മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ മാസം മേടം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കിയേക്കാം എന്നതിനാൽ ജാഗ്രത പാലിക്കുക. സൂര്യനോടൊപ്പം ബുധൻ സഞ്ചരിക്കുന്നത് വിദ്യാർത്ഥികളിൽ ഏകാഗ്രതക്കുറവിനും ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം; ഇതിന് ജാതകപ്രകാരമുള്ള പരിഹാരങ്ങൾ ചെയ്യുന്നത് ഉചിതമായിരിക്കും. ജൂൺ രണ്ടിലെ വ്യാഴമാറ്റത്തിന് മുൻപുള്ള ഈ സമയം ബിസിനസ്സിലും വ്യക്തിബന്ധങ്ങളിലും വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തുക. ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവയുള്ളവർ കൃത്യമായ പരിചരണം ഉറപ്പാക്കണം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സൂര്യൻ സ്വന്തം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസത്തിൽ ഇടവം രാശിക്കാർ ഏതു കാര്യത്തിലും അതീവ ചിന്താശീലം പുലർത്തേണ്ടതുണ്ട്. അനാവശ്യമായ കോപം ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തിയേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ വിവേകപൂർവ്വം തീരുമാനങ്ങൾ എടുക്കുക. ഹൃദയം, കണ്ണ്, ഉദരം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവർ ഡോക്ടറുടെ സേവനം കൃത്യസമയത്ത് തേടണം. യാത്രകളിൽ ക്ലേശങ്ങൾക്കും ചെറിയ പരിക്കുകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകളിലും ഭൂമി സംബന്ധമായ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സൂര്യൻ പന്ത്രണ്ടാം ഭാവത്തിലേക്ക് (നഷ്ടസ്ഥാനം) മാറുന്നതിനാൽ മിഥുനം രാശിക്കാർക്ക് ഈ മാസം ഏറെ ജാഗ്രത ആവശ്യമാണ്. പ്രിയപ്പെട്ടവരുടെ വേർപാട്, തൊഴിൽപരമായ തടസ്സങ്ങൾ, കുടുംബ കലഹം എന്നിവയ്ക്ക് സാധ്യത കാണുന്നു. അമിതമായ ആഡംബരങ്ങൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കുക. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടേക്കാം. സ്ത്രീകൾ മൂലമുള്ള അപവാദങ്ങൾക്കും സ്ഥാനനഷ്ടത്തിനും സാധ്യതയുള്ളതിനാൽ സാമൂഹിക ഇടപെടലുകളിൽ മിതത്വം പാലിക്കുക. എന്നിരുന്നാലും, ചിലർക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ തെളിഞ്ഞുവരും. ഉഷ്ണരോഗങ്ങൾ വരാതെ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ലാഭസ്ഥാനത്തേക്കുള്ള സൂര്യന്റെ സംക്രമണം കർക്കിടകം രാശിക്കാർക്ക് മികച്ച ഗുണാനുഭവങ്ങൾ നൽകും. സാമ്പത്തികമായ ഭാഗ്യാനുഭവങ്ങളും ബിസിനസ്സിൽ പുരോഗതിയും ഈ മാസത്തെ പ്രത്യേകതയാണ്. തടസ്സപ്പെട്ടു കിടന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ജൂൺ രണ്ടിലെ വ്യാഴമാറ്റത്തിന് മുൻപ് ചില മാനസിക ബുദ്ധിമുട്ടുകളോ സഹോദരങ്ങളുമായി തർക്കങ്ങളോ ഉണ്ടായേക്കാമെങ്കിലും ഈശ്വരവിശ്വാസത്തിലൂടെ അവയെ മറികടക്കാം. വിദേശ തൊഴിലിനായി ശ്രമിക്കുന്നവർക്ക് ഉന്നത പദവികൾ ലഭിക്കാൻ അനുകൂല സമയമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സൂര്യൻ പത്താം ഭാവത്തിലേക്ക് (കർമ്മസ്ഥാനം) മാറുന്നത് ചിങ്ങം രാശിക്കാർക്ക് എല്ലാ മേഖലകളിലും അഭിവൃദ്ധി നൽകും. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. അകന്നുനിന്നിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഐക്യപ്പെടും. ദാമ്പത്യ സുഖം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം എന്നിവ ഈ മാസത്തെ പ്രത്യേകതകളാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് പുതിയ പദവികളും പ്രശസ്തിയും ലഭിക്കും. പുതിയ വസ്തുവകകൾ വാങ്ങാനും വിവാഹ കാര്യങ്ങളിൽ തീരുമാനമാകാനും അനുകൂലമായ സമയമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ മാസം കന്നി രാശിക്കാർ ദേഷ്യം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മോശം കൂട്ടുകെട്ടുകൾ നിങ്ങളെ കബളിപ്പിക്കപ്പെട്ടേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പുലർത്താത്ത പക്ഷം നിയമപരമായ കുരുക്കുകളിൽ പെടാൻ സാധ്യതയുണ്ട്. പങ്കാളിയുമായോ പ്രിയപ്പെട്ടവരുമായോ അകൽച്ച വരാതെ നോക്കണം. സ്ത്രീകളുമായുള്ള ഇടപാടുകളിൽ സുതാര്യത പുലർത്തുക, അല്ലാത്തപക്ഷം മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ശത്രുശല്യം വർദ്ധിക്കാനിടയുള്ളതിനാൽ തുലാം രാശിക്കാർ ഈ മാസം ജാഗ്രത പാലിക്കണം. കുടുംബാംഗങ്ങൾക്കോ നിങ്ങൾക്കോ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. നിയമപരമായ പ്രശ്നങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. ജാതകത്തിൽ എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നവർക്ക് സ്ഥാനനഷ്ടത്തിനോ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കോ സാധ്യതയുണ്ട്. രക്തസംബന്ധമായ അസുഖങ്ങൾ ശ്രദ്ധിക്കുക. എന്നാൽ, ആയുധങ്ങൾ അല്ലെങ്കിൽ ലോഹങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് ഈ മാസം വലിയ ലാഭം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ദാമ്പത്യപരമായും കുടുംബപരമായും വളരെയധികം വിട്ടുവീഴ്ചകൾ ചെയ്യേണ്ട മാസമാണിത്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കോ പങ്കാളിയുമായി ഐക്യക്കുറവിനോ സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് ചില പരാജയങ്ങളും ധനഹാനിയും ഉണ്ടായേക്കാം. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് ഉചിതമാകും. ഉദര സംബന്ധമായ അസുഖങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. എങ്കിലും ചിലർക്ക് കരിയറിൽ പുതിയ സ്ഥാനലബ്ധിയും പ്രശസ്തിയും ലഭിക്കാനിടയുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംയമനം പാലിക്കുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനു രാശിക്കാർക്ക് സർവ്വകാര്യ വിജയത്തിന്റെ മാസമാണിത്. ശത്രുക്കളെ പരാജയപ്പെടുത്താനും ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കാനും സാധിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങളും ബിസിനസ്സിൽ പുരോഗതിയും പ്രതീക്ഷിക്കാം. ആരോഗ്യനില മെച്ചപ്പെടും. കോടതി കേസുകളിൽ അനുകൂലമായ വിധി ഉണ്ടാകും. പുതിയ വീട് സ്വന്തമാക്കാനോ ആഭരണങ്ങൾ വാങ്ങാനോ ഉള്ള യോഗമുണ്ട്. എല്ലാ കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിൽ വരികയും കുടുംബത്തിൽ ഐശ്വര്യം നിറയുകയും ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ മാസം ശാരീരികമായും സാമ്പത്തികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. നിങ്ങൾക്കോ മക്കൾക്കോ ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ആശുപത്രി വാസം വേണ്ടിവന്നേക്കാം. ഭൂമി ഇടപാടുകളിൽ വിചാരിച്ച ലാഭം ലഭിക്കണമെന്നില്ല. അനാവശ്യ ബന്ധങ്ങൾ ജീവിതത്തിൽ വലിയ നഷ്ടങ്ങൾ വരുത്തിവെക്കാം. ബന്ധുക്കളുമായി തർക്കങ്ങൾ ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമെങ്കിലും സംയമനത്തോടെ തീരുമാനങ്ങൾ എടുക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തെറ്റായ കൂട്ടുകെട്ടുകൾ നിങ്ങളെ വഴിതെറ്റിക്കാൻ സാധ്യതയുള്ളതിനാൽ ഈ മാസം അതീവ ശ്രദ്ധ ആവശ്യമാണ്. ലഹരി വസ്തുക്കളോടുള്ള താൽപ്പര്യം ഒഴിവാക്കുക, അല്ലാത്തപക്ഷം വലിയ ആപത്തുകൾക്ക് കാരണമാകും. പങ്കാളിയുമായോ മക്കളുമായോ കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക; ഭക്ഷ്യവിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്. എന്നാൽ അമ്മയിൽ നിന്നും കുടുംബത്തിൽ നിന്നും ചില ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. യാത്രകളിൽ അതീവ ജാഗ്രത പാലിക്കുക. ബുധൻ അനുകൂലമായവർക്ക് വിവാഹ കാര്യങ്ങളിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
രോഗങ്ങൾ ഭേദമായി ആരോഗ്യവും പ്രസന്നതയും വീണ്ടെടുക്കുന്ന കാലമാണിത്. നല്ല സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുകയും സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യും. സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളിൽ വിജയം, ധനലാഭം, മംഗളാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. എന്നാൽ സഹോദരങ്ങളുടെ കാര്യത്തിൽ ചില പ്രതികൂല സാഹചര്യങ്ങൾ വരാനിടയുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ഈ സമയം അനുകൂലമായി ഭവിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212