നക്ഷത്രഫലം: 2026 ജൂലൈ 11, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ധനവിനിമയങ്ങളിൽ തികഞ്ഞ സൂക്ഷ്മത അനിവാര്യമാണ്; അല്ലാത്തപക്ഷം വഞ്ചനകളിൽ അകപ്പെടാൻ യോഗം കാണുന്നു. ദഹനസംബന്ധമായ വ്യാധികൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആഹാരകാര്യങ്ങളിൽ പഥ്യം പാലിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ആനന്ദിക്കാനും സാധിക്കും. മിഷ്ടാന്ന ഭോജനവും കർമ്മരംഗത്ത് സ്ഥാനക്കയറ്റവും ഗൃഹസൗഖ്യവും പൂർണ്ണമായി അനുഭവത്തിൽ വരും. സർവ്വത്ര ശുഭഫലങ്ങൾ സിദ്ധിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ബുധയോഗം അനുകൂലമായവർക്ക് മികച്ച ഫലപ്രാപ്തി. ബുദ്ധിപരമായ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിച്ചില്ലെങ്കിൽ നിദ്രാഭംഗവും സ്മൃതിനാശവും വിദ്യാർത്ഥികളെ അലട്ടും. ധനാഗമനത്തേക്കാൾ വ്യയം വർദ്ധിക്കുന്ന സമയമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ബന്ധുജന സമേതം മംഗളകർമ്മങ്ങളിൽ പങ്കുചേരാൻ അവസരമൊരുങ്ങും. ദമ്പതികൾക്ക് ഏകമനസ്സോടെ വസിക്കാൻ തക്കവണ്ണം അനുകൂലമായ ഉദ്യോഗമാറ്റം വലിയ ആശ്വാസമേകും. രാജകീയ ആനുകൂല്യങ്ങളും ആകസ്മിക ഭാഗ്യങ്ങളും സിദ്ധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സർക്കാർ ഉദ്യോഗത്തിനായി യത്നിക്കുന്നവർക്ക് അനുകൂലമായ നിയമന ഉത്തരവുകൾ ലഭിക്കും. ഭരണകൂട ആനുകൂല്യങ്ങൾ പൂർണ്ണമായി നേടിയെടുക്കാം. വാണിജ്യ രംഗത്ത് വിപുലീകരണവും വ്യവഹാരങ്ങളിൽ സമ്പൂർണ്ണ വിജയവും ഫലം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വൈദേശിക വ്യാപാര-കർമ്മ രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അർത്ഥലാഭം സിദ്ധിക്കും. എങ്കിലും സജ്ജന സമ്പർക്കത്തിൽ, പ്രത്യേകിച്ച് സ്ത്രീജനങ്ങളുമായുള്ള ആശയവിനിമയത്തിൽ കർശനമായ അതിരുകൾ പാലിച്ചില്ലെങ്കിൽ അപവാദങ്ങൾക്കും മാനസിക ക്ലേശങ്ങൾക്കും യോഗം കാണുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ശനി സ്വാധീനം വാത-കഫ രോഗങ്ങൾ വർദ്ധിപ്പിക്കുമെന്നതിനാൽ ശീതള പാനീയങ്ങൾ വർജ്ജിക്കുക. ബാങ്ക് വായ്പാ സംബന്ധമായ വ്യവഹാരങ്ങളിൽ നിയമനടപടികൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക രേഖകളിൽ തികഞ്ഞ സുതാര്യത പുലർത്തേണ്ടതാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നറുക്കെടുപ്പുകളിലൂടെയും ഭാഗ്യപരീക്ഷണങ്ങളിലൂടെയും അപ്രതീക്ഷിത ധനാഗമനം ഫലം. കർമ്മവിജയവും ഉന്നത പദവികളും രാജകീയ ബഹുമതികളും കീർത്തിയും പൂർണ്ണമായി നേടിയെടുക്കാൻ സാധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ശത്രുക്ഷയം സംഭവിച്ച് പഴയകാല മിത്രങ്ങളുമായി ഒന്നിക്കാൻ യോഗം. ബന്ധുജനങ്ങളിൽ നിന്നും പൂർണ്ണമായ പിന്തുണയും സഹായവും സിദ്ധിക്കും. സമൂഹത്തിൽ യശസ്സും വലിയ ധനലാഭവും കൈവരും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

സന്താനങ്ങളുടെ പ്രവൃത്തികൾ മനഃക്ലേശത്തിന് വഴിയൊരുക്കും. ശനി ഭഗവാന്റെ സ്വഭാവമായ ക്ഷമയും സംയമനവും ശീലിക്കുന്നത് ഗൃഹഛിദ്രം ഒഴിവാക്കാൻ സഹായിക്കും. ശത്രുക്കളിൽ നിന്നുള്ള ഭയം അലട്ടാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഉദരവ്യാധികൾക്കും ശാരീരിക-മാനസിക പീഡകൾക്കും സാധ്യതയുള്ളതിനാൽ ആഹാരനിയന്ത്രണം അനിവാര്യം. ബന്ധുജനങ്ങളിൽ നിന്നും വഞ്ചനയോ തിക്താനുഭവങ്ങളോ നേരിടേണ്ടി വരാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

മാനസിക സന്തോഷം നൽകുന്ന അത്യുത്തമ ഫലങ്ങൾ പ്രകടമാകും. വ്യാപാര-വ്യവഹാര വിജയവും ധനലാഭവും ഉന്നത പദവികളും ഫലം. പഴയകാല സഖാക്കളുമായുള്ള സമാഗമം മനസ്സിന് കുളിർമയേകും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.