മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കർമ്മവിഘ്നങ്ങളും കാലതാമസങ്ങളും ഒഴിവാക്കാൻ ഗണപതി ഭജനം ഗുണം ചെയ്യും. ധനമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണം. വികാര നിയന്ത്രണവും ശാന്തതയും പാലിക്കുന്നത് ശാരീരിക സുഖത്തിന് അത്യന്താപേക്ഷിതമാകുന്നു.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശുക്രബലത്താൽ ഗൃഹത്തിൽ ശാന്തിയും ആനന്ദവും കളിയാടും. കൂട്ടുകച്ചവടത്തിൽ ലക്ഷ്മീകടാക്ഷവും വർദ്ധിച്ച ധനലാഭവും ഉണ്ടാകും. സന്മിത്രങ്ങളുടെയും സഹപ്രവർത്തകരുടെയും സഹായത്താൽ യാത്രാവിജയവും കാര്യസിദ്ധിയും കൈവരും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ശത്രുദോഷങ്ങളെയും പ്രതിസന്ധികളെയും വിവേകത്തോടെ പരാജയപ്പെടുത്തും. തൊഴിൽ സ്ഥാനത്ത് പുതിയ യോഗങ്ങൾ തെളിയും. പൂർവ്വബാധ്യതകൾ തീർക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും ഗ്രഹാനുകൂല്യം തുണയ്ക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സന്താനങ്ങളുടെ വിദ്യാവിജയത്തിനായി ശ്രദ്ധയും പ്രാർത്ഥനയും ആവശ്യമാണ്. മനസ്സിനെ അനാവശ്യ ഭയങ്ങളിൽ നിന്നും മുക്തമാക്കുക. സർഗ്ഗാത്മക കർമ്മങ്ങളിലും സാമ്പത്തിക ആസൂത്രണങ്ങളിലും ഈശ്വരാധീനം ഫലപ്രാപ്തി നൽകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഗൃഹ-വാഹന കാര്യങ്ങളിൽ ധനവ്യയം കാണുന്നു. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമ പുലർത്തുന്നത് ഗ്രഹശാന്തിക്ക് ഉത്തമം. കഠിനാധ്വാനത്തിന് തക്കതായ മിത്രസഹായവും സമാധാനവും വന്നുചേരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ധൈര്യസ്ഥാനം ബലപ്പെട്ടു നിൽക്കുന്നതിനാൽ പുതിയ സംരംഭങ്ങൾ വിജയിക്കും. സഹോദരജനങ്ങളുടെയും വിശ്വസ്ത മിത്രങ്ങളുടെയും സഹായം ലഭിക്കും. ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനങ്ങൾ സർവ്വകാര്യ പുരോഗതി നൽകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ധനസ്ഥാനത്ത് പുതിയ വരവുകൾ ഉണ്ടാകും. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് ബന്ധങ്ങളിലെ ഐക്യം കാത്തുസൂക്ഷിക്കും. കുടുംബസൗഖ്യവും പുതിയ വാണിജ്യ ചിന്തകളും പുഷ്ടിപ്പെടും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ലഗ്നത്തിൽ ചെറിയ മന്ദത അനുഭവപ്പെടാമെങ്കിലും ആത്മനിയന്ത്രണം കാര്യവിജയം നൽകും. സമയനിഷ്ഠയോടെയുള്ള ആഹാരരീതികൾ പാലിക്കുക. പുതിയ തൊഴിൽ ശ്രമങ്ങളിൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വ്യയസ്ഥാനത്ത് അനാവശ്യ ചെലവുകൾ വരാതെ ശ്രദ്ധിക്കണം. ദൂരയാത്രകളിൽ ആരോഗ്യ ജാഗ്രത വേണം. ഗുരുജനങ്ങളുടെ അനുഗ്രഹം വാങ്ങുന്നതും പ്രാർത്ഥനകൾ നടത്തുന്നതും ഐശ്വര്യം പ്രധാനം ചെയ്യും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ലാഭസ്ഥാനത്ത് ഗ്രഹങ്ങൾ അനുകൂലമായി നിലകൊള്ളുന്നതിനാൽ സാമ്പത്തിക വർദ്ധനവ് ഉണ്ടാകും. സന്മിത്രങ്ങൾ വഴി അഭീഷ്ടസിദ്ധി കൈവരും. അധികാര സ്ഥാനങ്ങളിലുള്ളവരുടെ അനുഗ്രഹവും കുടുംബത്തിൽ ശുഭവാർത്തകളും എത്തും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കർമ്മസ്ഥാനത്ത് അധികാര ലബ്ധിക്കും സ്ഥാനക്കയറ്റത്തിനും ശക്തമായ യോഗമുണ്ട്. പൊതുജന സമ്മതിയും പ്രശസ്തിയും വർദ്ധിക്കും. അപ്രതീക്ഷിത ധനാഗമത്താൽ കുടുംബത്തിൽ സമൃദ്ധി അനുഭവപ്പെടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഭാഗ്യസ്ഥാനം ഉണർന്നു പ്രവർത്തിക്കുന്നതിനാൽ സർവ്വകാര്യങ്ങളും സുഗമമായി നടപ്പിലാകും. പിതൃജനങ്ങളുടെ സഹായത്താൽ ധന്യത കൈവരും. പുണ്യക്ഷേത്ര ദർശനത്തിനും സഫലമായ യാത്രകൾക്കും യോഗമുണ്ട്.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.