം, പിതാവിന് രോഗാദി ദുരിതങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ, യാത്രകളിൽ അപകട സാധ്യത, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവപ്പെടാം. അതേസമയം, പത്താം ഭാവത്തിൽ (കർമ്മസ്ഥാനം) നിൽക്കുന്ന സൂര്യൻ കുടുംബത്തിൽ വലിയ അഭിവൃദ്ധി കൊണ്ടുവരും. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനുള്ള സാഹചര്യം ഉണ്ടാകും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ വിജയകരമായി നടപ്പിലാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കുടുംബസമേതം വിദേശത്ത് താമസം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ തീരുമാനങ്ങൾ ലഭിക്കും. തൊഴിൽ വിജയം, കീർത്തി, ധനനേട്ടം, വിവാഹയോഗം, ദാമ്പത്യ ഐക്യം, ആഭരണങ്ങളുടെ വർദ്ധനവ്, സർക്കാർ ജോലി എന്നിവ അനുഭവത്തിൽ വരാൻ സാധ്യതയുള്ള അനുകൂല സമയമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഈ മാസം ബിസിനസ്സ് രംഗത്ത് മികച്ച പുരോഗതിയും വളർച്ചയും ഉണ്ടാകും. എന്നാൽ കുടുംബപരമായി അനുഭവപ്പെടുന്ന ഗുണങ്ങൾ ഒരൽപ്പം കുറയാൻ സാധ്യതയുണ്ട്. അതീവമായ കോപശീലം നിയന്ത്രിച്ചില്ലെങ്കിൽ മാനഹാനി, അപമാനം എന്നിവയ്ക്ക് കാരണമാകാം. നിനച്ചിരിക്കാത്ത സമയത്ത് ചില ആപത്തുകൾ, രോഗങ്ങൾ, പങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ തൽക്കാല വേർപാട്, കേസുകളും വഴക്കുകളും, അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാൻ സാധ്യതയുണ്ട്. ചിലർക്ക് വിദേശവാസം സാധ്യമാകുമെങ്കിലും ദാമ്പത്യ ബന്ധത്തിലെ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധനക്ലേശം, കാര്യതടസ്സം, വരവിൽ കവിഞ്ഞ ചെലവ്, അനാവശ്യമായ ബാഹ്യബന്ധങ്ങളോടുള്ള താൽപ്പര്യം എന്നിവ ദോഷം ചെയ്തേക്കാം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ ധനനഷ്ടം ഉണ്ടാകും. തൊഴിൽ മേഖലകളിൽ ചില പ്രതിസന്ധികൾ വരികയോ സ്ഥാനനഷ്ടമോ ഉണ്ടാവാൻ ഇടയുള്ളതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ അതീവ സൂക്ഷ്മത പുലർത്തുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ മാസം ഭാഗ്യസ്ഥാനത്ത് ശുക്രനും ജീവിതപങ്കാളി സ്ഥാനത്ത് ബുധനും നിൽക്കുന്നത് വലിയ അനുഗ്രഹമാണ്. സർക്കാർ ജോലി ലഭിക്കുവാൻ അനുകൂലമായ അവസരങ്ങൾ വന്നുചേരും. ചിലർക്ക് സഹോദരിമാരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ജാതകത്തിൽ ബുധനും ശുക്രനും നല്ല സ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് ഉത്തമമായ വിവാഹയോഗം, വാഹന ഭാഗ്യം, വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ എന്നിവ അനുഭവത്തിൽ വരും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനും യോഗമുണ്ട്. എന്നാൽ സൂര്യന്റെ ഗ്രഹസ്ഥിതി കാരണം ചിലർക്ക് വ്യവഹാര പരാജയം, അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാത്ത സ്വഭാവം, ധനവരുമാനത്തിൽ കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മോശം കൂട്ടുകെട്ടുകളും ദുർപ്രവർത്തികൾ ചെയ്യാനുള്ള സാഹചര്യങ്ങളും വിവേകത്തോടെ ഒഴിവാക്കുക. കൃഷി നാശം, കബളിപ്പിക്കപ്പെടാനുള്ള സാധ്യത, നേത്ര രോഗം, ശ്വാസകോശ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അഗ്നിഭയം എന്നിവയും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ മാസം ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് ചാരവശാൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിദ്യ നേടുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ കുടുംബപരമായി ചില സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. എങ്കിലും ജാതകത്തിൽ ശുക്രൻ ബലവാനായി നിൽക്കുന്നവർക്ക് പ്രേമ വിജയം, വാഹന ഭാഗ്യം, നവീന ഗൃഹോപകരണങ്ങൾ എന്നിവ ലഭിക്കും. ഏഴാം ഭാവത്തിലെ (പങ്കാളിസ്ഥാനം) സൂര്യന്റെ സഞ്ചാരം മൂലം ഭൂമി നഷ്ടം, ലഹരിവസ്തുക്കളോടുള്ള ആസക്തി, മാനഹാനി, ധനനഷ്ടം, കുടുംബാംഗങ്ങളുമായി കലഹങ്ങൾ, കേസുകൾ എന്നിവ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. തൊഴിൽക്ലേശങ്ങൾ, അനാവശ്യ താൽപ്പര്യങ്ങൾ മൂലം പ്രതിസന്ധികൾ, ഭക്ഷ്യവിഷബാധ, യാത്രാക്ലേശം, യാത്രകളിൽ അപകട സാധ്യതകൾ എന്നിവയും ചിലരിൽ ഫലത്തിൽ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയുള്ള സമീപനം അത്യാവശ്യമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് ചാരവശാൽ ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകളും മാനസികമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ പരസ്പര ഐക്യത ഒരൽപ്പം കുറയാൻ ഇടയുണ്ട്. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സഞ്ചാരം വലിയ ഗുണങ്ങൾ ചെയ്യും. സർവ്വകാര്യ വിജയം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം എന്നിവ ഈ മാസത്തെ സവിശേഷതകളാണ്. അന്യ ജനങ്ങളിൽ നിന്നും അനുകൂലമായ ഗുണാനുഭവങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ മുൻപ് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവർക്ക് അതെല്ലാം മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനുള്ള ഉത്തമ സാഹചര്യങ്ങൾ ഉണ്ടാകും. ശത്രുഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, സമൂഹത്തിൽ വലിയ മാന്യത എന്നിവ ലഭിക്കും. രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കും. പ്രവർത്തന വിജയം, പ്രശസ്‌തി, ആട-ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, മനഃസന്തോഷം, ഭാര്യ-പുത്ര സുഖം എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
മീനം രാശിക്കാർക്ക് ഈ മാസം വിദേശയാത്രകൾക്കും അവിടെ മികച്ച ജോലി ലഭിക്കാനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും ധനഭാഗ്യ യോഗമുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ചാരവശാലുള്ള സൂര്യന്റെ സഞ്ചാരം ജാതകത്തിലെ സൂര്യസ്ഥാനം വെച്ച് ഗുണദോഷ സമ്മിശ്രമായിരിക്കും. സുഹൃത്തുക്കൾ വഴി വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യക്തിബന്ധങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക. വ്യവഹാര പരാജയം, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാത്ത സ്വഭാവം, ധനവരുമാനത്തിൽ കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ദുർമാർഗ്ഗത്തിലൂടെ പണം സമ്പാദിക്കാനുള്ള സാഹചര്യങ്ങളും ദുർപ്രവർത്തികളും പൂർണ്ണമായും ഒഴിവാക്കുക; ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാൻ ഇടയുണ്ട്. കൃഷി നാശം (പക്ഷി മൃഗാദികൾ മൂലം), കബളിപ്പിക്കപ്പെടാനുള്ള സാധ്യത, നേത്ര രോഗം, അന്യജനങ്ങളിൽ നിന്നുള്ള ദോഷഫലങ്ങൾ എന്നിവയും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.