സമ്പൂർണ്ണ വാരഫലം - ജൂലൈ 12 മുതൽ ജൂലൈ 18 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരാരംഭത്തിൽ ചെറിയ ആരോഗ്യ അസ്വസ്ഥതകൾ നേരിടേണ്ടി വന്നേക്കാം; പ്രത്യേകിച്ച് മൈഗ്രേൻ, മറ്റ് ശിരോരോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. എന്നാൽ വാരമധ്യത്തോടെ ദാമ്പത്യ ജീവിതത്തിൽ വലിയ സന്തോഷവും ഐക്യവും വർദ്ധിക്കും. അപ്രതീക്ഷിത ധനനേട്ടത്തിനും സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്; ഭാഗ്യക്കുറി (Lottery) പോലുള്ളവയിൽ ഭാഗ്യം പരീക്ഷിക്കാവുന്ന സമയമാണ്. പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാനും രുചികരമായ ഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും. വാരന്ത്യത്തിൽ മാതാവിനോ മാതൃസ്ഥാനീയർക്കോ ആരോഗ്യപരമായ ക്ലേശങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ രോഗശാന്തി, തൊഴിൽ വിജയം, ബിസിനസ്സിൽ ലാഭം, മികച്ച സുഹൃത്തുക്കളുടെ സഹായം എന്നിവയാൽ മനസ്സിന് സന്തോഷം ലഭിക്കും. പുതിയ വാഹനഭാഗ്യത്തിനും യോഗമുണ്ട്. എന്നാൽ വാരമധ്യത്തോടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കുടുംബത്തിൽ നിന്ന് അകന്ന് ദൂരദേശങ്ങളിൽ താമസിക്കേണ്ടി വന്നേക്കാം. ശരീരസുഖക്കുറവ്, ബന്ധുക്കളുമായി കലഹം എന്നിവയ്ക്ക് സാധ്യത കാണുന്നു. എങ്കിലും ചിലർക്ക് സഹോദരങ്ങളിൽ നിന്ന് സഹായവും കോടതി വ്യവഹാരത്തിലിരിക്കുന്ന സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ വിജയവും കൈവരും. കലാ-സാഹിത്യ രംഗത്തുള്ളവർക്ക് സമ്മാനങ്ങൾ ലഭിക്കും. വാരാന്ത്യത്തിൽ കുടുംബത്തിൽ ഏറ്റവും പ്രിയപ്പെട്ട ആർക്കെങ്കിലും കടുത്ത ആരോഗ്യ പ്രതിസന്ധികളോ വിയോഗ സമാനമായ അവസ്ഥകളോ നേരിടേണ്ടി വന്നേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മാനസികമായി അല്പം വ്യാകുലതകൾ നിറഞ്ഞ സമയമാണിത്. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗമോ അവർക്ക് കടുത്ത ആരോഗ്യപരമായ കഷ്ടതകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. സഹോദരസ്ഥാനത്തുള്ളവരുടെ രോഗാവസ്ഥ അല്പം ആശങ്കയുണ്ടാക്കാം. ബന്ധുക്കളുമായി നിസ്സാര കാര്യങ്ങൾക്ക് വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക; ഉറക്കക്കുറവും ഭക്ഷണ സുഖക്കുറവും അനുഭവപ്പെടാം. എങ്കിലും സ്വത്ത് സംബന്ധമായ കേസ് വഴക്കുകളിൽ ഈ വാരം വിജയം കൈവരിക്കാൻ സാധിക്കും. വാരാന്ത്യത്തോടെ പ്രതിസന്ധികൾ പൂർണ്ണമായി മാറുകയും ധനലാഭം, ദാമ്പത്യ ഐക്യം, വാഹനഭാഗ്യം, ശത്രുനാശം, സൽസുഹൃത്തുക്കളുടെ സാമീപ്യം എന്നിവയിലൂടെ മനസ്സിന് വലിയ സന്തോഷം തിരികെ ലഭിക്കുകയും ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരാരംഭത്തിൽ മികച്ച ഭക്ഷണസുഖവും അപ്രതീക്ഷിതമായ പ്രിയബന്ധുക്കളുടെ സമാഗമവും നിങ്ങളെ തേടിയെത്തും. മുൻപ് കൈവിട്ടുപോയ സ്ഥാനമാനങ്ങളോ ആദരവോ തിരികെ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. വിശേഷപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യോഗമുള്ള വാരമാണിത്; കുടുംബത്തിൽ സ്വസ്ഥതയും ദാമ്പത്യസൗഖ്യവും അനുഭവപ്പെടും. എന്നാൽ വാരമധ്യത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. വാരാന്ത്യത്തോടെ ദീർഘകാലമായി നിലനിന്നിരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും. തൊഴിൽ വിജയം, ധനലാഭം, ഉത്തമ സുഹൃത്തുക്കളുടെ സാമീപ്യം എന്നിവ വന്നുചേരുന്ന വളരെ നല്ലൊരു വാരമായിരിക്കും ഇത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കും. ദാമ്പത്യ ഐക്യം, പ്രണയബന്ധങ്ങളിൽ പുരോഗതി, വാഹനഭാഗ്യം, അപ്രതീക്ഷിത ധനലാഭം എന്നിവ ഈ സമയത്ത് പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തിൽ ഭക്ഷണ കാര്യങ്ങളിൽ കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം; പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളുള്ളവർ ആരോഗ്യകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിദഗ്ദ്ധ ചികിത്സ തേടുന്നത് ഉചിതമാണ്. വാരന്ത്യത്തോടെ പുതിയ മികച്ച തൊഴിലവസരങ്ങൾ ലഭിക്കുകയോ ജോലിയിൽ അർഹമായ സ്ഥാനക്കയറ്റം ലഭിക്കുകയോ ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ചെറിയ തോതിൽ മനഃശാന്തിക്കുറവ് അനുഭവപ്പെടാം. ആമാശയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കുമെങ്കിലും അത് നിങ്ങൾക്ക് വിപരീത ഫലങ്ങൾ ഉണ്ടാക്കാതെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക. വാരമധ്യത്തോടെ പ്രിയപ്പെട്ട ബന്ധുക്കളുടെ സമാഗമവും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങളും നടക്കാൻ സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ അർഹമായ സ്ഥാനക്കയറ്റമോ സുഹൃത്തുക്കൾ വഴി വിലമതിക്കാനാവാത്ത സമ്മാനങ്ങളോ ലഭിക്കാൻ യോഗമുണ്ട്. എന്നാൽ വാരാന്ത്യത്തിൽ അമിതമായ ആഡംബരപ്രിയം കാരണം വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ-സന്താനപരമായ ക്ലേശങ്ങൾ, താൽക്കാലികമായ അലച്ചിൽ, ദൂരദേശവാസം, ഭാഗ്യക്കുറവ്, ആരോഗ്യക്ഷീണം തുടങ്ങിയ പ്രതികൂല അനുഭവങ്ങൾ ഉണ്ടായേക്കാം. എന്നാൽ വാരമധ്യത്തോടെ ഈശ്വരവിശ്വാസം വർദ്ധിക്കുകയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാനും ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്ന് ധനലാഭവും വാഹനഭാഗ്യവും കൈവരിക്കാനും ഈ വാരം സഹായിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കലാകാരന്മാർക്കും സർഗ്ഗാത്മക രംഗത്ത് പ്രവർത്തിക്കുന്നവർക്കും മികച്ച അംഗീകാരങ്ങളും സമ്മാനങ്ങളും തേടിവരുന്ന വാരമാണിത്. ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ ചില മാറ്റങ്ങൾ വരുന്ന ഘട്ടമാണിത്; ആദ്യ ഘട്ടത്തിൽ അതിനോട് പൊരുത്തപ്പെടാൻ മാനസികമായി ചെറിയ ബുദ്ധിമുട്ടുകൾ തോന്നാമെങ്കിലും, ഈ മാറ്റങ്ങളെല്ലാം നിങ്ങളുടെ ഭാവിയ്ക്ക് അനുകൂലമായിരുന്നു എന്ന് പിന്നീട് തിരിച്ചറിയാൻ സാധിക്കും. ദമ്പതികൾക്കിടയിൽ അനാവശ്യ കലഹങ്ങൾ ഉണ്ടാകാതെ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ചിന്താശേഷിയും പക്വതയും വർദ്ധിക്കുന്ന ഈ സമയത്ത് അപ്രതീക്ഷിത ധനലാഭവും നിങ്ങളെ തേടിയെത്തും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ വാരം കുടുംബത്തിൽ വലിയ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. തൊഴിൽ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും മേലധികാരിയുടെ പൂർണ്ണ പ്രീതി നേടാനും അതുവഴി ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താനും സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ ബുദ്ധിപൂർവ്വം അതിജീവിക്കാൻ സാധിക്കുന്നത് ജീവിതത്തിൽ വലിയ സമാധാനവും സന്തോഷവും നൽകും. സ്ത്രീ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും യാത്രകൾ നടത്താനും അവസരമുണ്ടാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സമൂഹത്തിൽ കീർത്തി, സുഖഭോജന ഭാഗ്യം എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം. എങ്കിലും വാരന്ത്യത്തിൽ ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ചില മാനസിക അസ്വസ്ഥതകൾക്ക് സാധ്യത കാണുന്നു; യാത്രാവേളകളിലും വാഹനം ഉപയോഗിക്കുമ്പോഴും അതീവ ജാഗ്രത പുലർത്തണം. എന്നാൽ വാരമധ്യത്തോടുകൂടി പ്രതിസന്ധികളെല്ലാം വിജയകരമായി അതിജീവിക്കും. തൊഴിൽ വിജയം, സമൂഹത്തിൽ കീർത്തി, ഭക്ഷണസുഖം, വാഹനഭാഗ്യം എന്നിവ നിങ്ങളെ തേടിയെത്തും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ സാധിക്കുന്ന തരത്തിൽ ജോലിയിൽ അനുകൂലമായ സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കും. വാരന്ത്യത്തിൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ കുറച്ചാൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്. ശത്രുഭയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാതകപ്രകാരമുള്ള പ്രാർത്ഥനകൾ നടത്തുന്നത് ഉചിതമായിരിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ വഴിവിട്ട ബന്ധങ്ങൾ മൂലം അപവാദങ്ങൾ കേൾക്കാനോ മാനഹാനി നേരിടാനോ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. അനാവശ്യ സൗഹൃദങ്ങളിലേക്ക് ആകർഷിക്കപ്പെടാതെ വിവേകത്തോടെ നീങ്ങണം. അമിതമായ ആഡംബരപ്രിയം കാരണം വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. എന്നാൽ വാരമധ്യത്തോടെ രോഗങ്ങൾ കുറയുകയും ശരീരത്തിന് വലിയ ഉന്മേഷം വർദ്ധിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗ്ഗങ്ങളോ അനുയോജ്യമായ ജോലിയോ ലഭിക്കും. സുഹൃത്തുക്കളോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചേക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം തൊഴിൽപരമായും കുടുംബപരമായും ചില താൽക്കാലിക അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ദമ്പതികൾക്കിടയിൽ ചെറിയ കലഹങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സംയമനം പാലിക്കുക. നേത്രരോഗങ്ങളോ മറ്റ് ശിരോരോഗങ്ങളോ ഉള്ളവർ അതീവ ശ്രദ്ധ പുലർത്തുക; കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ഈ പ്രതിസന്ധികൾക്കിടയിലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും വർദ്ധിക്കുകയും അവരുടെ പരസ്പര സഹായ സഹകരണങ്ങൾ വലിയ ആശ്വാസം നൽകുകയും ചെയ്യും. കലാപരമായ രചനകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. വളരെ അടുത്ത ബന്ധുക്കൾക്ക് ചില പ്രതിസന്ധി ഘട്ടങ്ങളോ ആരോഗ്യ വെല്ലുവിളികളോ നേരിടേണ്ടി വന്നേക്കാം.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.